Official Website

കടുനയിൽ തട്ടിക്കൊണ്ടുപോയ വൈദികന് 40 ദിവസങ്ങൾക്കു ശേഷം മോചനം

0 238

കടൂണ: നൈജീരിയയിലെ കടൂനയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികൻ ഫെലിക്സ് സക്കാരി ഫിഡ്സനു മോചനം. തട്ടിക്കൊണ്ടുപോയി 40 ദിവസങ്ങൾക്കു ശേഷമാണ് മെയ് മൂന്നാം തീയതി മോചിക്കപ്പെട്ടതെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച വിശ്വാസികൾക്ക് മെയ് നാലാം തീയതി പ്രസിദ്ധീകരിച്ച കുറിപ്പിൽ രൂപതാ ചാൻസലർ ഫാ. പാട്രിക് നന്ദി രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകപെട്ട മറ്റുള്ള ആളുകളുടെ മോചനത്തിനുവേണ്ടി പ്രാർത്ഥന തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നൈജീരിയയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് രൂപത ചാൻസലർ വിശ്വാസികളോട് ആവശ്യപ്പെട്ടു. ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം സഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് നൈജീരിയയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബൊക്കോ ഹറം എന്ന തീവ്രവാദ സംഘടന രൂപമെടുത്തതു മുതൽ വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യവും, അവിടുത്തെ ക്രൈസ്തവ വിശ്വാസികളും കടന്നു പോകുന്നത്. മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരിൽ നിന്നും ക്രൈസ്തവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. 2022ൽ ഇന്റർ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം 25 വൈദികർ രാജ്യത്ത് കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകലിന് വിധേയമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

Comments
Loading...
%d bloggers like this: