Ultimate magazine theme for WordPress.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മതസ്പര്‍ദ്ധയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തര പ്രദേശ്: കോണ്‍ഗ്രസും എസ്പിയും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ശ്രീരാമനെ അപമാനിക്കാനാണെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതല്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷൻ.

രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തിന് എതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് കമ്മീഷനെ സമീപിച്ചത്. ഹിന്ദു, സിഖ് ദൈവങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി വോട്ട് തേടിയെന്നായിരുന്നു പരാതി. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് എതിരെ കേസ് എടുക്കണമെന്നായിരുന്നു ആവശ്യം.

കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപം നടത്തിയവരാണെന്നും ബിജെപിയാണ് സിഖുകാര്‍ക്കൊപ്പം നിന്നതെന്നും മോദി പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പതിപ്പുകള്‍ ഇന്ത്യയില്‍ എത്തിച്ചെന്നും കര്‍ത്തപുര്‍ ഇടനാഴി വികസിപ്പിച്ചെന്നും മോദി പറഞ്ഞു. ഏപ്രിൽ ഒമ്പതിന് സിഖ് മതവിശ്വാസികള്‍ക്ക് സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ പിലിബത്തിലായിരുന്നു പ്രസംഗം

ഏപ്രിൽ പത്തിനാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ തീരുമാനമെടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് ആനന്ദ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജി. അതേസമയം പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായിട്ടില്ല.

Leave A Reply

Your email address will not be published.