തിരുവനന്തപുരം: ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാറെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സംഘപരിവാറിന്റെ ആളുകൾ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും.
ബിജെപി ഭരിക്കുന്ന ചത്തിസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയില്‍ പൊതുവിടങ്ങളില്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിർദേശം നല്‍കിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പങ്കുവെച്ച ഫെയ്സ്ബുക്ക് സന്ദേശത്തിൽ പറയുന്നു.
വളരെ ഭീതിജനകമായ അന്തരീക്ഷമാണിത്. മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നല്‍കുന്ന അവകശങ്ങള്‍ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്‌എസിൻ്റെയോ ഔദാര്യമല്ല. ചത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Comments are closed.