Ultimate magazine theme for WordPress.

പെന്തക്കോസ്തുസഭയിലെ ആഭരണവർജ്ജനത്തിന് വചനാടിസ്ഥാനത്തിൽഉള്ള പ്രസക്തിയെന്ത്?

 

പെന്തക്കോസ്തുസഭയിലെ ആഭരണവർജ്ജനത്തിന് വചനാടിസ്ഥാനത്തിൽഉള്ള പ്രസക്തിയെന്ത്?

പെന്തക്കോസ്തുകാർ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്ന ജീവിതശൈലിയിൽ ഒന്നാണ് ആഭരണവർജ്ജനം എന്നത്. എന്നാൽ പെന്തക്കോസ്തുകാർ ഇതൊരു ഉപദേശമായി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും പെന്തക്കോസ്ത് സഭകളിൽ ഇന്നു നിൽക്കുന്ന ആഭരണവർജ്ജനത്തിന്റെ ശരിയായ കാരണം എന്തെന്ന് ഇന്ന് ഭൂരി ഭാഗം പെന്തക്കോസ്ത് വിശ്വാസികൾക്കും അറിവില്ലാത്ത കാര്യം ആണ്. ഈ വിഷയത്തിൽ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ ഇന്നത്തെ കാലത്ത് നമ്മൾ പലയിടങ്ങളിൽ നിന്നും കേട്ടിട്ടുണ്ടാവാം. ബൈബിളിനെ അത് എഴുതപ്പെട്ട ചരിത്രപശ്ചാത്തലത്തിൽ വിലയിരുത്തിയും കേരളീയ പെന്തക്കോസ്ത് സമൂഹത്തിന്റെ മുൻകാല ചരിത്രത്തെ കൂട്ടിയിണക്കിയും ഈ വിഷയത്തെ കുറിച്ച് പഠനം നടത്തുകയാണ് ഈ ലേഖനത്തിലെ ഉദ്ദേശം.

#ആദ്യകാല_പെന്തക്കോസ്ത്_സഭകളിലെ #ആഭരണവർജ്ജനത്തിനു_കാരണം_എന്ത്?*

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൂടെയാണ് കേരളത്തിൽ പെന്തക്കോസ്ത് സഭകൾ ആവിർഭവിക്കുന്നത്. വളരെയധികം ത്യാഗം സഹിച്ചാണ് ആദ്യകാല പിതാക്കന്മാർ പെന്തക്കോസ്ത് അനുഭവത്തിലേക്ക് കടന്നുവന്നത്. ഈ മാർഗ്ഗത്തിലേക്ക് കടന്നു വന്നതിനാൽ പലരും സ്വന്തം ഭവനങ്ങളിൽ നിന്നും ഭ്രഷ്ടരാക്കപെട്ടു. പലരും സ്വന്തം ജോലിയും വസ്തുവകകളും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ച് ക്രിസ്തുവിനുവേണ്ടി ഇറങ്ങിത്തിരിച്ചു. അക്കാലത്ത് ധനവാനും ദരിദ്രന്മാരുമായി പല ജീവിത നിലവാരങ്ങളിൽ ഉണ്ടായിരുന്നവർ ഒരുമിച്ച് കൂടി ദൈവത്തെ ആരാധിക്കാൻ ആരംഭിച്ചു. അന്ന് ധനവാന്മാരും ഉയർന്ന ജാതിയിലും ഉണ്ടായിരുന്നവർ പൊന്നാഭരണങ്ങളും ദരിദ്രരും ജാതിയിൽ കുറഞ്ഞവരുമായവർ കല്ലുകളും മുത്തുകളുമൊക്കെ കൊണ്ടുള്ള ആഭരണങ്ങളാണ് ധരിച്ചിരുന്നത്. ഇത് സഭയിൽ അസമത്വം കൊണ്ടുവരും എന്നു മനസ്സിലാക്കിയ പിതാക്കന്മാർ സഭയിൽ കടന്നുവരുന്നവർ ആഭരണം വർജിക്കണം എന്ന നിയമം കൊണ്ടുവന്നു. സ്വർണാഭരണം അല്ലാതെ വിലകുറഞ്ഞ ആഭരണം ധരിക്കാം എന്ന അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ള ജാതികളിൽ നിന്നും വ്യത്യസ്തരായി ഇരിക്കുന്നതാണ് ഉചിതം എന്ന് മനസ്സിലാക്കിയ അവർ ആഭരണവർജ്ജനമാണ് നല്ലതെന്ന് തീരുമാനിച്ചു. വെള്ള വസ്ത്രം ധരിക്കുന്നത് ആരംഭിച്ചതും സിനിമ തീയറ്ററുകൾ പോകുന്നതും മുതലായ ശീലങ്ങൾ ഉപേക്ഷിച്ചതും ജാതികളിൽ നിന്നും വേർതിരിഞ്ഞ് ജീവിക്കുവാൻ/വേർപാട് ആചരിക്കുവാൻ ആണ്. അങ്ങനെയാണ് ആഭരണവർജ്ജനം പെന്തക്കോസ്തു സഭയുടെ ഭാഗമായി തീരുന്നത്.
*
#ബൈബിൾ_ആഭരണ_ധാരണത്തിന്_എതിരാണോ?**

