Official Website

‘ചികിത്സാ ചെലവ് കൊവിഡിനെക്കാൾ ഭീകരം’: നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

0 371

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന കൊവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളത്തിൽ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണ്. ഈ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗ തീവ്രതയേക്കാൾ പതിന്മടങ്ങാണെന്നും കോടതി പറഞ്ഞു.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജികളടക്കം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എം ആര്‍ അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരക്ക് കുറയ്‌ക്കുന്ന കാര്യത്തിൽ പൊതുതാൽപ്പര്യമുണ്ടെന്നും ഇതിൽ സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് മെയ് നാലിന് മുൻപ് അറിയിക്കണമെന്നും കോടതി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്‌ക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ചർച്ചകൾക്കുള്ള ശ്രമം തുടരുകയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.കൊവിഡ് ചികിത്സയ്‌ക്ക് വിധേയമായ ആളുകളിൽ നിന്ന് ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണമെന്നും കൊവിഡ് കേസുകളിലെ വർധന ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. കൊവിഡ് ബാധയിൽ നിന്നും മുക്തമാകാമെങ്കിലും ചെലവിൽനിന്നു മുക്തമാകാൻ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതി ചൂണ്ടിക്കാട്ടി.

Comments
Loading...
%d bloggers like this: