ഭൂമിയിലെ ഒരു മിന്നാമിനുങ്ങായി ജനിക്കാൻ ദൈവത്തോട് ഒരിക്കൽ താര രാജകുമാരൻ അനുവാദം ചോദിച്ചു. വെറും ഒരു ദിവസം മാത്രം അല്പായുസുള്ള നിശാഗന്ധിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം.
യഥാർത്ഥത്തിൽ സ്വർഗീയ മഹോന്നതങ്ങളിലാണ് താരകുമാരൻ വസിക്കുന്നത്. പക്ഷേ അല്പായുസ് മാത്രമുള്ള നിശാഗന്ധിയോ? ചപ്പുചവറുകൾ നിറഞ്ഞ പാതയോരത്തും! എങ്കിലും നിശാഗന്ധിയോടൊപ്പമുള്ള അല്പകാലത്തെ ജീവിതത്തിനുവേണ്ടി സകല മഹത്വവും വെടിഞ്ഞ് ഭൂമിയിലെ ഒരാളെപ്പോലെ താരരാജകുമാരൻ പിറന്നുവീഴാൻ തയ്യാറായി.
രാത്രിയിൽ മാത്രം വിരിയുന്ന പുഷ്പമാണ് നിശാഗന്ധി. രാത്രിയെയും ഇരുളിനെയും സുഗന്ധ പൂരിതമാക്കുന്ന ദൈവികസൃഷ്ടിയാണത്. പകൽമാന്യന്മാരുടെ പ്രീതിയോ അഭിനന്ദനമോ ഒരിക്കലും അവൾ ആഗ്രഹിക്കുന്നില്ല.
സൃഷ്ടാവ് രാത്രിയിൽ പൂത്തു വിരിയാൻ, സുഗന്ധം പരത്താൻ അതിനോട് പറഞ്ഞു. അത് അപ്പാടെ അനുസരിക്കുന്നുവെന്ന് മാത്രം. ഭൂമിയിലുള്ള മറ്റാരും അത് കാണുന്നില്ലെങ്കിലും എല്ലാം കാണുന്ന ഒരു സൃഷ്ടിതാവ് ഉയരത്തിലുണ്ടെന്നു നിശാഗന്ധി വിശ്വസിക്കുന്നു. എന്താണ് തന്റെ സൃഷ്ടിയുടെ ലക്ഷ്യമെന്ന് അത് തിരിച്ചറിയുന്നു; അല്പായുസ്സിൽ അവളതു നിവൃത്തിക്കുന്നു. തന്റെ സമർപ്പണം കാണുന്ന സൃഷ്ടാവ് ദൂരസ്ഥലങ്ങളിലെക്ക് കാറ്റിനെ ദൂതനായി അയക്കുന്നു; അതിന്റെ സുഗന്ധം പരത്തുന്നു.
ഒരിക്കലും നിശാഗന്ധിക്ക് സ്വയം നടന്നുപോയി സുഗന്ധം പരത്താനാവില്ല. പക്ഷെ നിൽക്കുന്ന സ്ഥലത്തിരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം ആ സൃഷ്ടി വളരെ മനോഹരമായി ചെയ്യുന്നു.
അടുത്ത ദിവസം താൻ നിലനിൽക്കുമോ എന്നു പോലും അതു ചിന്തിക്കുന്നില്ല; പകരം ജീവനോടിരിക്കുമ്പോൾ സൃഷ്ടാവിന് തന്നെക്കുറിച്ചുള്ള ലക്ഷ്യം മനസിലാക്കി ഉത്തരവാദിത്വം നിറവേറ്റുകയാണത്. പരിമിതികളുടെ അതിർവരമ്പുകൾ അവൾ ആഗ്രഹത്താൽ മുറിച്ചു കടക്കുന്നു. ഇതുവരെ മതിയെന്ന് സൃഷ്ടാവും അവളോട് പറയുന്നില്ല. കാരണം സൃഷ്ടിയുടെ പരിശുദ്ധമായ ആഗ്രഹത്തിന് മുമ്പിൽ പ്രത്യാശയുടെ പച്ചക്കൊടി വീശുകയാണ് പ്രപഞ്ച നാഥൻ!
ഇന്ന് നിശാഗന്ധി ഭൂമിയിൽ രാത്രിയിൽ വിരിഞ്ഞു സുഗന്ധം പരത്താൻ നിയോഗിക്കപ്പെട്ട പുഷ്പമാണ്. പക്ഷേ വേല തികയ്ക്കുമ്പോൾ രാത്രിയില്ലാത്ത രാജ്യത്ത് മരണമില്ലാതെ നിത്യമായി പുഷ്പിച്ചു നിൽക്കുന്ന ഷാരോണിലെ പനിനീർ പുഷ്പമായി രൂപാന്തരം പ്രാപിക്കുമെന്ന് അതറിയുന്നു. ഭൂമിയിൽ മിന്നാമിനുങ്ങായി തന്നെ തേടിവന്ന് പ്രണയിച്ച രാജകുമാരനു വേണ്ടി അന്നത് സുഗന്ധം പൊഴിക്കും. എന്നെന്നും അവനോടൊപ്പം ! അവനായി മാത്രം..!
ഇന്ന് നിശാഗന്ധിയുടെ നൈമിഷിക യൗവനത്തെ കവർന്നെടുക്കാൻ ശ്രമിക്കുന്ന ഗന്ധർവന്മാരാണെങ്ങും ! അവയുടെ മോഹന വാഗ്ദാനങ്ങൾ എല്ലാം നിഷേധിച്ചും എതിർത്തും മുന്നോട്ട് പോകുന്നത് നിശാഗന്ധി അരുമ കാന്തനുവേണ്ടിയാണ്. അഗ്നിമയ രഥങ്ങളിൽ ദൂതസഞ്ചയങ്ങളായി തന്നെ സ്വീകരിക്കാൻ വരുന്ന അരുമ മണവാളനുവേണ്ടി അവൾ ഈ രാത്രിയിൽ വിവാഹ വസ്ത്രവും ധരിച്ചു കാത്തിരിക്കുകയാണ്. കറയും ചുളുക്കവും മാലിന്യവും ഏൽക്കാതെ അവനായി പുലരുവോളം!
ഈ രാത്രിയിൽ പ്രിയൻ വരാൻ വൈകിയാലും സ്വയം മാലിന്യമാകില്ലെന്ന് അവൾ പറയുന്നു! സൂര്യന്റെ കൊടും ചൂടിൽ വാടിത്തളർന്ന് ഓരോ ഇതളും അവയവങ്ങളും ഭൂമിയിൽ പതിച്ചാലും പ്രിയനായി മാത്രം അവൾ കാത്തിരിക്കും. അതുകൊണ്ട് ഇപ്പോൾ കേൾക്കുക:
“ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അതു എന്നെയും കേൾപ്പിക്കേണമേ” (ഉത്ത. 8:13).