കുമ്പനാട് എന്ന പ്രേതാലയം (കഴിഞ്ഞ ഭാഗം തുടര്‍ച്ച)
അന്നമ്മയുടെ അയൽക്കാരിൽ ഒരാൾ വീട് പൂട്ടി മാതാപിതാക്കളെ ബഹ്‌റൈനിലേക്ക് കൊണ്ടുപോയി.മറ്റൊരാൾ ദുബായിലേക്ക് മാറി ഒരു വൃദ്ധ ദമ്പതികൾക്ക് വീടും സ്ഥലവും വാടകയ്ക്ക് നൽകിയിരിക്കുന്നു. ആകെ വിജനമായ അന്തരീക്ഷം. കപ്പ, വാഴ, തേക്ക്.. മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതിക്ക് നടുവിൽ വിശാലമായ മുറ്റങ്ങളുള്ള വീടുകൾ ഒഴിഞ്ഞുകിടക്കുന്നു
ഇരുനില വീടിന്റെ ഉയരമുള്ള മെറ്റൽ സെക്യൂരിറ്റി ഗേറ്റിന് പിന്നിൽ ചുവന്ന ടൈൽ വിരിച്ച മുററത്ത് നിൽക്കുകയായിരുന്നു എഴുപത്തി നാലുകാരിയായ അന്നമ്മ ജേക്കബ്. കഴിഞ്ഞ ദീർഘ വർഷങ്ങളായി അവർ ഒറ്റയ്ക്ക് താമസിക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അന്നമ്മയുടെ ഭർത്താവ് 1980-കളുടെ തുടക്കത്തിൽ അന്തരിച്ചു. അമ്പത് വയസ്സുള്ള മകനാകട്ടെ, രണ്ട് പതിറ്റാണ്ടിലേറെയായി അബുദാബിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഒരു മകൾ കുറച്ച് മൈലുകൾ അകലെയാണ് താമസിക്കുന്നത്, പക്ഷേ അവളുടെ ഭർത്താവ് മൂന്ന് പതിറ്റാണ്ടായി ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്.
അന്നമ്മയുടെ അയൽക്കാരിൽ ഒരാൾ വീട് പൂട്ടി മാതാപിതാക്കളെ ബഹ്‌റൈനിലേക്ക് കൊണ്ടുപോയി.മറ്റൊരാൾ ദുബായിലേക്ക് മാറി ഒരു വൃദ്ധ ദമ്പതികൾക്ക് വീടും സ്ഥലവും വാടകയ്ക്ക് നൽകിയിരിക്കുന്നു. ആകെ വിജനമായ അന്തരീക്ഷം. കപ്പ, വാഴ, തേക്ക്.. മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതിക്ക് നടുവിൽ വിശാലമായ മുറ്റങ്ങളുള്ള വീടുകൾ ഒഴിഞ്ഞുകിടക്കുന്നു ! വീടുകളിലേക്കുള്ള വഴികളിൽ ഉണങ്ങിയ ഇലകൾ! കാറുകൾ പൊടിയിൽ മൂടിയിരിക്കുന്നു !കാവൽ നായ്ക്കളുടെ സ്ഥാനം സിസിടിവി ക്യാമറകൾ ഏറ്റെടുത്തു!
ഇന്ത്യയിലെ തിരക്കേറിയ പട്ടണങ്ങളിൽ നിന്നും വ്യത്യസ്‌തമായി കുമ്പനാട് ശരിക്കും വിജനവും പകുതി മരവിച്ചതുമാണ്. പഴയ ഒരു തലമുറ ഉപേക്ഷിച്ച ഗ്രാമമാണിത്! ശേഷിച്ച ചില വീടുകളിൽ ചായം പൂശി മനോഹരമാക്കുന്നുണ്ട്! വീടുകൾ ആളുകളെ പ്രതീക്ഷിക്കുന്നു; പക്ഷേ ആരും വരാറില്ലെന്ന് മാത്രം!