ബൈബിൾ ഒരിക്കലും ആഭരണം ധരിക്കുന്നതിന് എതിരല്ല മറിച്ച് പലയിടത്തും അനുകൂലമായാണ് കാണാൻ സാധിക്കുന്നത്. പഴയനിയമത്തിലും പുതിയ നിയമത്തിലും ഇതിന് ആധാരമായി തെളിവുകൾ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ചില വചനങ്ങൾ ആഭരണം ധരിക്കുന്നത് തെറ്റാണോ എന്നുള്ള ധാരണ ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്.

_ആഭരണം ധരിക്കുന്നതിന് #അനുകൂലിക്കുന്ന ബൈബിൾ വചനങ്ങൾ_

*_പഴയ നിയമം*
_ യെഹെസ്‌കേൽ :16:11-13
ഞാൻ നിന്നെ ആഭരണം, ധരിപ്പിച്ചു തഹശൂതോൽ കൊണ്ടുള്ള ചെരുപ്പിടുവിച്ചു, ശണപടം കൊണ്ട് ചുറ്റി പട്ടു പുതപ്പിച്ചു. ഞാൻ നിന്നെ ആഭരണം അണിയിച്ച് നിന്റെ കൈക്ക് വളയും കഴുത്തിൽ മാലയും ഇട്ടു. ഞാൻ നിന്റെ മൂക്കിന് മുക്കുത്തിയും നിന്റെ കാതിൽ കുലുക്കും ഇട്ടു. തലയിൽ ഭംഗിയുള്ളോരു കിരീടവും ഇട്ടു. ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു, ഉടുപ്പ് ശണ പുടവും പട്ടും വിചിത്ര വസ്ത്രവും ആയിരുന്നു.

ഇവിടെ യഹോവയായ ദൈവം ഇസ്രായേലിനെ തന്റെ മണവാട്ടിയായി ചിത്രീകരിച്ചു കൊണ്ടുള്ള ഒരു ഭാഗമാണ്. ഇവിടെ ഒരു സ്ത്രീയെ സകലവിധ ആഭരണവും ധരിപ്പിച്ച് മനോഹരമായി അലങ്കരിക്കുന്നത് കാണാം. ആഭരണം ധരിക്കുന്നത് ഒരു പാപം ആയിരുന്നെങ്കിൽ ഒരിക്കലും യഹോവ തന്റെ മണവാട്ടിയായ ഇസ്രയേലിനെ അപ്രകാരം അലങ്കരിക്കുകയില്ലായിരുന്നു.

_ഉത്തമഗീതം:1:10-11_
നിന്റെ കവിൾത്തടങ്ങൾ രത്നാവലി കൊണ്ടും നിന്റെ കഴുത്ത് മുത്തുമാലകൾ കൊണ്ടും ശോഭിച്ചിരിക്കുന്നു. ഞങ്ങൾ നിനക്ക് വെള്ളി മണികളോട് കൂടിയ സ്വർണ സരപ്പളി ഉണ്ടാക്കിത്തരാം.

