കനത്ത വേനൽ ചൂടിൽ ഖത്തർ; ജാഗ്രത മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ:ഖത്തറിൽ 49 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുറെയ്‌ന, മിസൈമീർ, മുകൈനിസ്, ഖത്തർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങിൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ചൂട് കൂടി തുടങ്ങിയതോടെ ഉച്ച സമയത്ത് തൊഴിലാളികൾക്ക് ഖത്തറിൽ വിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻ കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.