Ultimate magazine theme for WordPress.

താങ്കൾ ഇന്ത്യയിൽ നിന്നുള്ള വൈദികനാണോ ?

റവ. ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)

ആസ്‌ട്രേലിയയിൽ തണുപ്പ് തുടങ്ങി. സുഖമുള്ള തണുപ്പ് ആസ്വദിച്ചുകൊണ്ട് കമ്പിളിവസ്ത്രവും ധരിച്ച് മുടി വെട്ടിക്കാൻ ഞാനൊരു ബാർബർഷോപ്പിൽ കയറി. ഇവിടെ ബാർബർഷോപ്പ് എന്നല്ല, ‘മെൻസ് ബ്യൂട്ടി പാർലർ’ (Men’s Beauty Parlour) എന്നാണ് പറയുക.

മുടി വെട്ടിയത് സുമുഖനായ ഒരു അർമീനിയൻ ക്രിസ്ത്യൻ യുവാവാണ്. പേര് മാർക്ക്‌ സ്റ്റെഫാൻ. (എന്റെ പേരക്കുട്ടിയുടെ പേരും മാർക്ക് ഇമ്മാനുവൽ ജോർജ് എന്നാണ്). മാർക്ക്‌ സ്റ്റെഫാൻ ഒരു എഞ്ചിനിയറാണ്. ജോലി തേടി ഇവിടെ വന്നതാണ്. പല ജോലികൾക്കൊപ്പം ഇവിടെയും ജോലി ചെയ്യുന്നു. ചെയ്യുന്ന ജോലി അങ്ങേയറ്റം സന്തോഷത്തോടെ ചെയ്യുന്നതിൽ പുള്ളിക്ക് അഭിമാനമേ ഉള്ളൂ.

എന്റെ രൂപം കണ്ടിട്ടാവാം ‘താങ്കൾ ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികനാണോ ?’ എന്നു പുള്ളി തിരക്കി. ‘ആയിരുന്നു, ഇപ്പോൾ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു’ എന്നു ഞാൻ പറഞ്ഞു. ‘രൂപം കണ്ടപ്പോൾ തോന്നി, അതുകൊണ്ട് ചോദിച്ചതാണ്’ എന്ന് യുവാവ് എന്നോട് പറഞ്ഞു.

ഞാൻ വൈദികനായിരുന്നപ്പോൾ റഷ്യൻ ഓർത്തഡോക്സ് സഭയിലെ പല വൈദികരും എന്റെ സുഹൃത്ഗണത്തിൽ ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ ഉയിർപ്പ് ഏറെ സന്തോഷത്തോടെയാണ് അവർ അഘോഷിക്കുന്നത്. റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിന്റെ മകൾ പിന്നീട് ക്രിസ്ത്യാനിയായി എന്നു ഞാൻ വായിച്ചിട്ടുണ്ട്.

പൂർണ്ണമായും സത്യമാണോ എന്നറിയില്ല. അവരുടെ ഒരു ഡയറിക്കുറിപ്പ് പണ്ട് വായിച്ചത് ഓർക്കുന്നു. അതിലെ ഒരു വാചകം ഇങ്ങനെ : ‘മഹാദൈവമായ യേശുക്രിസ്തു മരണത്തെ തോൽപിച്ച് ഉയിർത്തെഴുന്നേറ്റു എന്ന ശബ്ദം റഷ്യൻ ദേവാലയങ്ങളിലെ ആരാധനയിൽ മുഴങ്ങുമ്പോൾ അവിടുത്തെ നിരീശ്വരഭരണകൂടം ഞെട്ടി വിറക്കുന്നു.’

ബാർബർജോലി ചെയ്യുന്നവർ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരുപോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. (അമേരിക്കയിൽ വച്ച് എന്റെ മുടി വെട്ടിയതും ഒരു റഷ്യൻ ക്രിസ്തീയ യുവാവായിരുന്നു.) അപരിചിതരോടും അവർ പെട്ടെന്ന് അടുക്കും. ജോലി ചെയ്യുമ്പോഴും വാചാലരാകും. സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കും.

മാർക്ക്‌ സ്റ്റെഫാനും എന്നോട് വാചാലമായി സംസാരിച്ചു. ഇന്ത്യയിലെ ക്രിസ്തീയതയെക്കുറിച്ച്, സംസ്കാരത്തെക്കുറിച്ച്, ഭരണകൂടത്തെക്കുറിച്ച്. ‘കേരളം’ എന്ന് അദ്ദേഹം കേട്ടിട്ടില്ല. ഇന്ത്യയിലെ ഭരണനേതാക്കളെക്കുറിച്ച് അദ്ദേഹത്തിനു കൂടുതൽ അറിവില്ല. രാജ്കപൂറിനെയും അമിതാഭ് ബച്ചനെയും അറിയും. ഹിന്ദി സിനിമയുടെ സ്വാധീനം അദ്ദേഹത്തിന്റെ നാട്ടിൽ വളരെയാണ്.

ഞാൻ യേശുവിനെക്കുറിച്ചാണ് അദ്ദേഹത്തോടു കൂടുതലായി പറഞ്ഞത്. മഹാദൈവമായ എന്റെ യേശുകർത്താവിനെക്കുറിച്ച്. മരിച്ച് ഉയിർത്തെഴുന്നേറ്റ എന്റെ ആത്മരക്ഷകനെക്കുറിച്ച്. മാർക്ക്‌ സ്റ്റെഫാൻ എന്നെ ശ്രദ്ധയോടെ കേട്ടു.

മുടിവെട്ടിയതിന്റെ ചാർജ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ഡോളർ കൂടുതലായി ഞാൻ അദ്ദേഹത്തിനു നൽകി. യേശുക്രിസ്തു മാനവരാശിക്കു ചെയ്ത മഹാത്യാഗത്തെക്കുറിച്ച് സംസാരിച്ച് ഉയിർത്തെഴുന്നേൽപ്പിന്റെ ആശംസ പങ്കുവച്ച് ഞാൻ വീട്ടിലേക്കു മടങ്ങി.
(വാട്സ്ആപ്പ് : 9847481080) ❤️.

Sharjah city AG

Comments are closed.