Ultimate magazine theme for WordPress.

വേനല്‍ക്കാലം : ജലജന്യ രോഗങ്ങള്‍ക്കെതിരെ വേണം ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെളളം കുടിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചൂട് കാലമായതിനാല്‍ ഭക്ഷണം പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്. പുറത്ത് പോകുമ്പോള്‍ കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്നത് നല്ലത്. ഭക്ഷണപാനീയങ്ങള്‍ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കുക. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക. പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേര്‍ക്കുക. കുടിവെള്ള സ്രോതസുകളില്‍ മലിന ജലം കലരുന്നത് തടയുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക

Leave A Reply

Your email address will not be published.