Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്എസിനും എതിരായ നീക്കം ശക്തമാക്കുമെന്ന് കോൺഗ്രസ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർ​ഗിൽ പൊലിസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റം​ഗ്ദൾ പരാതി നൽകിയത്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റം​ഗ്ദളാണെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. കന്യാസ്ത്രീകൾക്ക് എതിരെ മൊഴി നൽകാൻ ഇവർ പെൺകുട്ടികളെ നിർബന്ധിച്ചെന്നും കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം നിത്യസംഭവമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഛത്തീസ്ഗഡ് പിസിസി അദ്ധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിഷയത്തിൽ ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയും പ്രധാനമന്ത്രിക്ക് കത്ത് നൽകി.

ഇതിനിടെ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് സാന്നിധ്യത്തിൽ കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ്ദൾ പ്രവർത്തകർ പരിശോധിക്കുന്നുണ്ട്.

Sharjah city AG

Comments are closed.