_ഉല്പത്തി:24:47-48_
ഞാനവളോട് നീ ആരുടെ മകൾ എന്ന് ചോദിച്ചതിന് അവൾ മിൽക്ക നാഹോറിനു പ്രസവിച്ച മകനായ ബഥുവേലിന്റെ മകൾ എന്നു പറഞ്ഞു. അവൻ അവളുടെ മൂക്കിന് മുക്കുത്തിയും കൈകൾക്ക് വളയും ഇട്ടു.

*#പുതിയനിയമം*

_ യാക്കോബ്:2:2
നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊൻമോതിരം ഇട്ടും കൊണ്ട് ഒരുത്തനും വന്നാൽ.

_ലൂക്കോസ്:15:22_
അപ്പൻ തന്റെ ദാസന്മാരോട് വേഗം മേൽത്തരമായ അങ്കി കൊണ്ടുവന്ന്‌ ഇവനെ ധരിപ്പിപ്പിൻ, ഇവന്റെ കൈക്ക് മോതിരവും കാലിന് ചെരുപ്പും ഇടുവിപ്പിൻ.

#ആഭരണം ധരിക്കുന്നത് #തെറ്റാണെന്ന്_തെറ്റിദ്ധരിപ്പിക്കുന്ന ബൈബിൾ വാക്യങ്ങൾ_

#പഴയനിയമം*
*
_പുറപ്പാട്:33:4-6_
ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു ആരും തന്റെ ആഭരണം ധരിച്ചതുമില്ല. നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു, ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചു കളയും. അതുകൊണ്ട് ഞാൻ നിന്നോട് എന്ത് ചെയ്യണമെന്ന് അറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു. അങ്ങനെ ഹോരെബ് പർവ്വതത്തിൽ തുടങ്ങി ഇസ്രായേൽ മക്കൾ ആഭരണം ധരിച്ചില്ല.

ഇവിടെ ഇസ്രായേൽ മക്കൾ ആഭരണം ഉപേക്ഷിക്കുന്ന ഭാഗമാണ് നാം കാണുന്നത്. സ്വർണ്ണ കാളക്കുട്ടിയുടെ ശിൽപം നിർമ്മിച്ചു ദൈവത്തോട് പാപം ചെയ്തതിന്റെ ഫലമായിട്ട് അവരുടെ ഇടയിൽനിന്നും ആഭരണ ഉപേക്ഷിച്ചു കളയാൻ ദൈവം ആവശ്യപ്പെട്ടു. അങ്ങിനെയാണ് അവർ ആഭരണം ഉപേക്ഷിക്കുന്നത്. ഇവിടെ ആഭരണം ധരിച്ചത് പാപമായതിനല്ല ദൈവം ആഭരണം നീക്കുവാൻ കൽപ്പിച്ചത്. മറിച്ച് അവരുടെ ആഭരണം ഉപയോഗിച്ചു ദൈവകൽപനക്ക് വിരുദ്ധമായി വിഗ്രഹം നിർമ്മിച്ചു അതിനെ ആരാധിച്ചതിനാണ്. അതുമാത്രമല്ല അന്നത്തെ കാലത്ത് ഈജിപ്ത് ഉൾപ്പെട്ട പ്രദേശങ്ങളിൽ ഒരാളുടെ പൂർണ്ണമായ അനുതാപം/അടിയറവ് കാണിക്കുന്നതിനു വേണ്ടി അവരുടെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ദൈവം ഇസ്രായേലിന്റെ പാപം മനസ്സിലാക്ക കൊടുത്തപ്പോൾ അവർ ദൈവസന്നിധിയിൽ പൂർണ്ണ അനുതാപത്തോടെ സമർപ്പിച്ചു എന്ന് കാണിക്കുവാൻ ആണ് അവരുടെ ആഭരണം അവർ ഉപേക്ഷിച്ചു കളഞ്ഞത്.

#പുതിയനിയമം*

_1പത്രോസ് :3:3_
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെയുള്ളതുമല്ല.

