Ultimate magazine theme for WordPress.

യെഹൂദരുമായി ബന്ധമില്ലാത്ത യഹോവയുടെ സാക്ഷികൾ

പാസ്റ്റർ സണ്ണി പി. സാമുവൽ

 

ക്രിസ്തീയസഭകളിലെ ഒരു അവാന്തരവിഭാഗം ആയിട്ടാണു അറിയപ്പെടുന്നതെങ്കിലും “യഹോവയുടെ സാക്ഷികൾ” മുഖ്യധാരാ ക്രൈസ്തവരിൽ നിന്നു തികച്ചും വ്യത്യസ്തരാണ്. ഇവർ ഒരു പ്രത്യേക മതവിഭാഗമാണു എന്നു പറയുന്നതാകും കൂടുതൽ ഉചിതം. ത്രീയേകദൈവവിശ്വാസം ഇല്ല എന്നു മാത്രമല്ല നിഷേധിക്കുന്നു എന്നതാണു ഇവരെ മുഖ്യധാരാസഭകളിൽ നിന്നു അകറ്റിനിറുത്തുന്ന അടിസ്ഥാനവിഷയം.”അതുകൊണ്ടു നിങ്ങൾ എൻ്റെ (യഹോവയുടെ) സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ തന്നെ ദൈവം” (യെശയ്യാവ്: 43:12;44:8) എന്നീ വാക്യങ്ങളെ ആധാരമാക്കിയാണു അവർ പ്രസ്ഥാനത്തിനു ആ പേരു നല്കിയത്.

പുതിയനിയമത്തിലും “ഞങ്ങൾ/നിങ്ങൾ എല്ലാവരും അതിനു സാക്ഷികൾ” എന്നു പറയുന്നുണ്ടല്ലോ അ.പ്ര:2:32;3:15;5:32). “യഹോവ” എന്ന സംജ്ഞ അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും അവർക്കു യെഹൂദനുമായോ യിസ്രായേലുമായോ യാതൊരു വംശീയബന്ധവുമില്ല; എന്നുമാത്രമല്ല, അവരുടെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസപ്രമാണങ്ങൾ എന്നിവയുമായി യോജിക്കുന്നുമില്ല. യെഹൂദനെ മാത്രം -യിസ്രായേലിനെ- ദൈവത്തിൻ്റെ സ്വന്തം ജനമായി അംഗീകരിക്കാൻ സാദ്ധ്യമല്ലെന്നും ഇവർ വിശ്വസിക്കുന്നു. ഇവർ ആഡംബരമോ ആഘോഷങ്ങളോ ഇല്ലാതെ ലളിത ജീവിതം നയിക്കുന്നവരാണ്. ഇവരുടെ സഭയുടെ പുറത്തുള്ള “ബാഹ്യലോകം” സാത്താൻ്റെ പിടിയിലാണെന്നു ഇവർ വിശ്വസിക്കുന്നു.

യഹോവയുടെ സാക്ഷികൾ ഒരു കൾട്ടുഗ്രൂപ്പാണെന്നു ആദ്യമേ ഓർപ്പിക്കട്ടെ. “വീക്ഷാഗോപുരത്തടവറയിൽ” എന്നതലക്കെട്ടിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടു പ്രചുരപ്രചാരം നേടിയ പുസ്തകം വായിച്ചാൽ അതു മനസ്സിലാകും. വീക്ഷാഗോപുരം എന്നതു അവരുടെ മാസിക ആണെങ്കിലും പ്രസ്ഥാനത്തെ പൊതുവിൽ അങ്ങനെ വിളിക്കാറുണ്ട്. അതു ദുരുപദേശങ്ങളുടെയും അബദ്ധോപദേശങ്ങളുടെയും ഒരു നീരാളിയാണ്. പിടിച്ചാൽ വരിഞ്ഞുമുറുക്കിക്കളയും. ഇവരുടെ ട്രാക്റ്റുകളും സാഹിത്യരചനകളും വിഷലിപ്തമാണ്. ക്രിസ്തീയസഭകൾ പൊതുവായി അംഗീകരിച്ചിട്ടുള്ള ബൈബിൾ വിവർത്തനങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ത്രീയേകത്വത്തെയും യേശുവിൻ്റെ ദൈവത്വത്തെയും പ്രതിപാദിക്കുന്ന ഭാഗങ്ങൾ വെട്ടിക്കളഞ്ഞു, “ന്യൂ വേൾഡ് ട്രാൻസ്ലേഷൻ” എന്ന പേരിൽ തയ്യാറാക്കിയ ബൈബിളും അതിൻ്റെ വിവർത്തനങ്ങളും മാത്രമേ ആഗോളതലത്തിൽ ഉപയോഗിക്കൂ.

1870-ൽ ചാൾസ് റസ്സൽ എന്ന ബൈബിൾ പഠിതാവിൻ്റെ നേതൃത്വത്തിൽ അമേരിക്കയിലെ പെനിസിൽവാനിയയിൽ തുടങ്ങിയ ബൈബിൾ പഠനസംഘം 1876-ൽ “ബൈബിൾ വിദ്യാർത്ഥികൾ” എന്ന സംഘടന രൂപീകരിച്ചു. 1881-ൽ “സീയോനിന്റെ വാച്ച്ടവർ സൊസൈറ്റി” എന്ന രജിസ്റ്റ്രേഡ് കോർപ്പറേഷൻ ആരംഭിച്ചു. 1931-ൽ ഓഹായോയിൽ നടന്ന സമ്മേളനത്തിൽ “യഹോവയുടെ സാക്ഷികൾ” എന്ന പേരു സ്വീകരിച്ചു. ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ആണു ആസ്ഥാനം. ശമ്പളം പറ്റാത്ത മൂപ്പന്മാരാണു (പയനിയേഴ്സ്) ഓരോസ്ഥലത്തും സഭകൾ നയിക്കുന്നത്. 1911-ൽ റസ്സൽ തിരുവനന്തപുരത്തു വന്ന സ്ഥലമാണ് റസ്സൽപുരം എന്നറിയപ്പെടുന്നത്.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനഃസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകിച്ചു നിർബ്ബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യൻ സുപ്രീം കോടതിയിൽ 1986 -ൽ ദേശീയഗാനാലാപനത്തോടു ബന്ധപ്പെട്ടു ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. പുകവലി, അടയ്ക്ക-വെറ്റില-പുകയില ചവക്കൽ, മയക്കുമരുന്നിന്റെ ഉപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല. യഹോവയുടെ സാക്ഷികൾ വൈദ്യചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. കാരണം ജീവൻ രക്തത്തിലാണ്. അതിനാൽ രക്തം സ്വീകരിക്കുക എന്നുപറഞ്ഞാൽ മറ്റൊരാളിൽ നിന്നു അവൻ്റെ ജിവൻ സ്വീകരിക്കുക എന്നാണ്. ഇതു അനുവദനീയമല്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രീയയും സ്വീകരിക്കും. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണു വിളിക്കുന്നത്‌. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ “യഹോവ” എന്ന നാമത്തിനു പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തിയുള്ള ഏകദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്തരാജാവായും പഠിപ്പിക്കുന്നു. ഈ “ലോകവ്യവസ്ഥിതിയെ” ഹർമ്മഗദ്ദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്നു മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു ശാശ്വതപരിഹാരമായി ഭൂമിയിൽ യേശു രാജാവായി ദൈവരാജ്യം സ്ഥാപിക്കും എന്നുള്ളതാണു ഇവരുടെ വിശ്വാസത്തിൻ്റെ കേന്ദ്രവിഷയം.
ക്രിസ്തുമസ്, ഈസ്റ്റർ എന്നിവ ആചരിക്കാത്ത ഇവർ യെഹൂദാ കലൻഡറിൻപ്രകാരം ആബീബുമാസം 14-ാം തീയതി യേശുവിൻ്റെ മരണദിവസമായി അനുസ്മരിക്കാറുണ്ട്.

ഇപ്പോൾ കളമശ്ശരി സംഭവത്തോടെ ഇവർ ലോകശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. ഇവർ യെഹൂദരുടെ വിശ്വാസപ്രമാണം അംഗീകരിക്കുന്നവരാണെന്നു ഇൻഡ്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ ഒരു വക്താവു പറഞ്ഞതിലൂടെയും, ഇപ്പോൾ നടന്നുവരുന്ന യിസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലും, യഹോവയുടെ സാക്ഷികൾ പുതിയ രാഷ്ട്രീയമാനത്തിലേക്കു പ്രവേശിക്കുകയാണ്.

Leave A Reply

Your email address will not be published.