
സകലവും ഉളവാകട്ടെ എന്ന ഒറ്റവാക്കിൽ പ്രപഞ്ചോൽപത്തിയും സൃഷ്ടിപ്പും പൂർത്തിയാക്കിയ ദൈവത്തിന്റെ ശബ്ദം പിന്നീട് പലപ്പോഴായി മാനവചരിത്രത്തിൽ മുഴങ്ങി കേട്ടിട്ടുണ്ട്.
ആദാമേ, നീ എവിടെ – എന്നുള്ള ദൈവശബ്ദം ശ്രവിച്ച ആദിമനുഷ്യൻ തന്റെ സൃഷ്ടാവിൽ നിന്നും ഓടി ഒളിക്കുകയാണ്. അതിൽ നിന്നും ഓടിയകന്ന മനുഷ്യനെ തള്ളികളയാതെ മഹാകാരുണ്യവാനായ പരമ പിതാവ് അവനെ വീണ്ടെടുക്കുവാനുള്ള സ്വർഗ്ഗീയ പദ്ധതി തിരുഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ഓരോ തലമുറയിലെയും മനുഷ്യനോട് സംസാരിച്ചുകൊണ്ടിരുന്നു.
ജീവരക്ഷക്കായി പെട്ടകം തീർക്കാൻ നോഹയോട് കല്പിച്ച അതേ ദൈവശബ്ദം തന്നെയാണ് കൽദയ ദേശത്തുനിന്നും അബ്രഹാമിനെ വിളിച്ചിറക്കിയതും സ്നേഹിതനെപ്പോലെ മുഖാമുഖമായി സംസാരിച്ചതും. പാപത്തിൽ നിന്നും അകന്ന് പരമപിതാവിന്റെ പാദാരബിന്ദങ്ങളിൽ താണിരുന്ന് ദൈവ ഹിതത്തിന് അനുസൃതമായി പാദങ്ങൾ ചലിപ്പിച്ച പഴയനിയമ ഭക്തന്മാർ പലപ്പോഴായി ദൈവശബ്‍ദം ശ്രവിച്ചവർ ആയിരുന്നു.
ഭൂമിയിൽ ദൈവശബ്‍ദം ശ്രവിക്കാതിരുന്ന നാലുനൂറ്റാണ്ടിനു അന്ത്യംകുറിച്ചുകൊണ്ട് ഭൂമിയിൽ മുഴങ്ങിയ ദൈവശബ്‍ദം ആയിരുന്നു പുരോഹിതനായ സെഖര്യാവ് ആലയത്തിൽ കേട്ടത്.ലോകരക്ഷിതാവായ ക്രിസ്തുവിന് വഴി ഒരുക്കേണ്ടതിനു മരുഭൂമിയിലെ ശബ്ദമായ യോഹന്നാന്റെ ജനനം സ്വർഗം വിളംബരം ചെയ്ത ശബ്ദമായിരുന്നു. ആറുമാസങ്ങൾക്കു ശേഷം സ്വർഗ്ഗത്തിൽ നിന്നും വീണ്ടും വിളംബരമുണ്ടായി. രക്ഷിതാവിന്റ ജനനം. മരുഭൂമിയിൽ മുഴങ്ങിയ ശബ്ദം നിലച്ചപ്പോൾ ലോകരക്ഷിതാവിന്റെ ശബ്ദം യെരുശലേമിന്റെ വീഥികളിൽ മുഴങ്ങി.
ക്രിസ്തുവിന്റെ ശബ്ദം ഭൂമിയുടെ കേന്ദ്രസ്ഥാനത്തെ ഇളക്കി. പ്രതികൂല സാഹചര്യത്തിലും മുഴങ്ങികേട്ട ദൈവശബ്ദം പിന്നീടങ്ങോട്ട് ലോക ചരിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും പ്രതീക്ഷ നഷ്ടപ്പെട്ട മാനവകുലത്തിനു പ്രത്യാശയുടെ പുതുപുലരി വിഭാവനം ചെയ്യുന്നതുമായ സന്തോഷകരമായ കാഴ്ചയാണ് ലോകം ദർശിച്ചുപോരുന്നത്.
ദൈവശബ്ദം കേൾക്കാൻ നമുക്കാവശ്യം ആത്മീയ കാതുകളും ക്രിസ്തുവിന്റെ മനസ്സുമാണ്. പൗരോഹിത്യപദവിയിൽ ആശ്രയിച്ചു അഹങ്കരിക്കുന്നവർക്ക് അന്യമായ ദൈവശബ്ദം പെട്ടകത്തോട് അടുത്ത് കിടക്കുന്നവനോട് ഇടപെട്ടു. ആണ്ടുതോറും നടത്തപ്പെടുന്ന പൊതുമീറ്റിങ്ങുകളിൽ കേൾക്കാൻ കഴിയാത്ത ദൈവശബ്ദം ദൈവം അനുവദിച്ചു നൽകിയ കെരീത്തിലും സിംഹക്കുഴിയിലും മരുഭൂമിയിലും ആയിരിക്കുന്ന ലോകം അറിയാത്ത ഭക്തന്മാർ ഇന്നും കേൾക്കുന്നുണ്ട്.
നിശബ്ദരാകുക! ശബ്ദമുഖരിതമായ ഈ ലോകത്തിൽ നിന്നും അകന്ന് നിൽക്കുക!ദൈവശബ്ദത്തിനായി കാത്തിരിക്കുന്ന ഒരുകൂട്ടം ഭക്തശിരോമണികൾക്കൊപ്പം നമുക്കും ഇങ്ങനെ പ്രാർത്ഥിക്കാം. ‘കർത്താവെ, അരുളിചെയ്യേണമേ, അടിയൻ കേൾക്കുന്നു!