Ultimate magazine theme for WordPress.

നാഗൽ സ്മരണയിലൊരു നഗരവീഥി……..

റോജിൻ പൈനുംമൂട്

ഫോൾബ്രെഷ്റ്റ് നാഗൽ അല്ലെങ്കിൽ വി. നാഗൽ എന്ന പേര് മലയാളികളിൽ അധികം പേർക്കും അറിയാൻ വഴിയില്ല . ഒരു പക്ഷേ, മലയാളിക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനമേതെന്നു ചോദിച്ചാൽ ഭൂരിപക്ഷവും പറയുക \”സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു” എന്നതാകും. ശവസംസ്‌കാരവേളയിൽ മുഴങ്ങിക്കേൾക്കുന്ന ഈ ഗാനം യഥാർത്ഥത്തിൽ വിലാപഗാനമല്ല. എഴുതിയത് ഒരു മലയാളിയുമല്ല.. കേരളം രൂപീകൃതമാകുംമുൻപ് മലയാളമണ്ണില്‍ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്.ഒരിക്കലും ഇതൊരു സെമിത്തേരി ഗാനമാകുമെന്നു നാഗൽ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.
\"\"

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു എന്ന ഗാനത്തിലൂടെ യശസ്സ് പകുത്തുകിട്ടിയ കുന്നംകുളത്തുകാർ പ്രിയ നാഗൽ സായിപ്പിൻറെ സ്മരണ നിലനിർത്താൻ സ്വന്തം നഗരത്തിലെ റോഡിന് അദ്ദേഹത്തിൻറെ നാമകരണം നൽകി.കുന്നംകുളം പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിനാണ് മിഷനറി വി നാഗൽ റോഡ് എന്ന് കുന്നംകുളം നഗരസഭ അധിക്യതർ പേരിട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ നഗരസഭ ഏഴാം വാർഡ് കൗൺസിലറായ പി.ഐ തോമസിൻ്റെ ശ്രമഫലമായാണ് റോഡിന് നാഗൽ സായ്പ്പിൻ്റെ പേര് ലഭിച്ചത്.ഗാനരചയിതാവ് ഓർമ്മയായിട്ട് 100 വർഷം തികയുവാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ നാഗൽ രചിച്ച ഗാനം മരണമില്ലാതെ ജനഹൃദയങ്ങളിൽ ഇന്നും നിലനിൽക്കുന്നു. നാഗൽ സായിപ്പ് കുന്നംകുളത്ത് എത്തിയശേഷം കുറേക്കാലം കുന്നംകുളത്തുകാരോടൊപ്പം ജീവിച്ച് പ്രേക്ഷിതപ്രവർത്തനം ചെയ്തത് വിസ്മരിക്കാൻ കഴിയുന്നതല്ലെന്ന് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ വ്യക്തമാക്കി.ആ മഹത് വ്യക്തിയുടെ ഓർമ്മ നിലനിർത്തുകകൂടിയാണ് ഈ റോഡിൻ്റെ നാമകരണത്തിലൂടെ നടക്കുന്നതെന്നും . ക്രൈസ്തവകൈരളിക്ക് മാത്രമല്ല കുന്നംകുളത്തുകാർക്കും ഒരിക്കലും മറക്കാനാകാത്ത മിഷനറി വി നാഗലിൻ്റെ ഓർമ്മ നിലനിർത്താൻ വേണ്ടതൊക്കെ ചെയ്യുമെന്നും അവർ പറഞ്ഞു.

\"\"

നാഗൽ കുന്നംകുളത്ത് സ്ഥാപിച്ച ബ്രദറൺ സഭ \”ബഥേൽ ഹാൾ \” വി നാഗൽ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.ബഥേൽ ഹാളിലെ സീനിയർ ശുശ്രൂഷകൻ ബ്രദർ തോമസ് ഡേവിഡ് (ബാബു) ൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് റോഡിന് ഈ പേര് നൽകാൻ പ്രേരിപ്പിച്ചതെന്ന് മുൻ കൗൺസിലർ തോമസ് പറഞ്ഞു.

1893ല്‍ ആണ് ബാസൽ മിഷന്‍ മിഷനറിയായി നാഗൽ കണ്ണൂരിൽ കാലുകുത്തിയത്. നാഗൽ പിന്നീട് വാണിയംകുളത്തേക്കു പ്രവർത്തനമേഖല മാറ്റി, പിന്നാലെ ബാസൽ മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവര്‍ത്തനമേഖല.

റെയില്‍വേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവൽ മിച്ചലിൻറെ മകളും അധ്യാപികയുമായ ഹാരിയറ്റ്‌ സബീന മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്ത് നടന്നു. മലയാള ഭാഷയില്‍ നാഗലിനുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സഹായിച്ചത്
ഹാരിയറ്റാണ്. മിഷനറിയുടെ ഭാര്യയായതിനാല്‍ നഴ്‌സിങ് ജോലി അറിഞ്ഞിരിക്കുന്നത് നല്ലതെന്നു കണ്ട ഹാരിയറ്റ് മദ്രാസിൽ നിന്ന് ഹ്രസ്വകാല മിഡ്‌വൈഫറി കോഴ്‌സ് പൂര്‍ത്തിയാക്കി ഭർത്താവിനൊപ്പം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതയായി.

