Ultimate magazine theme for WordPress.

ദൈവത്തെ ശരണമാക്കിയവർക്ക് ന്യായം പാലിക്കുന്ന ദൈവം

*പാസ്റ്റർ പ്രവീൺ പ്രചോദന*

ഒരേ എഴുത്തുകാരനാൽ എഴുതപ്പെട്ട രണ്ടു സങ്കീർത്തനത്തിൽ ഒന്നാണ് 43.
കഴിഞ്ഞ സങ്കീർത്തനവുമായി വളരെ സാമ്യം(42:5,11,43:5) കാണുന്നു എന്നതും പ്രത്യേകതയാണ്.

നാം ഒരു കാര്യമോ, വിലപിടിപ്പുള്ള വസ്തുക്കളോ വളരെ വിശ്വാസ്തരായ വ്യക്തികൾക്കെ കൈമാറുള്ളു.അതിനു ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്. ‘ദൈവമേ എനിക്കു ന്യായം പാലിച്ചുതരണമേ’ വളരെ പ്രതീക്ഷയോടെ കാര്യം ദൈവത്തിങ്കൽ ഭരമേൽപ്പിക്കുന്ന കാഴ്ച്ച. വഞ്ചനയും അനീതിയും കൊണ്ടു തളർത്തികളയാൻ ശ്രമിക്കുന്ന ദുഷ്ടരും ഭക്തികെട്ട മനുഷ്യരുടെ പക്കൽ നിന്നും വിടുവിക്കുവാൻ ദൈവത്തിനെ കഴിയുകയുള്ളു. ദൈവം പ്രതികരിച്ചാൽ (വ്യവഹരിച്ചാൽ)ഇരുഭാഗത്തെയും ശരിയാംവിധം വിധിക്കുകയും കാര്യം നീതിയോടെ പരിഹരിക്കുകയും ചെയ്യും.

ദൈവത്തെ ചോദ്യം ചെയ്യുവാൻ നാം ആരുമല്ല. എന്നാൽ ചില ചോദ്യങ്ങൾ ദൈവത്തിനു പ്രീതി കരവുമാണ്. ദൈവമേ അങ്ങെന്റെ ശരണമാണ്, നീ എന്നെ തള്ളികളഞ്ഞതെന്ത്? ശത്രുവിന്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഃഖിച്ചു അലഞ്ഞു നടക്കേണമോ? . ശരണം എന്നുവെച്ചാൽ നീയാണെന്റെ സ്വന്തം, എല്ലാമെല്ലാം. അതുകൊണ്ട് എന്റെ അവസ്ഥകൾക്കെല്ലാം അവിടന്ന് പരിഹാരം വരുത്തണമെന്ന താഴ്മയോടുള്ള അറിയിപ്പുകളാണ് ഇവിടെ ഈ ചോദ്യങ്ങൾ എന്നുവേണം മനസ്സിലാക്കുവാൻ.

ഏതു മറഞ്ഞിരിക്കുന്നതും ശരിയായ വെളിച്ചത്തിൽ തെളിഞ്ഞു കാണും. അവ അപൂർണ്ണതകളെ തുരത്തിക്കളയും. ചില ഉപദ്രവങ്ങൾ നല്ലതാണെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ദൈവീക സത്യത്തിലും പ്രകാശത്തിലും ഏറ്റവും അടുപ്പം പുലർത്തുന്നതിനു വഴി തെളിയും. ആത്മപ്രകാശമുള്ളവൻ യേശുവാകുന്ന സത്യത്തിലൂടെ സഞ്ചരിക്കും. അപ്പോൾ വിശുദ്ധപർവ്വതമാകുന്ന സ്വർഗ്ഗത്തിൽ എത്തിച്ചേരും.

എപ്പോഴും ദൈവത്തോടൊപ്പം ഇരിക്കുക എന്നത് ആനന്ദദായകമാണ്. എന്തെല്ലാം സ്ഥാനമാനങ്ങളുണ്ടെങ്കിലും ദൈവസന്നിധിയിൽ ലഭിക്കുന്നതുപോലെ മറ്റൊരു സ്ഥാനമൊ സന്തോഷമൊ ദൈവമക്കളുടെ ജീവിതത്തിൽ ഇല്ല. ദൈവത്തിങ്കൽ നിന്നും സന്തോഷവും പരമാനന്ദപ്രദമായ അനുഭവങ്ങളും നമുക്ക് ലഭ്യമാകുമ്പോൾ തിരികെ കൊടുക്കാൻ എന്തുള്ളു! സ്തുതിസ്തോത്രങ്ങൾ തൃപാദത്തിൽ സമർപ്പിക്കണം. സകലവേദനകൾക്കും സമാപ്തി വരുന്നതു ദൈവപീഠത്തിങ്കലാണ്.അതെ, ക്രൂശീലല്ലാതെ പ്രശംസിപ്പാൻ ഇടവരരുത്.

ഇവിടം ദുഃഖാർദ്രമാണ്. വിഷാദവും ഞരക്കവും പിൻഗാമികളാണ്. വഞ്ചനയും അനീതിയും ഒരുപോലെ വളരുന്ന വളക്കുറുള്ള ഇടമാണ്. എന്നാൽ അവക്കൊന്നും നിലനിൽപ്പില്ല,എല്ലാം താൽക്കാലികമാണ്.നിത്യനായ ദൈവം തന്റെ ജനത്തിന് നിത്യപ്രകാശവും,രക്ഷകനും ന്യായപാലകനുമായി നിലകൊള്ളുമ്പോൾ നാം ലജ്ജിച്ചുപോകയില്ല. നാം പ്രകാശിതരായി തീരും.അന്നും എന്നും എപ്പോഴും പാടാൻ ദൈവജനത്തിനു ഒരു സ്തുതിഗീതം ഉണ്ട്.

“കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനംവരും
അന്നുപാടും ദൂതർമദ്ധ്യേ
ആർത്തുപാടും ശുദ്ധരുമായി
ഇത്രത്തോളം യെഹോവ സഹായിച്ചു “

Sharjah city AG

Comments are closed.