അടുത്തമാസങ്ങളിലായി ഏഴുലക്ഷം കൊവിഡ് മരണങ്ങള്‍ ഉണ്ടാകാൻ സാധ്യത ; ലോകാരോഗ്യ സംഘടന
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.
2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കനത്തതിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
അതേസമയം, വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തത് അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബറില്‍ 2100 ആയിരുന്നു പ്രതിദിന കൊവിഡ് മരണം. എന്നാല്‍ കഴിഞ്ഞയാഴ്ച ആയതോടെ ഇത് 4200-ലേക്ക് ഉയര്‍ന്നു. കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്. കൊവിഡ്, യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു. കൃത്യമായ വാക്‌സിനേഷന്‍, സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു \’വാക്‌സിന്‍ പ്ലസ്\’ സമീപനത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് വ്യാപനത്തിന്റെ തോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാസ്‌ക് ഉപയോഗം 95 ശതമാനം കൈവരിക്കാനായാല്‍ മാര്‍ച്ച് ഒന്നോടെ 160,000 കൊവിഡ് മരണങ്ങള്‍ ഒഴിവാക്കാമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.