_1 തിമൊഥെയോസ്:2:9_
അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജ ശീലത്തോടും പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവ കൊണ്ടല്ല ദൈവ ഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാം വണ്ണം സത്പ്രവർത്തി കൊണ്ടത്രെ അലങ്കരിക്കേണ്ടത്.

പൗലോസും പത്രോസും ഇപ്രകാരം പറഞ്ഞതിന് ഇവയൊന്നും ധരിക്കരുത് എന്ന അർഥത്തിൽ അല്ല. അന്നത്തെ റോമൻ രീതി അനുസരിച്ചു തങ്ങളുടെ ആസ്തി വസ്ത്രധാരണത്തിലൂടെയും പ്രദർശിപ്പിക്കുക പതിവായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വലിയവരാണെന്ന് കാട്ടുവാനായിട്ടു ധരിച്ചിരുന്ന ഇത്തരം അലങ്കാരങ്ങൾ അവർ സഭയ്ക്ക് അകത്തും കൊണ്ടു വന്നു. ഇത് സഭ രണ്ടു തട്ടിൽ വരുവാനുള്ള സാഹചര്യം ഒരുക്കും.ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അവർക്ക് വേണ്ടത് ഇത്തരം ബാഹ്യമായ അലങ്കാരങ്ങൾ അല്ല അകമേയുള്ള നല്ല സ്വഭാവഗുണങ്ങൾ ആയിരിക്കണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് ആ ദൈവദാസന്മാർ ചെയ്തത്. അതിനർത്ഥം അവയൊന്നും ധരിക്കേണ്ട എന്നല്ല മറിച്ചു അവ ധരിക്കുന്നതിനേക്കാൾ പ്രാധാന്യം നല്ല സ്വഭാവത്തിൽ ഉടമകൾ ആയിരിക്കണം എന്നാണ്.

