Ultimate magazine theme for WordPress.

അമൂല്യമെന്നോർമിപ്പിക്കാൻ ഒരു ജലദിനംകൂടി ….

ജീവന്റെ ഹേതുവായ ജലത്തെ കാത്തുവെയ്ക്കാം, പുതുതലമുറയ്ക്കായ്…

ഇന്ന് ലോക ജലദിനം .ഭൂമിയിലെ ആകെ ജലത്തിന്റെ ഒരു ശതമാനം മാത്രം ഉപയോഗിച്ചുവരുന്നത് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരാണ്. പ്രകൃതി ദത്തമായ ഈ സമ്പത്ത് മനുഷ്യനിര്‍മ്മിതമാകുന്ന കാലം എത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ, മനുഷ്യവാസം സാധ്യമാക്കിക്കൊണ്ട് ഭൂമിയെ ഉര്‍വ്വരയാക്കുന്ന ജല സംഭരികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ…
\"\"
ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക് ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം എന്ന അവബോധം ഉണ്ടാക്കാന്‍ കൂടിയാണ് ജലദിനം ആചരിക്കുന്നത്. പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം. വേനലില്‍ മാത്രം ജലം സംരക്ഷിക്കണമെന്ന തെറ്റായ ധാരണയാണ് ഇന്ന് ജനങ്ങളിലുള്ളത്. 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്.ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്. വായുപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജലം. പഞ്ച ഭൂതങ്ങളിലൊന്ന്. ഭൂമിയുടെ 70 % വും നിറഞ്ഞു നില്‍ക്കുന്നതും ജലമാണ്. ഇതില്‍ 97 % കടലിലെ ഉപ്പുവെള്ളമാണ്. ഇത് പ്രൊസസ്സിങ്ങിലൂടെ ശുദ്ധജലമാക്കുന്നുണ്ടെങ്കിലും വളരെ ചിലവേറിയ പ്രവര്‍ത്തിയാണ്. ബാക്കി 2% ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്നതിനുമപ്പുറമാണ്. ഇനിയുള്ള 1% മാത്രമാണ് മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായ ശുദ്ധ ജലം. നമ്മള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്ന ജലം. ലോകത്തെ 10 ല്‍ 8 പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. കാതങ്ങള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നവര്‍. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന മുന്‍വിധി ചിന്തകര്‍ പങ്കുവെക്കുന്നതും അതുകൊണ്ടുതന്നെയാണ്. ജലം അത് അമൂല്യമാണെന്ന് തിരിച്ചറിയേണ്ടത് ജലദൈര്‍ലഭ്യം വരുമ്പോളല്ല, മറിച്ച് ജലം കാണുമ്പോഴാണെന്ന തോന്നലാണ് യഥാര്‍ത്ഥ്യത്തില്‍ ഉണ്ടാകേണ്ടത്. ഒരോ തുളളിയും സൂക്ഷിച്ച് വെക്കാം നാളേയ്ക്കായി… ലോക ജല ദിന ആശംസകൾ……

Leave A Reply

Your email address will not be published.