നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും : മന്ത്രി വീണാ ജോർജ്

0 166

തിരുവനന്തപുരം : സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ രീതിയിൽ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകൾ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാൻ മന്ത്രി നിർദേശം നൽകി. നാഷണൽ നഴ്സിംഗ് കൗൺസിൽ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്സിംഗ് കോളേജുകളും ഹെൽത്ത് സർവീസിന് കീഴിൽ നഴ്സിംഗ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്സിംഗ് കോളേജുകളുണ്ട്. രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളും രണ്ട് സർക്കാർ നഴ്സിംഗ് കോളേജുകളും അഞ്ച് സ്വകാര്യ നഴ്സിംഗ് കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിംഗ് സീറ്റുകളാണ് ഈ വർഷം വർധിപ്പിക്കാനായത്. നഴ്സിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

Leave A Reply

Your email address will not be published.