Ultimate magazine theme for WordPress.

മനുഷ്യപുത്രൻമാരിൽ അതിസുന്ദരനും ശോഭപരിപൂർണ്ണയായ രാജകുമാരിയും

പാസ്റ്റർ പ്രവീൺ പ്രചോദന

ഒരു വ്യക്തിയുടെ ഉള്ളിൽ അങ്കുരിക്കുന്ന സ്നേഹത്തെ താൻ ആഗ്രഹിക്കുന്ന ആളിലേക്ക് പ്രവഹിപ്പിക്കുവാൻ കണ്ടെത്തുന്ന മാർഗ്ഗരേഖയാണ് പ്രേമഗീതം.ഇതു കേവലം ജഡീക വികാരങ്ങളെ വെളിപ്പെടുത്തുന്നതല്ല.ഏറ്റുപാടാൻ നാവിനും,കേട്ടുകൊണ്ടേയിരിക്കാൻ കാതിനും,ആസ്വാദനമായി മനസ്സിലും നിലനിറുത്തേണ്ടതാണ്.
സങ്കീർത്തനത്തിലെ വിവക്ഷ: ദൈവത്തിനു തന്റെ ജനത്തോടുള്ള പ്രേമത്തെ വെളിവാക്കുന്നു.
പൊരുളായ വിധത്തിൽ: ക്രിസ്തുവും സഭയും തമ്മിലുള്ള പരിപാവനമായ പ്രേമത്തെ ഉണർത്തുന്നു.
ചരിത്രപരമായി വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെങ്കിലും യെഹൂദന്മാരുടെ ഇടയിൽ വിവാഹശുശ്രൂഷ തുടങ്ങുമ്പോൾ എല്ലാവരും ചേർന്നു പാടുന്ന സങ്കീർത്തനമാണ് 45ാം സങ്കീർത്തനം. ഇന്നും ക്രൈസ്തവ വിവാഹവേദികളിൽ എങ്ങും പാടുന്നതിനു നാം സാക്ഷികളുമാണല്ലോ.

ഈ സങ്കീർത്തനത്തിൽ നിന്നും എബ്രായ ലേഖകന്റെ ഉദ്ദരണി ക്രിസ്തുവിലേക്ക് കേന്ദ്രീകരിക്കുന്നു.ആയതിനാൽ ഇതു മറ്റൊരു മശിഹാ സങ്കീർത്തനവും കൂടിയാണ്.

എഴുത്തുകാരൻ തന്നെകുറിച്ചു പറഞ്ഞുകൊണ്ട് ആരംഭിക്കുകയാണ്. ശുഭവചനങ്ങളാൽ തിങ്ങിയ തന്റെ ഹൃദയം, വാക്കുകളായി നിർഗളിക്കുന്നു, അവ നാവിലൂടെ പുറത്തുവരുന്നു. ‘ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത് ‘. വാക്കുകൾക്ക് ക്ഷാമമില്ലാതെ എഴുത്തുകാരൻ സാമർത്ഥ്യത്തോടെ അതിസുന്ദരനായ ആത്മപ്രീയനെ വർണ്ണിക്കുകയാണ്.ഉള്ളിൽ നിറഞ്ഞ പരിശുദ്ധാത്മാവ് പകർന്നുകൊടുത്ത ശുഭവചനങ്ങൾ പ്രീയനെക്കുറിച്ചു വാചാലമാകുവാൻ തന്നെ അധികമായി പ്രേരിപ്പിക്കുകയാണ്.

പ്രാരംഭം തന്റെ അവസ്ഥകളെ ചൂണ്ടികൊണ്ട്,തുടർന്നു രാജാവും പ്രീയനായവനെയും കുറിച്ചു പാടുവാൻ കാംക്ഷിക്കുകയാണ്. ഒരുപാട് വിവരണങ്ങൾ പറയുന്നുവെങ്കിലും “അതിസുന്ദരൻ” എന്ന പ്രയോഗം ഉത്തമഗീതത്തിലെ കാന്തയുടെ വാക്കുകളിലേക്ക് ശ്രദ്ധ തിരിക്കുന്നു. “എന്റെ പ്രീയൻ വെണ്മയും ചുവപ്പുമുള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ”.

നമ്മുടെ വാക്കുകൾ കൃപയോടുകൂടിയതായിരിക്കണം. എന്നുവെച്ചാൽ, സൗന്ദര്യത്തിനല്ല പ്രാധാന്യം, നമ്മുടെ വാക്കുകളിൽ ലാവണ്യം നിറഞ്ഞിരിക്കണം. അത് നമുക്ക് അനുഗ്രഹത്തെ കൊണ്ടുവരും. യേശുവിന്റെ വാക്കുകൾ തന്നെ ഏറ്റവും മകുടോദാഹരണമാണ്.(ലൂക്കോ 4:22,24:19).

വീരനായുള്ളോവേ എന്ന പ്രയോഗം പ്രവാചകനുമുമ്പേ സങ്കീർത്തനക്കാരൻ വെളിപ്പെടുത്തിയിരിക്കുന്നു. യെശയ്യാ പ്രവാചകൻ “വീരനാം ദൈവം ” എന്നുകൂടി ഉറപ്പിച്ചു പറഞ്ഞിരിക്കുമ്പോൾ യേശു ക്രിസ്തുവാണ് ആ വീരനായ ഒരുവൻ. അവൻ വാൾ അരയ്ക്കു കെട്ടുന്നത് തന്റെ രാജകീയത്വത്തിന്റെ അടയാളമാണ്.ശത്രുസംഹാരത്തിനും വിജയത്തിനും അതു ഉതകുന്നു. ഒരിക്കൽ താണഭൂമിയിൽ താഴ്മധരിച്ചു വന്നവനെക്കുറിച്ചുള്ള ഭാവിവെളിപ്പാടും ശ്രെദ്ധേയമാണ് : അതവന്റെ (ക്രിസ്തുവിന്റെ) തേജസ്സും മഹിമയുമാണ്. സഭയാം മണവാട്ടിക്ക് ആനന്ദകരവുമാണ്.

മഹിമയോടെ വാഹനമേറി വരുന്നവന്റെ ക്ഷണം സ്വീകരിക്കാൻ സഭ എപ്പോഴും തയ്യാറായിരിക്കണം. സത്യത്തെയും, സൗമ്യതയെയും, നീതിയെയും നടപ്പിലാക്കേണ്ടതിനു മശിഹയാം ക്രിസ്തു വരികയാണ്. അവന്റെ വലങ്കരം ശത്രുവിനെ താളടിയക്കുവാൻ മതിയായതാണ്. മറ്റൊരു കരത്തിന്റെയോ, ശക്തിയുടെയോ, ഉപദേശകന്റെയോ ആവശ്യകത യേശുവിനു വേണ്ട. അവൻ സർവ്വാംഗ സുന്ദരനും, വീരനാം ദൈവവുമാണ്.

തുടരും….

Sharjah city AG

Comments are closed.