സങ്കീർത്തനം 42: 4 മുതൽ 6 വരെ
മനുഷ്യജീവിതം ത്രികാലബന്ധമുള്ളതാണല്ലോ.ദൈവത്തെ ആരാധിക്കാൻ ബഹുസഹസ്രം പേരോടുകൂടി ദൈവാലയത്തിൽ പോയ തന്റെ ഭൂതകാലത്തെ ഭക്തൻ ഉള്ളത്തിൽ ഓർക്കുകയാണ്. അതൊരു വാക്കുകളോ ബാഹ്യപ്രകടനങ്ങളോ ഇല്ലാതെ ദൈവത്തോടുള്ള പ്രാർത്ഥനയാണെന്നും മനസ്സിലാക്കാം.
സങ്കീർത്തനക്കാരൻ സ്വയം സംസാരിക്കുന്നതും, ആവർത്തിക്കുന്നതുമായ വാക്കുകളാണ് ഇനി ഉടനീളം കാണുക. നാമും നമ്മോടു തന്നെ സംസാരിച്ച എത്രയോ സന്ദർഭങ്ങൾ ! ഒറ്റപ്പെട്ടുപോയി എന്ന മനോഭാരം അനവധി ചോദ്യങ്ങൾക്കു കാരണമാകുന്നു. അതൊരു സാധാരണ മനുഷ്യനെ തളർത്തികളയാനാണ് ഏറെയും സാധ്യത. എന്നാൽ ഒരു ദൈവപൈതലിനു പ്രത്യാശക്കു വകയുണ്ട്. ആത്മാവ് വിഷാദത്തിന്റെ അടിത്തട്ടിൽ ആണ്ടുപോയാലും ദൈവാത്മാവ് പ്രത്യാശനൽകി രക്ഷിക്കും. പിന്നെ അടങ്ങിയിരിക്കുവാൻ കഴികയില്ല.പിന്നെ ആവർത്തിക്കുന്നത് വിഷാദങ്ങളെ കുറിച്ചായിരിക്കില്ല പകരം സ്തുതികളായിരിക്കും.
മനുഷ്യജീവിതത്തിൽ ഓർമ്മകൾക്കു വലിയ പ്രാധാന്യം ഉണ്ട്. ചില ഭൂതകാലത്തിലെ നല്ല ഓർമ്മകൾ വർത്തമാനകാലവുമായി താരതമ്യംചെയ്യുമ്പോൾ നഷ്ടബോധം, വേദനകൾ, സന്തോഷം, തുടർ ആവേശം എന്നിവ ജനിപ്പിക്കാം. ഇവിടെ സങ്കീർത്തനക്കാരൻ ദൈവവുമായി കൃത്യമായ ഇടപെടലുകൾ, സഹവാസം ഉണ്ടായ സ്ഥലങ്ങൾ ഓർക്കുകയാണ്.
• കരകവിഞ്ഞൊഴുകുന്ന യോർദ്ധാൻ അക്കരെ പോകുന്നതിനു തടസ്സമാണ് അതിനെ ഉണക്കി മറുകരെ എത്തിക്കുന്ന ദൈവം.
• ശത്രുക്കളായ ബാശാൻ രാജാവായ ഓഗും അമോര്യ രാജാവായ സീഹോനും തോൽപ്പിക്കപ്പെട്ടത് ഹെർമോന്യ പർവ്വതത്തിൽ വെച്ചാണ് (യോശു 12:1-4)
• ഭൂമിശാസ്ത്രപരമായി ന്യായപ്രമാണം ദൈവം നൽകിയ സീനായി പർവ്വതത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ചെറിയ മലയാണ് മിസാർ മല.
ദൈവം നമ്മെ സന്ദർശിച്ച ഇടങ്ങൾ ഓർത്തെടുത്താൽ ഇപ്പോൾ നാം ആയിരിക്കുന്ന സ്ഥലത്തു ,സ്ഥാനത്തു സന്തോഷവരാണോ? നാം പറയാറില്ലേ വന്നവഴികൾ മറക്കരുത്. ദൈവം നടത്തിയ വഴികൾ, കരുതിയ കരുതലുകൾ എത്ര വിഷാദങ്ങൾ ഉള്ളത്തെ ഞരക്കങ്ങൾകൊണ്ടു ഞെരുക്കിയാലും മറുപടി ഇല്ലാത്തപോലെ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടാലും തളരരുത്. പ്രത്യാശയെ വർധിപ്പിക്കുന്ന നമ്മുടെ പ്രത്യാശപുരുഷനായ ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കണം. അവിടന്നു നമ്മുടെ രക്ഷകനാണ്.
(തുടരും…..)

Comments are closed.