റായ്പൂർ: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ ഇരുവരുടെയും മോചനം വേഗത്തിലാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ജൂലൈ 25-നാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഒപ്പം ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് ആദിവാസി യുവതികളും ഉണ്ടായിരുന്നു. യുവതികളെ മനുഷ്യക്കടത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിധേയരാക്കാൻ ശ്രമിച്ചു എന്നായിരുന്നു പോലീസ് ആരോപണം. ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് നടന്നത്.
കേസിൽ ജുഡീഷ്യൽ റിമാൻഡിലായ കന്യാസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. കേരളത്തിൽ നിന്നും ക്രൈസ്തവ സഭകളും വിവിധ രാഷ്ട്രീയ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ആരും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കിയിട്ടില്ലെന്ന് പോലീസിന് മൊഴി നൽകിയത് കേസിൽ വഴിത്തിരിവായി.
തുടർന്ന്, കന്യാസ്ത്രീകളുടെ അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷ NIA പ്രത്യേക കോടതി പരിഗണിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി 50,000 രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ജാമ്യം ലഭിച്ചതോടെ, എത്രയും പെട്ടെന്ന് നിയമപരമായ നടപടികൾ പൂർത്തിയാക്കി കന്യാസ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

Comments are closed.