Ultimate magazine theme for WordPress.

വിവാദ പാസ്റ്റേഴ്സ് സമ്മേളനത്തിൽ പിസിഐക്ക് പങ്കില്ല: ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് പൂവാർ മഹേന്ദ്ര റിസോർട്ടിൽ വിളിച്ചുചേർത്ത വിവാദ പാസ്റ്റേഴ്സ് സമ്മേളനത്തിൽ ചില കടലാസ് സംഘടനകൾ മനപ്പൂർവ്വം പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പേരും കൂടെ ചേർത്ത് പ്രചരിപ്പിക്കുകയാണന്നും ഈ പരിപാടിക്ക് പിസിഐ യുടെ അനുവാദമോ അംഗീകാരമോ, പിന്തുണയോ ഇല്ലെന്നും പലരും പോയത് സ്വന്തം താല്പര്യത്തിലാണെന്നും പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.

“കഴിഞ്ഞ ചില വർഷങ്ങളായി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെന്തക്കോസ്ത് സഭകൾക്ക് നേരെ അക്രമം ഉണ്ടായപ്പോൾ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയാണ് മുന്നിട്ടിറങ്ങിയതും പ്രശ്നങ്ങൾ പരിഹരിച്ചതും. കാഞ്ഞിരംകുളം ഇന്റർനാഷണൽ സീയോൻ അസംബ്ലിയിൽ പ്രശ്നമുണ്ടായപ്പോഴും തൊടലി ഐപിസി ചർച്ച് സ്നാനത്തോട്ടി തകർത്തപ്പോഴും കരുനാഗപ്പള്ളിയിൽ റെജി പാപ്പച്ചൻ പാസ്റ്ററിനെയും കുടുംബത്തെയും മർദ്ദിച്ചപ്പോഴും പാലിയോട് പാസ്റ്ററെ ആരാധനാലയത്തിൽ അതിക്രമിച്ചു കയറി മർദ്ദിച്ചപ്പോഴും മണിപ്പൂർ കലാപം ഉണ്ടായപ്പോഴും ശക്തമായി ഇടപെട്ടത് പിസിഐ ആണ്. ഇങ്ങനെ പി സി ഐയുട പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട പെന്തക്കോസ്തിലെ ചില കടലാസ് സംഘടനകളാണ് ഏത് ആരോപണം വന്നാലും അത് പിസിഐ ക്ക് നേരെ തിരിച്ചു വിടുന്നത് . പിസിഐയിലുള്ള ആരെങ്കിലും ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ തികച്ചും മാതൃകാപരമായി അവരുടെ മേൽ നടപടി സ്വീകരിക്കും. ഈ വിഷയത്തിൽ പിസിഐക്ക് നേരെ വരുന്ന ആരോപണങ്ങൾ അർഹിക്കുന്ന അവഗണനയോടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തള്ളിക്കളയുന്നു. പിസിഐക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യമില്ല. എല്ലാ പാർട്ടിയോടും സമദൂരം പാലിക്കുന്നു. സംഘപരിവാർ സംഘടനകളെ ഒരിക്കലും പി സി ഐ അംഗീകരിക്കുന്നില്ല. എന്തെങ്കിലും ആരോപണം കേട്ടാൽ മാളത്തിൽ കയറി ഒളിക്കുന്നവരല്ല പി സി ഐ പ്രവർത്തകർ. പകരം ബൈബിളിന്റെ സദാചാര പരിധിയിൽ നിന്നുകൊണ്ട്, ഞങ്ങൾക്ക് ബോധ്യമുള്ള വിഷയങ്ങളിൽ പെന്തക്കോസത് സഭകളുടെ സാമൂഹിക ക്ഷേമങ്ങൾക്ക് വേണ്ടിയും പെന്തക്കോസ്തു സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളേയും നേരിടാൻ എല്ലാക്കാലത്തും പെന്തക്കോസ്ത് സമൂഹത്തോടൊപ്പം ഞങ്ങൾ ഉണ്ടാവും” പി സിഐ ജില്ലാ പ്രസിഡണ്ട്
പാസ്റ്റർ ജേക്കബ് കുര്യനും സെക്രട്ടറി
പാസ്റ്റർ കെ എ തോമസും പത്രകുറിപ്പിൽ അറിയിച്ചു.

Leave A Reply

Your email address will not be published.