\”വളരെ ഏകാന്തമായ ജീവിതമാണിത്; എനിക്ക് നല്ല ആരോഗ്യം ഇല്ല,\” അന്നമ്മ പറഞ്ഞു. ഹൃദ്രോഗവും സന്ധിവേദനയും ഉണ്ടായിരുന്നിട്ടും മകനും കൊച്ചുമക്കൾക്കും ഒപ്പം സമയം ചെലവഴിക്കാൻ അന്നമ്മ വിദേശയാത്ര നടത്തിയിരുന്നു. ജോർദാൻ, അബുദാബി, ദുബായ്, ഇസ്രായേൽ എല്ലായിടത്തും മക്കളോടൊപ്പം അവധിക്കാലം ചെലവഴിച്ച് തിരിച്ചെത്തി.
അന്നമ്മക്ക് ഒറ്റയ്ക്ക് താമസിക്കാൻ മാത്രം പന്ത്രണ്ട് മുറികളുള്ള വീട്! ഇത് പണിതത് എന്തുകൊണ്ടാണെന്ന് ഞാൻ അവരോട് ചോദിച്ചു.എല്ലാവരും ഇവിടെ വലിയ വീടുകൾ പണിയുന്നുണ്ടെന്നല്ലോ എന്നായിരുന്നു ഉത്തരം. സ്റ്റാറ്റസ് ആണ് ഇവിടെ വിഷയം.പരവതാനി വിരിച്ച സ്വീകരണമുറി
യിൽ ചിതറിക്കിടക്കുന്ന വസ്‌തുക്കൾ ലോകവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചിലത് പറയുന്നുണ്ട്. ഇറക്കുമതി ചെയ്ത പാരസെറ്റമോൾ ഗുളികകൾ, പിസ്ത, കശുവണ്ടിപ്പരിപ്പ്, ചൈനയിൽ നിർമ്മിച്ച പാത്രങ്ങളിൽ നിറച്ച മഞ്ഞ പേപ്പർ പൂക്കൾ; ഇറക്കുമതി ചെയ്ത ബോഡി വാഷിന്റെ ഒരു കുപ്പിയും.
മരച്ചീനി, വാഴ, ഇഞ്ചി, ചേന, ചക്ക എന്നിവ വിളയുന്ന വീട്ടുമുറ്റത്തെ ഫാമിൽ അവർ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. മറ്റ് സമയങ്ങളിൽ ധ്യാനിക്കുകയും പത്രങ്ങൾ വായിക്കുകയും ചെയ്യുന്നു. ഒപ്പം ഡയാന എന്നൊരു നായയുണ്ട്.
\”ചില ദിവസങ്ങളിൽ, ഞാൻ ഡയാനയോട് മാത്രമേ സംസാരിക്കൂ. അവൾ എന്നെ മനസ്സിലാക്കുന്നു.\” അന്നമ്മ പറഞ്ഞു. ആരോഗ്യം മോശമായതിനാൽ, കൃഷിയിടത്തിൽ ജോലി ചെയ്യാൻ അന്നമ്മക്ക് കഴിയില്ല.തൊഴിലാളികൾക്കും ക്ഷാമം. ഇനി കിട്ടിയാലോകുത്തനെയുള്ളവേതനം! ഈ കൃഷിയിടം നോക്കുന്ന ആറു മണിക്കൂർ ദിവസക്കൂലിക്കാരൻ ഈടാക്കുന്നത് ആയിരം രൂപ!
