Ultimate magazine theme for WordPress.

അശരണരുടെ അഭയകേന്ദ്രം- “കൃപാഭവന്‍”

-കൊച്ചുമോന്‍ ആന്ത്യാരത്ത്

മലയോര മേഖലയായ ചിറ്റാർ. തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും എക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്കും പോകുന്ന വഴിക്ക് വനമേഖലയോട് ചേർന്ന് നില്‍ക്കുന്ന ഒരു പ്രകൃതിരമണീയായ ചെറു പട്ടണം. വർഷങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസപരമായും സാമൂഹികപരമായും അധികം വികസനമെത്താത്ത ചിറ്റാർ ഇന്നു വികസനത്തിന്‍റെ പാതയിലാണ്. ഈ പ്രദേശത്ത് സഭാ പ്രവർത്തനങ്ങളുടെ വളർച്ച പരിമിതപ്പെട്ടിരുന്ന കാലയളവില്‍ ദൈവീക ദർശന പ്രകാരം ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുമ്പ് കായംകുളത്തു നിന്നു ചെറുപ്പത്തിന്‍റെ പ്രസരിപ്പും ആത്മീയ ദർശനവും പ്രാപിച്ച് ചിറ്റാറില്‍ എത്തി ചെറിയ ഒരു പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 24 വർഷത്തെ പ്രവർത്തനത്തിന്‍റെ ഫലമായി കർത്താവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ഏകദേശം നൂറോളം കുടുംബങ്ങളുള്ള ഒരു വലിയ സഭയായി ഐ.പി.സി. ഫിലാദല്‍ഫിയ സഭ വളർന്നതിനു പിന്നില്‍ ഈ സഭയുടെ സീനിയർ ശുശ്രൂഷകനും കോന്നി സെന്‍റർ പാസ്റ്ററുമായ സാംകുട്ടി ജോണ്‍ എന്ന ദൈവ മനുഷ്യന്‍റെ പ്രാർത്ഥനയും ദീർഘവീഷണവുമാണ്.
ദേശത്ത് ദൈവസഭയുടെ വളർച്ചയുടെ കാലഘട്ടത്തില്‍ തന്നെ ദൈവസഭ ആരും ഇല്ലാത്ത കുട്ടികളെ പഴ്സനേളില്‍ തന്നെ പാർപ്പിച്ച് അവരുടെ വിദ്യാഭ്യാസം നടത്തുകയും മാനസ്സിക രോഗികളെയും ഉപേക്ഷിക്കപ്പെട്ടവരെയും ചേർത്തു നിർത്തി അവർക്ക് പരിചരണവും നല്‍കിയ ചരിത്രവും ഇവർക്കുണ്ട്. ആത്മീയ ശുശ്രൂഷ പ്രസംഗത്തില്‍ മാത്രമല്ല പ്രവർത്തനത്തിലും കാട്ടിക്കൊടുത്ത് വിശക്കുന്നവന് ആഹാരവും നഗ്നന് വസ്ത്രം കൊടുത്ത് ഉടുപ്പിക്കുകയും ഊട്ടുകയും ചെയ്ത് സുവിശേഷം അവരുമായി പങ്കിട്ട് ദൈവസഭയുടെ വ്യാപ്തിക്കായി ഇവർ പ്രവർത്തിക്കുന്നു. ആരും ഇല്ലാത്തവർക്ക് അഭയം കൊടുക്കുക എന്ന ദൈവീക ദർശന പ്രകാരവും ആഗ്രഹം പ്രകാരവുമാണ് കൃപാഭവന്‍റെ പിറവിയും … അതിന്‍റെ വളർച്ചയും

