ഇന്തോനേഷ്യ : ദൈവദൂഷണവും വെറുപ്പുളവാക്കുന്ന പ്രസംഗവും തടയുന്ന നിയമങ്ങൾ ലംഘിച്ചതിന് ഇന്തോനേഷ്യൻ ക്രിസ്ത്യൻ പാസ്റ്റർ ഡെഡി സപുത്രയ്ക്ക് (31) രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു. ബന്ദ അസെ കോടതിയിലെ ജഡ്ജിമാരുടെ ബെഞ്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ അറസ്റ്റിലായ ഇദ്ദേഹത്തിന്റെ തടവുകാലം ശിക്ഷാകാലളവിൽ ഉൾപ്പെടും.
മുസ്ലിം പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാഹങ്ങളെക്കുറിച്ച് ടിക് ടോക്കിൽ നൽകിയ മറുപടിയാണ് കേസിന് ആസ്പദമായത്. മുൻപ് മുസ്ലിമായിരുന്ന ഇദ്ദേഹം അസെ പ്രവിശ്യയിൽ നിന്നുള്ള വ്യക്തിയാണ്. പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വെസ്റ്റ് കാളിമന്താൻ പ്രവിശ്യയിൽ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു.
അസെയിലെ ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ പരാതിയെത്തുടർന്നാണ് പോലീസും മറ്റ് സർക്കാർ സംവിധാനങ്ങളും നടപടിയെടുത്തത്. അദ്ദേഹത്തിന് നാല് വർഷത്തെ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ അവർ തീരുമാനമെടുത്തിട്ടില്ല.

Comments are closed.