അന്നമ്മയുടെ വീട്ടിൽ നിന്നു അൽപം ദൂരെയാണ് ചാക്കോ മാമ്മൻ താമസിക്കുന്നത്. ഒമാനിൽ മൂന്ന് പതിറ്റാണ്ടോളം ജോലി ചെയ്തതിന് ശേഷം വിശ്രമത്തിന് നാട്ടിലെത്തിയ ഇദ്ദേഹം ഹൃദ്രോഗവും പ്രമേഹവും ബാധിച്ച നിലയിലാണ്. എങ്കിലും തന്റെ ചെറിയ കൃഷിയിടത്തിൽ ദിവസവും നാല് മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. വാഴക്കൃഷിയാണ് പ്രധാനം. സ്വന്തം ഫാമിൽ നിന്ന് ദിവസവും പത്ത് കിലോയോളം വാഴപ്പഴം വളർത്തി വിൽക്കുന്നുണ്ട് 64 കാരനായ ചാക്കോ : “എനിക്ക് ഇവിടെ ഒരു തൊഴിലാളിയെപ്പോലും താങ്ങാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റം പോലും എല്ലായ്പ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ലക്ഷ്യം കാണില്ല! ചിലർക്ക് അതിഥി തൊഴിലാകളോടുള്ള അവിശ്വാസം കാരണം. അവരെ നിയമിക്കാനും മടിക്കുന്നു.
\”ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്, അവർ എന്നെ കൊന്നാലോ?\” ചിലർ ചോദിക്കുന്നു. ഏതായാലും പ്രായമായ ആളുകളും അടച്ചുറപ്പുള്ള വീടുകളുമുള്ള ഈ ഗ്രാമത്തിൽ കുറ്റകൃത്യങ്ങൾ തുലോം കുറവാണ്. ആളുകൾ അധികം പണവും വിലപിടിപ്പുള്ള വസ്തുക്കളും വീട്ടിൽ സൂക്ഷിക്കാത്തതിനാൽ മോഷണം അപൂർവമാണെന്ന് പോലീസും പറഞ്ഞു: \”കുമ്പനാട്ട് അവസാനമായി ഒരു കൊലപാതകം നടന്നത് എന്നാണെന്ന് ഞങ്ങൾ ഓർക്കുന്നില്ല.എല്ലാം വളരെ സമാധാനപരമാണ്. എന്നാൽ ചില്ലറ മോഷണത്തെ ക്കുറിച്ച് മാത്രമാണ് ഞങ്ങൾക്ക് പരാതികൾ ലഭിക്കുന്നത്. ചില വൃദ്ധർ അവരുടെ ബന്ധുക്കളിൽ നിന്നോ വീട്ടുജോലിക്കാരിൽ നിന്നോ വഞ്ചിക്കപ്പെടുന്നുണ്ട്, ചിലർ വ്യാജ ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നു,\” ലോക്കൽ പോലീസ് സ്റ്റേഷൻ ചീഫ് ഇൻസ്പെക്ടർ സജീഷ് കുമാർ വി പറഞ്ഞു.
ഒരു വർഷം മുമ്പ്, പ്രായമായ ഒരു താമസക്കാരിയുടെ ബന്ധു അവരുടെ ഒപ്പ് വ്യാജമായിട്ട് പത്ത് മില്ല്യൺ രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം നഗരത്തിൽ ഒരു സ്ഥാപനം തുടങ്ങി നിക്ഷേപങ്ങളിൽ കുത്തനെയുള്ള വരുമാനം വാഗ്ദാനം ചെയ്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നാല് പ്രൊമോട്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
\” ഈ നാട്ടിൽ ഞങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത് താമസക്കാർക്കിടയിലുള്ള ചെറിയ വഴക്കുകളാണ് ; വീടിന് മുമ്പിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നത്; ആരുടെയെങ്കിലും കാട്ടുമരത്തിന്റെ കൊമ്പ് അയൽവാസിയുടെ കൃഷിയിടത്തിൽ അതിക്രമിച്ച് കയറുന്നത് – ഒക്കെ വിഷയമാകാറുണ്ട്.\”
പോലീസ് കൂടുതൽ സമയവും ചെലവഴിക്കുന്നത് പ്രായമുള്ളവർക്ക് സംരക്ഷണം ഒരുക്കാനാണ്. ഒറ്റക്ക് താമസിക്കുന്ന രോഗികളായ നിരവധി പേരുടെ വീടുകളിൽ പൊലിസ് മൊബൈൽ അലാറങ്ങൾ നൽകിയിരിക്കുന്നു; ഇതുവഴി ഇവർക്ക് അടിയന്തര ഘട്ടങ്ങളിൽ അയൽക്കാരെ ബന്ധപ്പെടാനാകും.
