ഹേരൂർ ഗ്രാമത്തിൽ സഭാഹാൾ ഉദ്ഘാടനത്തിനിടെ സംഘർഷാവസ്ഥ: പാസ്റ്ററിനെയും വിശ്വാസികളേയും ചോദ്യം ചെയ്ത് വിട്ടയച്ചു
സുൻടികൊപ്പ: കൊടഗു ജില്ലയിലെ സുൻടികൊപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ നാകൂർ-ശിരംഗാല ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഹേരൂർ ഗ്രാമത്തിൽ സഭാഹാൾ ഉദ്ഘാടനത്തിനിടെ സംഘർഷാവസ്ഥ രൂപപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിശ്വാസികളും പ്രദേശത്തെ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ ചില ക്രൈസ്തവ വിരുദ്ധ സംഘങ്ങൾ സ്ഥലത്തെത്തി പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി എന്നാണ് വിവരം. നാട്ടുകാരും ഹാഡി നിവാസികളും തമ്മിൽ തർക്കമുണ്ടായതോടെ കുറച്ച് നേരം സ്ഥിതി ഉത്കണ്ഠാജനകമായി.
സംഭവവിവരം അറിഞ്ഞ ഉടൻ കുശാൽനഗര സർക്കിൾ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ സുൻടികൊപ്പ കുശാൽനഗര സ്റ്റേഷനുകളിലെ പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. തുടർന്ന് സഭാ ശുശ്രൂഷകനായ രംഗ ഉൾപ്പെടെ തമിഴ്നാട്ടിൽ നിന്ന് എത്തിയ നാൽപതിൽപരം വിശ്വാസികളേയും
സുൻടികൊപ്പ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.
പരിപാടി, കെട്ടിട നിർമ്മാണം, നാട്ടുകാരുടെ എതിർപ്പുകൾ എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തിയ ശേഷം, മൊഴിപത്രം എഴുതി വാങ്ങി ഇവരെ വിട്ടയച്ചു.
“ഞങ്ങൾ സമാധാനപരമായി പ്രാർത്ഥനാ യോഗം നടത്തുകയായിരുന്നു, മതസ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നത് ശരിയല്ല,” എന്ന് ഹാഡിയിലെ വിശ്വാസികൾ പ്രതികരിച്ചു.
അതേസമയം, സഭാഹാൾ നിർമ്മാണത്തിനും ഉദ്ഘാടന പരിപാടിക്കും ആവശ്യമായ അനുമതികൾ എടുത്തിട്ടില്ലെന്നാരോപിച്ച് ചില പ്രാദേശിക സംഘടനകൾ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സോഷ്യൽ വെൽഫെയർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി പോലീസ് സുരക്ഷ ശക്തമാക്കിയതായും നിലവിൽ സ്ഥിതി ശാന്തമാണെന്നും സ്ഥലം സന്ദർശിച്ച പാസ്റ്റർ. ഫ്രെഡി കൂർഗ്, പാസ്റ്റർ. എബ്രഹാം കോശി എന്നിവർ അറിയിച്ചു
വാർത്ത: പാ.ഫ്രെഡി കൂർഗ്

Comments are closed.