Ultimate magazine theme for WordPress.

ദൈവത്താലും ദൈവനാമത്താലും

പാസ്റ്റർ പ്രവീൺ പ്രചോദന

അവിശ്വസ്തത ആരു കാണിച്ചാലും അത് സഹിക്കാൻ കഴിയുന്നതല്ല.അപ്പോൾ ദൈവത്തോട് അവിശ്വസ്തത കാണിച്ചാൽ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കും.മറുവശം നീതിക്കുവേണ്ടി ഉപദ്രവം ഏൽക്കേണ്ടിവന്നാലും വിശ്വസ്തത കൈമുതലാക്കുന്ന വിശ്വാസിക്ക് അതിന്റെ പ്രതിഫലം പ്രശംസനീയമാണ്.

കോരഹ് പുത്രന്മാർ ദൈവത്തോടു പറയുന്നത് : നിന്റെ നിയമത്തോട് ഞങ്ങൾ അവിശ്വസ്തത കാണിച്ചിട്ടുമില്ല എന്നു പറയാനുള്ള പ്രാഗത്ഭയം ഉണ്ടാകണമെങ്കിൽ എത്രയധികം ത്യാഗം സഹിച്ചിട്ടുണ്ട് എന്നോർക്കാവുന്നതേയുള്ളൂ.

വന്യ മൃഗങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ‘കുറുക്കന്മാർ’ എവിടെയാണോ ഉള്ളത് അവിടെവെച്ച് ഞങ്ങളെ തകർത്തുകളഞ്ഞു. എന്നുവെച്ചാൽ മനുഷ്യർ താമസിക്കാൻ ഇഷ്ടം ഇല്ലാത്തയിടം, ക്ഷുദ്രജീവികളുടെ വാസസ്ഥലത്തുവെച്ചു, വെളിച്ചത്തിനു ലവലേശം പ്രവേശിക്കാൻ കഴിയാത്തിടത്തോളം കൂരിരുളിന്റെ മൂടിപൊതിഞ്ഞ അവസ്ഥാന്തരത്തിലും. എങ്കിലും ഞങ്ങൾ ദൈവത്തെ മറക്കുകയോ,അവിശ്വസ്തത കാണിക്കുകയോ ചെയ്തില്ല. പകരം ഉറപ്പോടെ ഏതൊരു കൂരിരുളിലും അടിപതറാതെ കാലടികൾ ദൈവവഴികളിൽ തന്നെ തുടർന്നു.

സകലരഹസ്യങ്ങളെയും ആരാഞ്ഞറിയുന്ന ദൈവമുമ്പാകെ ഭക്തന്മാരുടെ ഉറപ്പ് ഇന്നിന്റെ വിശ്വാസസമൂഹത്തിനു അനുകരണീയമാണ്. അവരുടെ പ്രഖ്യാപനങ്ങൾ ശ്രദ്ധേയവുമാണ്.
ഞങ്ങൾ ദൈവത്തെ മറക്കുകയോ?ഒരിക്കലുമില്ല.ദൈവത്തിനു കൊടുക്കേണ്ട മഹത്വം അന്യദൈവങ്ങൾക്ക് കൊടുക്കയില്ല.കാണുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയോ, അദൃശ്യമായോ,രഹസ്യമായോ ഹൃദയത്തിൽ ദൈവത്തെക്കാൾ മറ്റൊന്നിനും സ്ഥാനം കൊടുക്കുകയോ ചെയ്തിട്ടില്ല. ഇനി ഒരു പക്ഷെ അങ്ങനെയാണെങ്കിൽ ദൈവം ശോധനചെയ്യാതിരിക്കുമോ? തീർച്ചയായും.ദൈവത്തിനു സകലതും അറിയാം.

പ്രാണനെ വിലയേറിയതായി എണ്ണാതെ ദൈവത്തിനുവേണ്ടി മരിക്കുവാനും സന്നദ്ധത തെളിയിക്കുന്നത് അറുക്കുവാനുള്ള ആടുകളോട് സാമ്യപ്പെടുത്തുകയാണ്.രക്തസാക്ഷിത്വം വരിക്കുന്നതിന്റെ നേർചിത്രം ഇവിടെ ഒരു ക്രിസ്തുഭക്തനു ദർശിക്കാം. അതെ, നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും വേർപിരിക്കുക അസാധ്യം.

ഇത്രയും വീറോടെ നിൽക്കുന്ന ഞങ്ങളോട് നിന്റെ ദൈവം എവിടെ എന്നു ശത്രുഭാഗം ചോദിക്കാൻ ഇടവരാതിരിക്കേണ്ടതിനു…..,

• നിന്നെ മറക്കാത്ത
• നിന്നോട് അവിശ്വസ്തത കാണിക്കാത്ത
• നിന്റെ വഴി വിട്ടുമാറാത്ത ഞങ്ങൾക്ക് വേണ്ടി

1.ദൈവമേ ഉണർന്നു എഴുന്നേൽക്കണം – ഞങ്ങളെ തള്ളിക്കളയരുത്.

2.ദൈവമേ നിന്റെ മുഖത്തെ മറയ്ക്കരുത് – ഞങ്ങളെ മറന്നുകളയയുമരുത്.

3.ദൈവമേ ഞങ്ങളെ സഹായിക്കണം – നിന്റെ ദയകൊണ്ട് വീണ്ടെടുക്കണം.

പ്രീയരെ,ദൈവം നമുക്കെല്ലാമെല്ലാമല്ലോ! ആ ദൈവത്തിനായി നമ്മെയും സമ്പൂർണ്ണമായി സമർപ്പിക്കാം.

Sharjah city AG

Comments are closed.