Ultimate magazine theme for WordPress.

യെരുശലേമിന്റെയും സീയോന്റെയും മോചനം രേഖപ്പെടുത്തിയ പുരാതന നാണയങ്ങള്‍

യെരുശലേം: യെരുശലേമിന്റെയും സീയോന്റെയും മോചനം രേഖപ്പെടുത്തിയ 2000 വര്‍ഷം മുമ്പുള്ള രണ്ടു നാണയങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യെരുശലേമിലെ വെസ്റ്റ് ബാങ്കില്‍ ബന്യമിന്‍ റീജണിലാണ് ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ മണ്‍മറഞ്ഞ ചരിത്ര നാണയങ്ങള്‍ വെളിച്ചം കണ്ടത്. ആദ്യത്തെ നാണയം ദൂമ നഗരത്തിലെ ബിര്‍ബത് ജിഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍നിന്നാണ് കണ്ടെടുത്തത്. ഈ നാണയം എഡി 67-68 കാലഘട്ടത്തിലുള്ളതാണെന്നും നാണയത്തിന്റെ ഒരു വശത്ത് വൈന്‍ ഇലയുടെ ചിത്രവും ഹെറൂത് സയോണ്‍ (സീയോന്റെ മോചനം) എന്ന് ഹീബ്രു ഭാഷയില്‍ രേഖപ്പെടുത്തിയും മറുവശത്ത് രണ്ടു പിടിയുള്ള ഒരു മണ്‍പാത്രവും ഇയര്‍ രണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബിര്‍ ഇലാന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.രണ്ടാമത്തെ നാണയം ഇവിടെനിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള വാഡി റഷാദ് പാറക്കൂട്ടങ്ങളിലെ ഒരു ഗുഹയില്‍നിന്നുമാണ് കണ്ടെടുത്തത്. ഈ നാണയം എഡി 134-135 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണ്. റോമാക്കാര്‍ക്കെതിരായി നടന്ന യഹൂദ വിപ്ളവ കാലത്ത് ഉപയോഗിച്ചതാണെന്ന് ഗവേഷകര്‍ പറഞ്ഞു.

നാണയത്തിന്റെ ഒരു വശത്ത് ഒരു പനയുടെ ചിത്രവും ലി ഹിറൂത് യെറുഷലായിം (യെരുശലേമിന്റെ മോചനം) എന്നും മറുവശത്ത് ശീമോന്‍ എന്നും രേഖപ്പെടുത്തിയ ഒരു സംഗീത ഉപകരണത്തിന്റെ ചിത്രവും ഉണ്ട്. ശീമോന്‍ ‍-അന്നത്തെ വിമത നേതാവിന്റെ പേരാണ്. ഈ നാണയം പ്രദേശത്ത് യഹൂദ സാന്നിദ്ധ്യം അറിയിക്കുന്നതാണ്.

Leave A Reply

Your email address will not be published.