Official Website

ദൈവം ഒന്നരക്കോടി കൊടുക്കുമോ?

ബ്ലസിൻ ജോൺ മലയിൽ എഴുതുന്നു

0 1,181

ദൈവം അദ്ഭുതം പ്രവർത്തിക്കുമോ? ഒന്നരക്കോടി കൊടുക്കുമോ? തങ്കുവും റോണക്കും പറയുന്നത് സത്യമാണോ? എങ്കിൽ എനിക്കും എത്ര കിട്ടും?സോഷ്യൽ മീഡിയയിൽ ചോദ്യ ശരങ്ങൾ മുഴങ്ങുകയാണ്.

ഇത് കേൾക്കുമ്പോൾ എന്റെ മനസ് വർഷങ്ങൾക്ക് പിന്നിലേക്കാണ് ഓടുന്നത്. അന്ന് പതിനഞ്ചു ലക്ഷം രൂപ അത്യാവശ്യമായി ഒരാൾക്ക് കൊടുക്കാനുണ്ട്. പണം എപ്പോൾ ലഭിക്കുമെന്ന വിധത്തിൽ ദിവസം അഞ്ചും ആറും പ്രാവശ്യം ഫോൺ വന്നു കൊണ്ടേയിരിക്കുന്നു! ആ പണം കൊടുക്കണമെങ്കിൽ ബാങ്കിൽ നിന്ന് ലോൺ ലഭിക്കണം. സമയം അതിക്രമിച്ചിട്ടും പണം കിട്ടിയിട്ടില്ല.

മനസ് ആകെ ആസ്വസ്ഥമായി.
തിരുവല്ല ടൗണിലൂടെ എന്തോ ആവശ്യത്തിനായി ഞാൻ നടക്കുകയാണ്.
ആവശ്യങ്ങൾ ദൈവവുമായി നമ്മെ കൂടുതൽ ബന്ധിപ്പിക്കുമെന്ന് പറയുന്നത് എത്രയോ സത്യമാണ്? മനസിനുള്ളിൽ പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. പെട്ടെന്ന് എവിടെയോ കണ്ട ഒരു വാചകത്തിൽ എന്റെ കണ്ണുടക്കി – ഗോഡ് വിൽ ഓപ്പൺ എ വേ ഫോർ യു !!

ദൈവം നിനക്ക് വേണ്ടി ഒരു വഴി ഒരുക്കും എന്നല്ലേ അതിനർത്ഥം? ആ നിമിഷം മനസ് നിറഞ്ഞ് ദൈവത്തെ സ്തുതിച്ചു തുടങ്ങി. അടുത്ത നിമിഷം എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട്! ഫോണിലെ മെസേജ് എടുത്തു നോക്കിയപ്പോൾ അദ്ഭുതപ്പെട്ടു പോയി – ഞങ്ങൾ ആവശ്യപ്പെട്ട അത്രയും തുകയും ബാങ്ക് അനുവദിച്ചിരിക്കുന്നു !

ദൈവം എത്രയോ ശ്രേഷ്ഠനാണ്? റോണക് ആവശ്യപ്പെടുന്നതു പോലെ സ്വർഗ്ഗത്തിലിരുന്ന് ദൈവം എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയാണോ എന്നെനിക്കറിയില്ല! പക്ഷേ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുന്നവനാണ്!കുരുടനും കാഴ്ചയും മുടന്തന് സൗഖ്യവും നൽകുന്നു. അവർ തുള്ളിച്ചാടി ദൈവത്തെ സ്തുതിക്കുന്നു !

അന്നത്തെ അഞ്ചപ്പം ഭക്ഷിച്ചവർക്കാർക്കും പിന്നീട് ഒരിക്കലും വിശന്നിട്ടില്ലയോ എന്ന് എന്നോട് ചോദിക്കരുത് ! തീർച്ചയായും വിശന്നിട്ടുണ്ടാകാം! എങ്കിലും തുടർന്നുള്ള മീറ്റിംഗുകളിൽ എല്ലാം നിന്ന് യേശു – നിങ്ങൾ കൊട്ട ഉയർത്തി പിടിച്ചോളൂ – അപ്പം ആർക്കൊക്കെയാണ് വേണ്ടത് ? വേണ്ടവർക്കെല്ലാം ഞാൻ ഇട്ടു തരാമെന്ന് പറഞ്ഞിട്ടില്ല! അതൊരു പ്രത്യേക ശുശ്രൂഷയായി കണ്ടതുമില്ല!

എങ്കിലും ഒന്നു വ്യക്തമാണ് -ഇന്നും
നമ്മുടെ ആവശ്യങ്ങളിൽ ഒന്നും യേശു മറികടന്നുപോകില്ല ! വേദനിക്കുന്നവന് കണ്ണുനീരിന്റെ ഉത്തരം തരാതിരിക്കില്ല !തീർച്ചയായും ഇന്നും
എനിക്ക് ധാരാളം ആവശ്യങ്ങളുണ്ട് ! അന്നത്തെ പോലെ ബാധ്യതകളുമുണ്ട് ! എങ്കിലും ദൈവത്തിൽ ഉറെച്ച് വിശ്വസിക്കുന്നു – എല്ലാ ആവശ്യങ്ങളും അവിടുന്ന് തീർത്തു തരുവാൻ ശക്തനാണ്!

എങ്കിലും മറക്കാതിരിക്കുക – ദൈവത്തിന്റെ ഏറ്റവും വലിയ വാഗ്ദത്തം നിത്യജീവനാണ്! പാപത്തിൽ നിന്നുള്ള മോചനമാണ്. അപ്പോഴും ലാസറിനെ ഉയർപ്പിക്കാനും കുഷ്ഠരോഗികളെ സൗഖ്യമാക്കാനും ദൈവത്തിന് കഴിയും! തീർച്ചയായും ഇപ്പോഴത്തെ നിങ്ങളുടെ ആവശ്യങ്ങൾക്ക് മുമ്പിലും ദൈവം പ്രവർത്തിക്കും!

Comments
Loading...
%d bloggers like this: