യേശുവിനു വേണ്ടി ഓടിയ പടക്കുതിര – ജോർജ് മാത്യു പുതുപ്പള്ളി
യേശുവിനു വേണ്ടി ഓടിയ പടക്കുതിര
ജോർജ് മാത്യു പുതുപ്പള്ളി
എഞ്ചിനിയറും ശാസ്ത്രജ്ഞനുമൊക്കെയായ
പി ആർ ബേബി പാസ്റ്ററെ
ഞാൻ പരിയപ്പെട്ടിട്ട്
മൂന്നു പതിറ്റാണ്ട് തികയുന്നു.
1992 നവംബർ മാസത്തിലെ ആദ്യദിനങ്ങളിലൊന്നിലാണ്
ഞാനും സാലിയും ആറും രണ്ടും വയസ് പ്രായമുണ്ടായിരുന്ന
എന്റെ മക്കൾ മനുവും
മിനുവും മാമംഗലം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വന്നതും
പി ആർ ബേബി പാസ്റ്ററെ പരിചയപ്പെട്ടതും.
തികച്ചും യാദൃശ്ചികമാകാം
ഇന്ന് (2022 നവംബർ 2 ബുധൻ)
ഉച്ച കഴിഞ്ഞ് 3 മണിക്ക്
പാസ്റ്റർ പി ആർ ബേബിയുടെ
കളമശേരി ഫെയ്ത് സിറ്റി
ചർച്ചിൽ
ചർച്ച് ഓഫ് ഗോഡിന്റെ
ശതാബ്ദി കൺവൻഷന്റെ
ഒരു പ്രത്യേക യോഗത്തിൽ സംബന്ധിക്കുവാൻ എനിക്കും സാലിക്കും ഭാഗ്യം ലഭിച്ചു.
അതിമനോഹരമായ
ആ സഭാഹാളിലെ വേദിയിൽ
ചർച്ച് ഓഫ് ഗോഡ്
കേരള സ്റ്റേറ്റ് ഓവർസിയർ ആദരണീയനായ
സി സി തോമസ് സാറിനോടും
മറ്റ് ശ്രേഷ്ഠ ദൈവദാസന്മാരോടുമൊപ്പം ഇരിക്കുമ്പോൾ
സി സി തോമസ് സർ പ്രസംഗമദ്ധ്യേ പറഞ്ഞു :
\’നമ്മുടെ പ്രിയ പി ആർ ബേബി പാസ്റ്ററുടെ ആരോഗ്യനില
അല്പം ഗുരുതരമാണ്. അദ്ദേഹത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.\’
കുറെ ദിവസങ്ങളായി എന്നെയും കുടുംബത്തെയും
വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷയമായിരുന്നു
പി ആർ ബേബി പാസ്റ്ററുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക.
അദ്ദേഹം പൂർണ്ണ ആരോഗ്യാവസ്ഥയിലേക്കു മടങ്ങി വരണമെന്ന് മുട്ടിപ്പായി
പ്രാർത്ഥിക്കുന്ന പതിനായിരക്കണക്കിന് ദൈവമക്കളുടെ കൂട്ടത്തിൽ എളിയവനായ ഞാനും കുടുംബവുമുണ്ടായിരുന്നു.
വേദിയിലിരിക്കുമ്പോൾ
എന്റെ മനസ് പി ആർ ബേബി പാസ്റ്ററുമായുള്ള
പൂർവകാല ഓർമകളിലൂടെ അലയുകയായിരുന്നു.
ഞാൻ കുടുംബമായി വിശ്വാസജീവിതത്തിൽ കടന്നു വരുമ്പോൾ
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയിലെ
(Church of God (full gospel) in India)
ഒരു പൊതുശുശ്രൂഷകനായിരുന്നു അദ്ദേഹം.
കൃപാവരങ്ങൾ നിറഞ്ഞ
അതിശക്തമായ
അഭിഷിക്തശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റേത്.
കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നുവല്ലോ
അദ്ദേഹം \’ഫെയ്ത് സിറ്റി\’ ചർച്ച് സ്ഥാപിക്കുന്നതും
ആ സഭ പടർന്നു പന്തലിക്കുന്നതും.
അതിനായി അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനവും കണ്ണുനീരും പ്രാർത്ഥനയും
എത്രമാത്രം വലിയതായിരുന്നു എന്ന് എനിക്കു നേരിട്ടറിയാം.
ഞാൻ കണ്ടിട്ടുള്ള പെന്തെക്കോസ്തു സഭകളിൽ വലിപ്പംകൊണ്ടും
പരിസരഭംഗികൊണ്ടും അംഗസംഖ്യകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന സഭയാണ്
ഫെയ്ത് സിറ്റി ചർച്ച്.
ഒരുപക്ഷെ \’ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ\’യിലെ ഏറ്റവും വലിയ പ്രാദേശിക സഭയും
അതുതന്നെയാകാം.
ആ സഭയിലെ പല പ്രോഗ്രാമുകളിലും ശുശ്രൂഷകളിലും
പി ആർ ബേബി പാസ്റ്റർ എന്നെയും പല പ്രാവശ്യം ക്ഷണിച്ചിട്ടുണ്ട്.
ഞാൻ അദ്ദേഹത്തിന്റെ പ്രാദേശികസഭയിലെ അംഗമല്ലാതിരുന്നിട്ടും അദ്ദേഹം എന്നെ ഏറെ സ്നേഹിച്ചിരുന്നു.
ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ സഭയിൽ അംഗത്വമെടുക്കണമെന്ന് പ്രത്യക്ഷമായോ
പരോക്ഷമായോ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.
എന്റെ മക്കളുടെ പഠനം, ജോലി തുടങ്ങിയ പല വിഷയങ്ങളിലും പ്രാർത്ഥിക്കുകയും
ദൈവീകാലോചന നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ കുളിർമ നൽകുന്ന ഒരു തണൽവൃക്ഷമായിരുന്നു അദ്ദേഹം.
വൈദികനായിരുന്ന എന്നോട് അദ്ദേഹത്തിനു വാത്സല്യം നിറഞ്ഞ സ്നേഹമായിരുന്നു.
ഒരു ഇളയ സഹോദരനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടത്.
അദ്ദേഹത്തിൽ കണ്ടിരുന്ന പല സവിശേഷതകളും
എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവിശേഷത്തിനുവേണ്ടി അദ്ദേഹം നടത്തിയ കഠിനാദ്ധ്വാനമാണ്.
\’രാവിലെ കൊച്ചിയിൽ
പ്രസംഗിച്ച്,
ഉച്ചയ്ക്ക് കോട്ടയത്ത് പ്രസംഗിച്ച്,
നാലു മണിക്ക് റാന്നിയിൽ
പ്രസംഗിച്ച്,
രാത്രിയിൽ തിരുവനന്തപുരത്ത് പ്രസംഗിച്ച്,
വെളുപ്പിന് കൊച്ചിയിലെ വീട്ടിൽ
വന്നു വിശ്രമിക്കുന്ന
ദൈവദാസനാണ് പാസ്റ്റർ പി ആർ ബേബിയെന്ന്\’
ചില വിശ്വാസികൾ തമാശരൂപേണ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അത് അതിശയോക്തിയല്ല
എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
ആരോഗ്യംപോലും
നോക്കാതെ സുവിശേഷം പ്രസംഗിക്കാൻ അദ്ദേഹം കുതിച്ചുപായുന്നത്
പല തവണ
ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.
ഒരു മനുഷ്യന് എടുക്കാവുന്ന ശബ്ദത്തിലും കൂടുതൽ
ശബ്ദമെടുത്ത് അദ്ദേഹം പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്.
വിയർത്തു കുളിച്ച്
ക്ഷീണം വക വയ്ക്കാതെ അനേകർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഞാൻ ദൃക്സാക്ഷിയാണ്.
\’അല്പംപോലും വിശ്രമിക്കാതെ യജമാനനായ യേശുവിനുവേണ്ടി ഓടുന്ന പടക്കുതിരയായി\’
പി ആർ ബേബി പാസ്റ്ററെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
ഒരിക്കൽ ഞാൻ അദ്ദേഹത്തോടു ചോദിച്ചു :
\’എന്തൊരു മരണപ്പാച്ചിലാണ്
പാസ്റ്റർ ഈ നടത്തുന്നത് ?
കുറച്ചെങ്കിലും ആരോഗ്യം നോക്കേണ്ടേ ?\’
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു :
\’അച്ചോ, പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിനു
യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു\’ (2 തിമൊ.2:4) എന്നല്ലേ ദൈവവചനം.
അച്ചനും ഈ നാളുകളിൽ
കേരളം മുഴുവൻ യേശുവിനുവേണ്ടി മോട്ടോർ സൈക്കിളിൽ
മരണപ്പാച്ചിൽ നടത്തിയല്ലേ പ്രസംഗിക്കാൻ പോകുന്നത് ?\’
അദ്ദേഹത്തിന്റെ വാക്കുകൾക്ക് എനിക്കു മറുപടിയില്ലായിരുന്നു.
അദ്ദേഹം പറഞ്ഞതാണ് സത്യം എന്ന് എനിക്കു മനസിലായി.
മികച്ച സഭാശുശ്രൂഷകൻ,
ഉജ്ജ്വല പ്രഭാഷകൻ, ശ്രേഷ്ഠപ്രവാചകൻ,
പരിജ്ഞാനമുള്ള ഇടയൻ, ആർദ്രതയുള്ള കൗൺസിലർ, കഴിവുറ്റ സംഘാടകൻ,
ആത്മഭാരം നിറഞ്ഞ സുവിശേഷകൻ തുടങ്ങി
നിരവധി വിശേഷണങ്ങൾ അദ്ദേഹത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എനിക്കു തോന്നാറുണ്ട്.
അദ്ദേഹത്തിന്റെ സഭാവികസന
പ്രവർത്തനങ്ങളെക്കുറിച്ചൊന്നും പറയാൻ തക്ക പ്രാഗൽഭ്യമോ യോഗ്യതയോ എനിക്കില്ല.
ഒന്നു മാത്രം പറയാം.
അദ്ദേഹം എനിക്കൊരു സ്നേഹസമ്പന്നനായ \’ആത്മീയപിതാവ്\’ (Spiritual Mentor) ആയിരുന്നു.
എന്റെ വിശ്വാസപരമായ ആത്മീയപ്രതിസന്ധികളിൽ
ആത്മാർത്ഥതയുള്ള ഒരു ഉപദേശകനായിരുന്നു.
ഏതു വിഷമതകളിലും എന്നെ കേൾക്കുവാനുള്ള
\’രണ്ടു സ്നേഹമുള്ള കാതുകൾ\’ അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ
ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ഞാൻ ആഗ്രഹിക്കുന്നു.
അതിനായി പതിനായിരങ്ങൾ പ്രാർത്ഥിക്കുന്നു.
\’ഫെയ്ത് സിറ്റി\’ ചർച്ചിലെ
ശുശ്രൂഷകൻ
പാസ്റ്റർ ബാബു ജോണും
മറ്റ് ദൈവദാസന്മാരും സഭാവിശ്വാസികളും അദ്ദേഹത്തിനായി മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
ദൈവത്തിന്റെ ഹിതം എന്തെന്ന്
നമുക്ക് അറിയില്ല.
നമ്മുടെ യേശുകർത്താവ് അദ്ദേഹത്തോട് കരുണ കാണിക്കാൻ പ്രാർത്ഥിക്കാൻ മാത്രമല്ലേ
നമുക്കു കഴിയൂ ?
അതെ, കരുണാമയനായ യേശുകർത്താവ്
പി ആർ ബേബി പാസ്റ്ററോട്
കരുണ കാട്ടട്ടെ ❤