രണ്ടാം പുസ്തകം (സങ്കീർത്തനം 42മുതൽ 72 വരെ)ഇന്ന് ആരംഭിക്കുന്നു……
പാസ്റ്റർ പ്രവീൺ പ്രചോദന
വേദപുസ്തക ആരംഭത്തിലുള്ള അഞ്ചു പുസ്തകങ്ങളെ പഞ്ചഗ്രന്ഥങ്ങൾ എന്നു വിളിക്കുന്നപ്പോലെ 150 സങ്കീർത്തനങ്ങൾ ഉളള പുസ്തകത്തെ 5 ഉപപുസ്തകങ്ങളായി വിവരിച്ചിരിക്കുന്നത് ശ്രെദ്ധേയമാണ്. അപ്പോൾ പുറപ്പാട് പുസ്തകത്തിന്റെ സ്ഥാനം 42ാം സങ്കീർത്തനം മുതൽ നൽകാവുന്നതാണ്. മാത്രവുമല്ല, തുടക്കാവസാനം വളരെ സാമ്യത നിലനിർത്തുന്നുണ്ട്.
കോരഹ് പുത്രന്മാർ എഴുതിയത് എന്ന തലക്കെട്ടോടുകൂടിയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ദൈവത്തോട് മത്സരിച്ച കോരഹ് ദൈവീക ശിക്ഷ പ്രാപിച്ചപ്പോൾ ദൈവ കരുണയാൽ ആലയത്തിന്റെ ഗായകസംഘത്തിൽ ദൈവഭക്തിയോടെ നിന്നവരാണ് കോരഹ് പുത്രന്മാർ.ദൈവത്തിൽ നിന്നും അകന്നുപോയ മനുഷ്യന് വീണ്ടും ദൈവത്തിങ്കലേക്കു അടുക്കുവാനുള്ള വാഞ്ചയെയും, ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവസാന്നിദ്ധ്യത്തിനായും, സാമിപ്യത്തിനായും കൊതിക്കുന്ന ഒരു വിശ്വാസി ഹൃദയത്തെയും ഈ സങ്കീർത്തനം വെളിപ്പെടുത്തുന്നു.
കാട്ടിലെ മൃഗങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ജീവിയാണല്ലോ മാൻ. എന്നാൽ ഉപദ്രവകാരിയല്ല.പക്ഷെ ഉപദ്രവം നേരിടുന്നതും, ജീവനുതന്നെ അപകടം എപ്പോൾ വേണമെങ്കിലും നേരിടാവുന്ന തരത്തിലാണ് ജീവിതം.വന്യമൃഗങ്ങളുടെ കടന്നാക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.എങ്കിലും ഓടാനുള്ള കഴിവ് ആശ്ചര്യമേറിയതാണ്. ഓടി തളരുമ്പോൾ, ദാഹം കൊണ്ട് വരളുമ്പോൾ നീർത്തോടിനരികെ എത്തപ്പെടുന്നത് ആശ്വാസമാണ്. അതുപോലെ മനുഷ്യനും ദൈവസന്നിധിയിൽ എത്തുവാൻ കാംക്ഷിക്കുകയാണ്. ഇതു ദൈവത്തെ പ്രാപിക്കുന്നതിനുവേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തെ കാണിക്കുന്നു. ദൈവം ജീവനുള്ള ദൈവം ആയതിനാൽ അവിടുന്ന് ജീവന്റെ ജലം ആണ്. നാം ഏതിലെങ്കിലും, എന്തിലെങ്കിലും തൃപ്തി അടയുന്നവരായല്ല. എപ്പോഴും ദൈവത്തിൽ സംതൃപ്തി പ്രാപിക്കുന്നവരാകണം. ദൈവം ജീവനുള്ളവൻ നാം അവനാൽ ജീവിക്കുന്നവരാണ്. അതുകൊണ്ട് ഏതൊരവസ്ഥയിലും നാം ജീവൻ നിലനിറുത്തേണ്ടതിനു അത് നിത്യമായി ദൈവത്തിൽ ചെന്നുചേരേത്തേണ്ടതിനു ദൈവീകദാഹം ഉള്ളവരായിരിക്കണം.
നിന്റെ ദൈവം എവിടെ?എന്നുള്ള ശത്രുവിന്റെ ചോദ്യത്തിന്റെ നടുവിൽ നാം തളർന്നുപോകാനുള്ളവരല്ല. അത് ദൈവമില്ലാത്തവന്റെ ചോദ്യമായും കരുതേണ്ടതില്ല. ചിലപ്പോൾ നമ്മെയും നാം സേവിക്കുന്ന ദൈവത്തെയും അറിയുന്നവർ ദൈവത്തോടുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ചോദ്യം ചെയ്യുന്നതുമാകാം. നീ ദൈവത്തെ അങ്ങു വല്ലാതെ സ്നേഹിക്കുകയും സേവിക്കുകയുമാണല്ലോ? ഇപ്പൊ നിന്റെ ദൈവം എവിടെ? എന്നൊക്കെ ചോദ്യങ്ങൾ നാമും ജീവിതത്തിൽ കേട്ടിട്ടുണ്ടാകുമല്ലോ? തീർച്ചയായും. കണ്ണുനീരു പാനം ചെയ്യേണ്ടിവന്നാലും ദൈവത്തോടുള്ള ആത്മാർത്ഥത നഷ്ടപ്പെടുത്തരുത്. ശത്രുവിനു നമ്മിൽ അവിശ്വാസം ജനിപ്പിക്കുകയും ദൈവത്തിൽ നിന്ന് അകറ്റുക എന്നതുമാണ് ലക്ഷ്യം. അതിനു വിധേയപ്പെട്ടുപോയാൽ നാം അവന്റെ ഇരകളായി തീരും.
നാം ദൈവീക ലക്ഷ്യത്തിൽ എത്തപ്പെടേണ്ടവരാണ്. അതിനു നമുക്ക് ആത്മാവിൽ ഒരാഗ്രഹം ഉണ്ടായാൽ മതി : എനിക്കെന്റെ ദൈവത്തോടു ചേരണം. എങ്കിൽ ഓടുവാൻ കാലുകൾക്ക് ദൈവം ബലം പകരും. തളരില്ല, കാരണം ഓട്ടം അവസാനിക്കുന്നിടത്തു ജീവനുള്ള ദൈവം ജീവജലമായി നമ്മെ വീണ്ടും ശക്തീകരിച്ചുകൊണ്ടിരിക്കും.
(തുടരും….)

Comments are closed.