കൃപാഭവന്‍
ചിറ്റാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപാഭവന്‍ എന്ന സ്ഥാപനം പ്രധാനമായും ദൈവ വേലയില്‍ അധ്വാനിച്ച് വയോധികത്തില്‍ ആരും സംരക്ഷിക്കുവാന്‍ ഇല്ാത്തവരെ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രവർത്തനം ദൈവകൃപയില്‍ ആറുവർഷം പിന്നിടുവാന്‍ കർത്താവ് സഹായിച്ചു. പിന്നിട്ട വർഷങ്ങളില്‍ സമൂഹത്തില്‍ ആരും സംരക്ഷിക്കുവാന്‍ ഇല്ലാത്ത വ്യത്യസ്ത സാഹചര്യങ്ങളില്‍ ആയിരുന്ന 25ല്‍ പരം വ്യക്തികളെ ഈ സ്ഥാപനം ഏറ്റെടുത്ത് സംരക്ഷിക്കുകയുണ്ടായി. ഐ.പി.സി. ഫിലദല്‍ഫിയ ചിറ്റാർ സഭയിലെ ദൈവമക്കളുടെയും ദൈവ സ്നേഹമുള്‍ക്കൊണ്ടുകൊണ്ട് ആത്മാർത്ഥമായി സഹായിക്കുന്ന ചില സഹോദരങ്ങളുടെയും പ്രാർത്ഥനയുടെയും കൈത്താങ്ങളുമാണ് ഈ സ്ഥാപനത്തിന്‍റെ നിലനില്‍പ്. തികച്ചും വിശ്വാസത്താല്‍ ആരംഭിച്ച ഈ പ്രവർത്തനം മുന്നോട്ടു പോകുന്ന് ദൈവകൃപയില്‍ ആണ്. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിനു സ്വന്തമായി ഒരു കെട്ടിടം നിർമിക്കുവാന്‍ ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. ഐ.പി.സി. ഫിലദല്‍ഫിയ സഭാംഗമായ ബ്രദർ പ്രകാശ് കെട്ടിടം നിർമിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കുകയുണ്ടായി. തുടർ നിർമാണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികം ലഭിക്കേണ്ടതിനും നൂറുകണക്കിന് അശരണർക്കും സമൂഹത്തില്‍ തള്ളപ്പെട്ടവർക്കും ഈ സ്ഥാപനം ഒരു അഭയമായി മാറേണ്ടതിന് ഓരോരുത്തരുടെയും പ്രാർത്ഥനയും സഹകരണവും ആവശ്യമാണ്. ഈ സ്ഥാപനത്തിന്‍റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നത് സിസ്റ്റർ തങ്കമ്മ ശമുവേല്‍ ആണ്. സമൂഹത്തില്‍ ആരും സംരക്ഷിക്കുവാന്‍ ഇല്ലാത്ത വ്യക്തികള്‍ക്ക് ഒരു അഭയ കേന്ദ്രമായി മാറുകയാണ് ചിറ്റാറിന്‍റെ ഹൃദയ ഭാഗത്ത് വാടക കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന കൃപാഭവന്‍.
കൃപാഭവനിലെ മാതാപിതാക്കള്‍ക്ക് പറയുവാന്‍ ഓരോ കഥകളുണ്ട്. അത് എഴുതിയാല്‍ ഒരു പുസ്തകം മതിയാകത്തില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാട് മാത്രമല്ല, വൃദ്ധ സദനങ്ങളുടെയും നാടായി മാറുകയാണ്. ആരും നോക്കാന്‍ ഇല്ലാത്തവരും എല്ലാവരും ഉണ്ടായിട്ടും ആരും നോക്കാത്തവരും കൃപാഭവന്‍ കുടുംബാംഗങ്ങള്‍ ആണ്.
വൃദ്ധ സദനത്തിലെ മാതാപിതാക്കള്‍ പല നിലകളിലും നിലവാരത്തില്‍ നിന്നും എത്തിയവരാണ്. ശാരീരികമായി തീരെ അവശത അനുഭവിച്ചവർ ഇവിടുത്തെ പരിചരണത്തിന്‍റെയും പ്രാർത്ഥനയുടെയും ഫലമായി സൗഖ്യമായിവരുന്നുണ്ട്.