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകത്തിൽ നമ്മുടെ നാട്ടിൽ വസൂരി, കോളറ, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയമായിരുന്നു നാഗലിന്‍റെ പ്രവർത്തനകാലം. ഈ കൊറോണക്കാലത്തു നാഗൽ അന്ന് ചെയ്‌ത സേവനങ്ങൾ സ്മരണാര്‍ഹമാണ്. അക്കാലത്തു വസൂരി ധാരാളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. രോഗികളെ വസൂരി നോട്ടക്കാരെ ഏൽപ്പിച്ചു വീട്ടുകാരും അടുത്ത ബന്ധുക്കളും യാത്രയാകന്നതായിരുന്നു ഏറെ വേദനാജനകം. അപൂർവം ചിലർ വീടുകളിൽ കിടത്തി
ചികത്സ നടത്തിയിരുന്നു. അന്ന് ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സാമീപ്യമില്ലാതെ രോഗികള്‍ അനുഭവിച്ചിരുന്ന ഏകാന്തത വസൂരിയെക്കാൾ ഭയാനകമായിരുന്നു. വസൂരിപ്പുരകളിൽ പരിചരണത്തിന് കുറെ ആളുകൾ ഉണ്ടാകും. ഇതില്‍ മിക്കവരും
മദ്യപിക്കുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാഗല്‍ വസൂരിപ്പുരകൾ സന്ദർശിച്ചിരുന്നത്.

പാവപ്പെട്ടവരുടെ വീടുകളിൽ കുമ്മായം കുഴയ്ക്കാനും വീടുപണിക്ക് മുളയും, ഓലയും ചുമക്കാനും അവർക്കൊപ്പമിരുന്ന് കപ്പയും മുളകും കഴിക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്ന നാഗൽ തൃശൂരിന് സമീപം നെല്ലിക്കുന്നിൽ പെൺകുട്ടികൾക്കായി രെഹാബോത്ത് എന്ന അനാഥാലയവും ആരംഭിച്ചു. ഇരുപത്തിയൊന്ന് വര്‍ഷമായിരുന്നു നാഗലിന്റെ കേരളത്തിലെ പ്രവർത്തനം. ഏഴു മക്കളായിരുന്നു നാഗൽ -ഹാരിയറ്റ്‌ ദമ്പതികൾക്ക്. ഇതിൽ രണ്ടു പേർ ശൈശവത്തിൽ തന്നെ മരണപെട്ടു. മൂത്തമക്കളായ സാമുവലിനെയും തിയോഡറിനെയും ഉപരിപഠനത്തിനു ചേർക്കാനാണ് നാഗൽ 1914ൽ ജർമനിക്ക് പോയത്. ഭാര്യയും മറ്റ് മൂന്നു മക്കളും തൃശൂരിൽ. നിർഭാഗ്യവശാൽ അപ്പോഴത്തേക്കും ഒന്നാം ലോകമഹായുദ്ധത്തിന് കാഹളം മുഴങ്ങി. 1918 ൽ യുദ്ധം അവസാനിച്ചശേഷം ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ജർമനിയിലെ വീഡനസ്റ്റിനിലുള്ള വേദപഠനശാലയിൽ അധ്യാപകനായി. 1921 ഫെബ്രുവരിയിൽ ഒരു ആഘാതം മൂലം രോഗാതുരനായ നാഗലിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ഹാരിയറ്റ് ജർമനിയിലെത്തി. ഇതിനിടെ ഇന്ത്യയില്‍ മടങ്ങിയെത്താന്‍ അനുമതി ലഭിച്ചെങ്കിലും ഏറെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മലയാള നാട് കാണാതെ 1921 മെയ് 21ന് നാഗല്‍ സായിപ്പ് സമയരഥത്തില്‍ യാത്രതിരിച്ചു.

മാതൃഭാഷ ജർമൻ ആയിരുന്നെങ്കിലും നന്നായി മലയാളം സംസാരിച്ചിരുന്ന നാഗല്‍, ഇപ്പോഴും ക്രൈസ്തവ ആരാധനകളില്‍ മുഴങ്ങാറുള്ള ഒട്ടേറെ സ്തുതിഗീതങ്ങളും രചിച്ചു. അറുപതിലേറെ ഗാനങ്ങൾ രചിച്ച നാഗൽ മലയാളം നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും പഠിച്ചു. മലയാള വ്യാകരണത്തിലും സംസ്‌കൃതത്തിലും സാമാന്യജ്ഞാനം നേടി .

മരണത്തിൻറെ ശതാബ്ദി വർഷമായിട്ടും നാഗൽ സായിപ്പിനെക്കുറിച്ച് കുന്നംകുളത്തുകാർക്ക് അനേകം ഓർമ്മകൾ ഇന്നും ബാക്കി നില്ക്കുകയാണ്. സമയമാം രഥത്തിലെ… ഹൃദയസ്പര്‍ശിയായ വരികള്‍ ഉയരുമ്പോൾ ഹൃദയമിടിപ്പുണ്ടാകുമെങ്കിലും നിറകണ്ണുകളോടെ അവ പലരും മൂളിപ്പാടുമെന്നുറപ്പ്. അതുകൊണ്ടു തന്നെയാണ് നൂറ്റാണ്ടൊന്ന് പിന്നിട്ടിട്ടും ഗാനത്തിനും രചയിതാവ് നാഗല്‍ സായിപ്പിന്‍റെ ഓര്‍മകള്‍ക്കും മരണമില്ലാത്തതും. മരണഭയമുള്ളവരെയും ശാന്തതയിലേക്കു വിലയിപ്പിക്കുവാനുള്ള പരിചരണശേഷിയോടെ. ഇന്നും ഈ ഗാനം ജനമനസുകളിൽ ജീവിക്കുന്നു.

Leave A Reply

Your email address will not be published.