
ഹബകുക്ക് 2:3 “ദർശനത്തിന് ഒരു അവധി വച്ചിരിക്കുന്നു അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു സമയം തെറ്റുകയില്ല അതു വൈകിയാലും അതിനായി കാത്തിരിക്കുക അത് വരും നിശ്ചയം താമസിക്കയുമില്ല”
ജീവിതത്തിൽ എങ്ങനെ മുമ്പോട്ട് പോകണം എന്നറിയാതെ നിൽക്കുന്ന ചില നിമിഷങ്ങളില്ലേ? അപ്പോഴും നമ്മെ മുൻപോട്ടു പോകാൻ പ്രേരിപ്പിക്കുന്നത് ചില ദൈവിക വാഗ്ദത്തങ്ങളല്ലേ? ജീവിതത്തിലെ ദർശനങ്ങൾ വെളിപ്പെടുന്ന നാളിനായി നാം കാത്തിരിക്കണം! അതുവരെ ഹൃദയത്തിൽ മടുപ്പു വരാതെ യാത്ര ചെയ്യണം; അതിനു നമ്മെ പ്രേരിപ്പിക്കുന്ന നല്ല വചന ചിന്തകളെ നാം ആശ്രയിക്കണം !
അതു മാത്രം ചിന്തിച്ച് ലക്ഷ്യത്തിലേക്കു തന്നെ കുതിക്കണം!!
ജീവിതത്തിൽ എല്ലാം വൈകി എന്നു തോന്നുന്നവർക്ക് ആശ്വാസം നൽകുന്ന ചില ചിന്താശകലങ്ങൾ ഞാൻ കുറിക്കാം! എപ്പോഴും എന്നെ ഓർമിപ്പിച്ച് ഉണർത്തി എന്നിൽ ആശ്വാസം നൽകിയ വാക്കുകളാണ് ഞാൻ പങ്കുവയ്ക്കുന്നത്.
നല്ലൊരു സമ്മാനം അടുത്ത ദിവസം ലഭിക്കുമെന്നുള്ള വാഗ്ദാനം ആരിൽ നിന്നെങ്കിലും നിങ്ങൾക്ക് ലഭിച്ചെന്ന് കരുതുക! വ്യഗ്രതയോടെ ആ ദിവസം എത്താനായി നിങ്ങൾ കാത്തിരിക്കില്ലേ? കാത്തിരിപ്പിന്റെ ഒടുവിൽ നമ്മുടെ മുൻപിൽ ഒരു വലിയ പൊതിയിൽ സമ്മാനവുമായി അയാൾ എത്തുന്നു. നാം അതിസന്തോഷത്തോടെ ഉള്ളിലെ സമ്മാനം കാണുവാൻ പൊതി അഴിച്ചു തുടങ്ങുന്നു. വർണ്ണപേപ്പർ കുറേ അഴിച്ചിട്ടും സമ്മാനം എത്തുന്നതുമില്ല! പെട്ടെന്ന് നാം മടുക്കുന്നു! നമ്മുടെ ഉള്ളിനുള്ളിൽ നിരാശ കയറി വരുന്നു! അപ്പോൾ ആ വ്യക്തി നമ്മെ മുൻപോട്ട് തുറക്കാൻ പ്രേരിപ്പിക്കുന്നു. ഏറ്റവും വലിയ സമ്മാനമാണ് അതിനുള്ളിലെന്ന നിലയിൽ ഓരോ പൊതിച്ചിലും വീണ്ടും അഴിച്ചു മാറ്റി,ഏറ്റവും ഒടുവിൽ നാം ആ വലിയ സമ്മാനത്തിന്റെ മുൻപിലെത്തുന്നു; നാം അത് കരസ്ഥമാക്കുന്നു.
നമ്മുടെ സന്തോഷം എത്രമാത്രമാണെന്ന് ഒന്നോർത്തു നോക്കൂ!അത്രയും നേരം മടുത്തെന്നു തോന്നിയ നമ്മൾ അപ്പോൾ ഒരു ഗൗരവത്തോടെ തല ഉയർത്തുവാൻ ശ്രമിക്കില്ലേ? ഇത്രയും കഷ്ടപ്പെട്ട് ഞാൻ വലിയ സമ്മാനം കരസ്ഥമാക്കി എന്ന നിലയിൽ ചിന്തിക്കില്ലേ?
ഇതുപോലെ ഓരോ ദൈവീക വാഗ്ദത്തങ്ങളെയും നാം മുമ്പിൽ കാണുക ! ഓരോ സമ്മാനപ്പൊതികളും ദൈവീക വാഗ്ദത്തങ്ങളിലേക്ക് നടന്നടുക്കുന്നതിനിടയിലുള്ള ചില ദിനങ്ങളാണെന്നു കരുതുക! ഓരോ ദിനങ്ങളെയും ഓരോ സമ്മാനപ്പൊതികളായി എടുത്തു മാറ്റി ആ നല്ല ദൈവീക ദർശനങ്ങളുടെ നിവർത്തിയുടെ നല്ല നാളുകളിലേക്കാണ് നടന്നടുക്കുന്നത് എന്നോർത്ത് മനസ്സിനെ ധൈര്യപ്പെടുത്തുക! നല്ല നാളെ നോക്കി യാത്ര ചെയ്യുന്നതിനിടയിൽ ചില വേദനിപ്പിക്കുന്ന ഇന്നലെകൾ നമ്മെ മടുപ്പിച്ചേക്കാം; എങ്കിലും ഓർക്കുക ! വചനം പറയുന്നു:”ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട് ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്റെ ദൈവമാകുന്നു ഞാൻ നിന്നെ ശക്തീകരിക്കും ഞാൻ നിന്നെ സഹായിക്കും എന്റെ നീതിയുള്ള വലം കൈ കൊണ്ട് ഞാൻ നിന്നെ താങ്ങും”,” ഞാൻ നിന്നെ ഉപേക്ഷിക്കയില്ല കൈവിടുകയില്ല”
നമ്മുടെ നല്ല ദൈവം ഇന്നലകളെന്ന പൊതിച്ചിലിനെ അഴിച്ചു മാറ്റി നല്ല നാളെയുടെ നല്ല സമ്മാനങ്ങളിലേക്ക് അഥവാ വാഗ്ദത്തങ്ങളിലേക്ക് അഥവാ നിത്യതയിലേക്ക് നടന്നടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിൽ മടുപ്പു കടന്നു വരാതെ ഇന്നലകളെന്ന വർണ്ണപ്പൊതിച്ചിലിനെ അഴിച്ചുമാറ്റി ദൈവീക വാഗ്ദത്തങ്ങളുടെ നല്ല നാളെകളിലേക്ക്, ആ നല്ല സ്വർഗ കനാനിലേക്കൂ നടന്നടുക്കുവാൻ സ്വർഗ്ഗത്തിലെ ദൈവം നമ്മെ സഹായിക്കട്ടെ!