Ultimate magazine theme for WordPress.

ക്രൈസ്തവ വിരുദ്ധ പീഡനം ; ഒന്നാം സ്ഥാനത്തു ഉത്തര കൊറിയ

വത്തിക്കാൻ : ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ഓപ്പൺ ഡോർസ് റിപ്പോർട്ട്. ഇന്നലെ ജനുവരി പതിനെട്ടാം തീയതി പുറത്തുവന്ന വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം പീഡനം ഏൽക്കുന്ന ക്രൈസ്തവരുടെ എണ്ണം 2022ൽ 36 കോടിയായി തുടരുകയാണ്. താലിബാൻ രാജ്യം പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനായിരുന്നു ഈ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ക്രൈസ്തവർ പീഡനം ഏൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു ഉത്തര കൊറിയ മടങ്ങിയെത്തി.
അവിടെ നിലവിലുള്ള ക്രൈസ്തവർ ആദിമ കാലഘട്ടത്തിലെ ക്രൈസ്തവരെ പോലെയാണ് ജീവിക്കുന്നതെന്ന് വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ക്രൈസ്തവർ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ, ഒളിവിൽ ആയിരിക്കുകയോ ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാൻ ഇത്തവണ ഒൻപതാം സ്ഥാനത്താണ് ഉള്ളതെന്ന് ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ അധ്യക്ഷ പദവി വഹിക്കുന്ന ക്രിസ്റ്റ്യൻ നാനി പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നതിനാൽ \’അഭയാർത്ഥി സഭ\’ എന്നൊരു പ്രതിഭാസം ഉണ്ടാകുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിച്ചേർത്തു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ, സോമാലിയ, ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ചൈന ഈ പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ഉള്ളത്. 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ക്രൈസ്തവിരുദ്ധ പീഡനത്തിന് ഇരകളായവർക്ക് സഹായം നൽകാനും, പീഡനങ്ങൾക്ക് അറുതി വരുത്താനും ഓപ്പൺ ഡോർസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിചേർത്തു. പൊതുകൂടിക്കാഴ്ച ചടങ്ങിനിടയിൽ ലോകമെമ്പാടും പീഡനം ഏൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

Leave A Reply

Your email address will not be published.