തിരുവല്ല: തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെ വേങ്ങലിൽ കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പ്.
സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണമില്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് വഴിവെച്ചെതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ,മദ്യപാന ശീലം,വീട് ജപ്തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു.വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു.

Comments are closed.