Ultimate magazine theme for WordPress.

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് സഭാവളർച്ചാ സെമിനാർ നവംബർ 4ന് പാറശ്ശാലയിൽ

പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാവളർച്ചാ സെമിനാർ 2026 നവംബർ 4 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാറശ്ശാല യഹോവ നിസ്സി എ.ജി. ചർച്ചിൽ നടക്കും. എ.ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. എൻ. പീറ്റർ, പാസ്റ്റർ ആർ.കെ. ഗോഡ്സൺ, പാസ്റ്റർ അനു ജേക്കബ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും. എസ്.പി.സി. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘സഭാവളർച്ചയിൽ പാസ്റ്റർ കുടുംബത്തിന്റെ പങ്ക്’ എന്നതാണ് സെമിനാറിന്റെ മുഖ്യചിന്താവിഷയം.

രജിസ്റ്റർ ചെയ്യുന്ന പാസ്റ്റർമാർക്കും അവരുടെ ഭാര്യമാർക്കും പ്രവേശനം സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുമായ ശുശ്രൂഷകർക്ക് സഹായവിതരണവും സെമിനാറിന്റെ ഭാഗമായി നടക്കും. സുവിശേഷീകരണം, കൃപാവരങ്ങളാൽ പ്രാപ്തരായ നിലവാരമുള്ള ശുശ്രൂഷകരെ വാർത്തെടുക്കൽ, ദൈവസഭകളുടെ ഐക്യം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ്.

വിവിധ നാമധേയങ്ങളിൽ പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് സഭകളെയും സംഘടനകളെയും ഏകോപിപ്പിക്കുക, സഭകളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക, ആത്മീയ വളർച്ചയ്ക്ക് സഹായകരമായ സെമിനാറുകൾ സംഘടിപ്പിക്കുക, ആത്മീയ ഉണർവിനായി വിശ്വാസികളെ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

സഭകളുടെയും സംഘടനകളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയും ഉപദേശപരമായ വ്യത്യാസങ്ങൾ സൃഷ്ടിക്കാതെയും സുതാര്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇന്ത്യയിലുടനീളം വ്യാപിച്ചുവരികയാണ്. സഭകൾക്കും ശുശ്രൂഷകർക്കും പ്രയോജനകരമായ ഇരുപത് വിഭാഗങ്ങളിലൂടെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം വലിയ സംഘടനകൾക്കൊപ്പം അംഗബലം കുറഞ്ഞ സ്വതന്ത്ര പെന്തെക്കോസ്ത് സംഘടനകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നു.
എസ്.പി.സി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി. പാറശ്ശാല, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, ജില്ലാ ട്രഷറർ പാസ്റ്റർ വൈ. ഗോഡ്വിൻ എന്നിവരുടെ നേതൃത്വത്തിൽ മേഖലാ ഭാരവാഹികളും സംഘാടകരും സെമിനാറിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത: പാ. ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.