തുറസ്സായ സ്ഥലങ്ങളും വിശാലമായ വാതിലുകളും ഇടനാഴികളുമുള്ള വീൽചെയർ ആക്സസ് ചെയ്യാവുന്ന മൂന്ന് വൃദ്ധസദനങ്ങൾ കുമ്പനാട്ടുണ്ട്. 150 കിടക്കകളുള്ള ആശുപത്രിയോടൊപ്പം അഞ്ച് നിലകളുള്ള കെട്ടിടമാണ് അലക്സാണ്ടർ മാർത്തോമ മെമ്മോറിയൽ ജെറിയാട്രിക് സെന്റർ.
85 നും 101 നും ഇടയിൽ പ്രായമുള്ള നൂറിലധികം വൃദ്ധരെ ഇവിടെ പരിപാലിക്കുന്നു.മിക്കവാറും എല്ലാവരും കിടപ്പിലായവരാണ്, ഇവരുടെ കുടുംബങ്ങൾ മാതാപിതാക്കളുടെ പരിചരണത്തിനായി പ്രതിമാസം 50,000 രൂപ നൽകുന്നുണ്ട്.
വാർദ്ധക്യം മാത്രമാണ് കുമ്പനാടിന്റെ പ്രശ്‌നമെന്ന് ഇവിടെ വയോജന കേന്ദ്രം നടത്തുന്ന ഫാദർ തോമസ് ജോൺ പറയുന്നു: മക്കൾ കുടുംബമായി വിദേശത്ത് താമസിക്കുന്നതു കൊണ്ട് തങ്ങളുടെ വളരെ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ല,” ഫാദർ ജോൺ പറഞ്ഞു.
എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള ധർമഗിരി വൃദ്ധസദനത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള 60 പേർ താമസിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 31 പേർക്കാണ് പുതുതായി പ്രവേശനം ലഭിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കെട്ടിടങ്ങളുണ്ട്. വെയിറ്റിംഗ് ലിസ്റ്റ് വളരുന്നു: 60 മുതിർന്നവരെ ഉൾക്കൊള്ളാൻ കഴിയുന്ന 30 മുറികളുള്ള പുതിയ കെട്ടിടം വരുന്നു. ഞങ്ങളോടൊപ്പം താമസിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തട്ടിപ്പിന് ഇരകളാണെന്നും അവരിൽ ചിലർ വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവരാണെന്നും ഇതിന്റെ നടത്തിപ്പുകാരനായ ഫാദർ കെ.എസ്.മാത്യൂസ് പറഞ്ഞു.
രോഗബാധിതരായ വയോജനങ്ങൾ, വൃദ്ധസദനങ്ങൾ, തൊഴിലാളി ക്ഷാമം, യുവാക്കളുടെ കുടിയേറ്റം, ജനസംഖ്യ കുറയുന്നു … എല്ലാം കൂടെ കുമ്പനാടിനെ പ്രേതാലയമായി രൂപപ്പെടുത്തുകയാണ്.
\” കുമ്പനാടിന്റെ ഈ പ്രശ്നം ക്രമേണ പത്തനംതിട്ടയുടെയും കേരളത്തിന്റെയും കഥയായി മാറും; ഒടുവിൽ എന്താകും സ്ഥിതിയെന്ന് നമുക്ക് പറയാൻ പറ്റില്ല\” പ്രഫ. ജെയിംസ് ഈ വിഷയത്തിൽ പ്രതികരിക്കുന്നു.
(അവസാനിച്ചു)