*ആഭരണം ധരിക്കുന്നത് #പാപം ആണെന്നുള്ള #വിശ്വാസം തെറ്റാണോ?*

ആഭരണം ധരിക്കുന്നത് പാപമാണെന്ന് ബൈബിൾ പറയുന്നില്ലെങ്കിലും അത് പാപമായി മാറുന്ന സാഹചര്യങ്ങൾ ഉണ്ടെന്നാണ് വാസ്തവം. ഇത് തെളിയിക്കാൻ കഴിയുന്ന വചനങ്ങൾ ബൈബിളിൽ ഉണ്ട്. റോമർക്ക് എഴുതിയ ലേഖനം പതിനാലാം അധ്യായം 13 മുതൽ 21 വരെയുള്ള ഭാഗങ്ങൾ വായിച്ചാൽ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും. ഈ ഭാഗം പറയുന്നത് ഭക്ഷണ കാര്യങ്ങളോട് അനുബന്ധിച്ച് ആണെങ്കിലും ആഭരണത്തോട് അനുബന്ധിച്ചും നമുക്കിത് ചിന്തിക്കാവുന്നതാണ്.
പതിനാലാം വാക്യം ഇപ്രകാരം പറയുന്നു യാതൊന്നും സ്വതവേ മലിനമല്ല എന്ന് ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനമെന്ന് എണ്ണുന്നവനു മാത്രം അത് മലിനമാകുന്നു. പതിനഞ്ചാം വാക്യം പറയുന്നത് നിന്റെ ഭക്ഷണം നിമിത്തം സഹോദരനേ വ്യസനിപ്പിച്ചാൽ നീ സ്നേഹ പ്രകാരം നടക്കുന്നില്ല. ഈ രണ്ടു വാക്യങ്ങളും ചേർത്തുവായിച്ചാൽ ഒരു ഭക്ഷണവും മലിനം അല്ല അത് മലിനമെന്ന് വിചാരിക്കുന്നവർക്ക് മാത്രമാണ് മലിനം. എന്നാൽ മലിനമെന്ന് വിശ്വസിക്കുന്ന വ്യക്തിയുടെ അടുത്ത് വച്ചു ആ ഭക്ഷണം കഴിക്കുന്നത് ആ വ്യക്തിയെ വ്യസനിപ്പിക്കും. അതുപോലെ ആഭരണം മലിനം ആണെന്നും അത് മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റും എന്ന് വിശ്വസിക്കുന്ന ഒരു വലിയവിഭാഗം വിശ്വാസ സമൂഹം നമുക്കിടയിലുണ്ട്. അവരുടെ ഇടയിൽ ആഭരണം ധരിക്കുന്നത് അവരെ വ്യസനിപ്പിക്കുകയും അവരുടെ വിശ്വാസത്തിന് ഇടർച്ച വരുത്തുകയും ചെയ്യും.
ഇരുപതാം വാക്യം കൂടെ ശ്രദ്ധിച്ചാൽ ഈ കാര്യം കൂടുതൽ വ്യക്തമാകും. \” എല്ലാം ശുദ്ധ തന്നെ, എങ്കിലും ഇടർച്ച വറുത്തുമാര് തിന്നുന്ന മനുഷ്യന് അത് ദോഷമാത്രേ. \” ഇതിനർത്ഥ മുകളിൽ പറഞ്ഞപോലെ ഒരു ഒരു വിഭാഗം ആളുകൾക്ക് ആളുകൾ അശുദ്ധം എന്ന് വിശ്വസിക്കുന്ന ആഭരണം അവരുടെ ഇടയിൽ ഒരാൾ ധരിച്ചാൽ ആ മനുഷ്യൻ ആ ആളുകളുടെ വിശ്വാസത്തിന് ഇടർച്ച വരുത്തുന്നു. ഇത് ആഭരണം ധരിക്കുന്ന വ്യക്തിക്ക് പാപമായി തീർന്നു. ഇരുപത്തിയൊന്നാം വാക്യത്തിൽ പറയുന്നതനുസരിച്ച് \”സഹോദരന് ഇടർച്ച വരുത്താത്തതായ യാതൊന്നും ചെയ്യാതിരിക്കുന്നത് നല്ലത്\” എന്നു പറയുന്നു. അങ്ങനെയെങ്കിൽ ആഭരണം ധരിക്കാത്ത പെന്തക്കോസ്ത് സമൂഹത്തിൽ ആഭരണം ധരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ആഭരണം ധരിക്കുന്നത് മറ്റുള്ളവരുടെ വിശ്വാസത്തിന് ഇടർച്ച വരുത്തുന്നതായത് കൊണ്ട് പെന്തകോസ്ത് സമൂഹത്തിനിടയിൽ അത് പാപമാണ്.
ആഭരണം ദൈവത്തിൽ നിന്നും അകറ്റുന്ന പാപമാണെന്ന ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിയുകയില്ല എന്നാൽ നമ്മൾ ആയിരിക്കുന്ന സാമൂഹിക പശ്ചാത്തലവും വിശ്വാസങ്ങളും ആഭരണധാരണം ഒരു പാപം ആക്കി മാറ്റിയിട്ടുണ്ട്. നമ്മുടെ പിതാക്കന്മാർ കൊണ്ടുവന്ന നിയമങ്ങളും നിയന്ത്രണങ്ങളും ആണ് നമ്മുടെ പെന്തക്കോസ്ത് സമൂഹത്തിൽ അതു പാപമായി തീർന്നത്. നമ്മുടെ കൂട്ട് വിശ്വാസിക്ക് ഇടർച്ച വരുത്താത്ത രീതിയിൽ ആ നിയമങ്ങൾ അനുസരിച്ച് പോന്നാൽ മാത്രമേ ദൈവസന്നിധി നാം ഈ വിഷയത്തിൽ പാപ രഹിതരായി തീരുകയുള്ള. _സദൃശ്യവാക്യങ്ങൾ :22:28_ ഇപ്രകാരം പറയുന്നു \”നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന അതിർ നീ മാറ്റരുത്. \” അതിനാൽ പിതാക്കന്മാർ നമുക്ക് തന്നിട്ടുള്ള അതിരു നാം കടക്കാതെ ആ നിയമത്തിനും നിയന്ത്രണത്തിനും ഉള്ളിൽ ജീവിക്കുന്നതാണ് ദൈവമക്കൾക്കു അനുയോജ്യം.

Leave A Reply

Your email address will not be published.