ചില നാളുകള്‍ക്ക് മുമ്പ് എന്‍റെ ഗ്രാമം പത്തനാപുരം എന്ന സംഘടന 24 വയസ് പ്രായമുള്ള ശരീരം മുഴുവന്‍ തളർന്നുപോയ ഒരു പെണ്‍കുട്ടിയും പ്രായമായ അതിന്‍റെ രണ്ടു കണ്ണും കാണാത്ത അമ്മച്ചിയെയും കൃപാഭവനില്‍ എത്തിച്ചു. ആ മകളെ പല ഹോസ്പിറ്റലിലും കാണിക്കുകയും കുട്ടി നടക്കത്തില്ല എന്നു പറഞ്ഞ സ്ഥാനത്ത് ദൈവസഭയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെയും മികച്ച ചികിത്സയുടെയും ഫലമായി ആ മകള്‍ ഇപ്പോള്‍ എഴുന്നേറ്റു നടക്കും. ഇത്തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവിടുത്തെ ഓരോ മാതാപിതാക്കള്‍ക്കും ഓരോ സാക്ഷ്യമുണ്ട്.
കൃപാഭവന്‍ പ്രവർത്തനങ്ങള്‍ക്ക് പാസ്റ്റർ സാംകുട്ടി ജോണ്‍ നേതൃത്വം നല്‍കുമ്പോള്‍ അതിന്‍റെ മുന്നില്‍ നിന്നു പ്രവർത്തിക്കുകയും ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നത് തന്‍റെ ഭാര്യ മേരിക്കുട്ടി സാം ആണ്. ഈ പ്രവർത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും സഹായവും സഹകരണവും നല്‍കുന്നതിന് ഐ.പി.സി. ഫിലാദല്‍ഫിയ ചിറ്റാർ ദൈവസഭയിലെ ഓരോ കുടുംബങ്ങളും ഓരോ വ്യക്തികളും മുന്നിട്ടു നില്‍ക്കുന്നത് അഭിനന്ദാർഹമാണ്.
വാടക കെട്ടിടത്തില്‍ നിന്നും മാറി ഇപ്പോള്‍ ലഭിച്ച സ്ഥലത്ത് കുറഞ്ഞത് 100 പേർക്കെങ്കിലും താമസിക്കാനും അവരെ പരിചരിക്കാനും ആവശ്യമായ ഒരു കെട്ടിടം പണിയുക എന്നതാണ് കൃപാഭവന്‍റെ അടുത്ത ലക്ഷ്യം. ഇവിടെ പ്രായമായ മാതാപിതാക്കളെ അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് ലഭിക്കേണ്ടതിനായും ഇവിടുത്തെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പോകുന്നതിനായും പ്രാർത്ഥിക്കുന്നു.
ഇവിടെ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ വീട്ടില്‍ നിന്നും ലഭിക്കുന്ന പരിചരണത്തേക്കാള്‍ ഉപരിയായി അവർ ഒറ്റപ്പെട്ടു താമസിക്കുന്നു എന്ന വേദന ഉണ്ടാകാതെ ഏതു സമയത്തും അവരെ ശുശ്രൂഷിക്കുന്ന സമർപ്പണമുള്ള ജീവനക്കാർ ആണ് കൃപാഭവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഏറ്റവും നല്ല രുചികരമായ ആഹാരവും വസ്ത്രവും വൈദ്യസഹായവും എത്തിച്ചുകൊടുക്കാന്‍ കൃപാഭവന്‍ എന്നും മുന്നിലാണ്. വിശ്വസികള്‍ മാത്രമല്ല, ഇതര സഭയില്‍പ്പെട്ടവരും വിവിധ സ്ഥലങ്ങളില്‍പ്പെട്ടവരും ഈ സ്ഥാപനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടം സന്ദർശിക്കുകയും അവരുടെ വിശേഷ ദിനങ്ങളിലും മറ്റും ഇവിടത്തെ അന്തേവാസികളോടൊപ്പം ആഹാരം കഴിച്ച് സന്തോഷത്തോടെ മടങ്ങിപ്പോകുന്ന അനേക സന്ദർഭങ്ങളും ഉണ്ട്.
കൃപാഭവന്‍ ഒരു ശുശ്രൂഷയാണ്. ആരുടെയും പേര് പ്രസിദ്ധമാക്കാന്‍ അല്ല, ദൈവനാമം മഹത്തീകരിക്കുന്നതിനും, കർത്തൃശുശ്രൂഷയില്‍ അവഗണിക്കപ്പെട്ട ഒറ്റപ്പെട്ട ഒരു കൂട്ടം ആള്‍ക്കാരെ അവസാന സമയങ്ങളില്‍ സമാധാനത്തോടെ അവരുടെ സമയം ചിലവഴിക്കാന്‍ ഒരു അഭയകേന്ദ്രം അല്ല ഒരു വിശ്രമകേന്ദ്രം ഒരുക്കുകയാണ് കൃപാഭവന്‍. ഇതിന്‍റെ തുടർ പ്രവർത്തനങ്ങള്‍ക്ക് നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. \"\"

Leave A Reply

Your email address will not be published.