വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ആ രാജ്യത്തെ ‘ശിലായുഗത്തിലേക്ക്’ തള്ളിവിടുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇറാനുമായുള്ള യുദ്ധസാഹചര്യത്തിൽ ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭരണകൂട മാറ്റമല്ല ലക്ഷ്യമെന്ന് ആവർത്തിക്കുമ്പോഴും, ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിനും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള നീക്കങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികളിലൂടെ ഇറാന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്താൻ സാധിച്ചതായും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ വ്യവസ്ഥകളുമായി ഇറാൻ സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇറാന്റെ ആണവമോഹങ്ങൾ തടയുക എന്നത് ലോകസുരക്ഷയ്ക്ക് അനിവാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.

Comments are closed.