മനാമ: നാൽപ്പതാം വാർഷികം ആഘോഷിച്ച ബഹറിൻ ശാരോൻ സഭ തയ്യാറാക്കിയ പുതിയ നിയമത്തിന്റെ കയ്യെഴുത്തു പ്രതി കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്നു. സഭാശുശ്രൂഷകന്റെ ആഹ്വാനം അനുസരിച്ചു 87 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. മത്തായി മുതൽ വെളിപ്പാട് വരെയുള്ള 27 പുസ്തകങ്ങളിലെ 260 അധ്യായങ്ങളും 7958 വാക്യങ്ങളും പ്രത്യേക ക്രമത്തിൽ വിഭജിച്ച് ലഭിച്ചത് ഓരോ അംഗങ്ങളും ചടുലതയോടെ എഴുതി. 2026 മെയ് മുതൽ ആഗസ്റ്റ് 31 വരെ 120 ദിവസങ്ങളായിരുന്നു എഴുതി നൽകുന്നതിനുള്ള കാലപരിധി.
ഒരു പുറം മാത്രമായി 24 ലൈനുകൾ ഉള്ള പ്രത്യേകമായി അച്ചടിച്ചു തയാറാക്കിയ 2500 A4 സൈസ് പേപ്പറുകളിൽ 1163 പേജുകളിലായാണ് എഴുതി പൂർത്തീകരിച്ചത്. പ്രവാസ ജീവിതത്തിൽ പകലന്തിയോളം പടവെട്ടിയതിന് ശേഷം വൈകിലഭിക്കുന്ന തുച്ഛമായ സമയം വേദപുസ്തക പകർത്തിയെഴുത്തിനായി കണ്ടെത്തിയപ്പോൾ പലർക്കും പല പ്രാവശ്യം തിരുത്തിയെഴുത്ത് ആവശ്യമായി വന്നു.
സഭാംഗങ്ങളായ സഹോദരീ-സഹോദരന്മാർ തന്നെ രൂപകൽപ്പനയ്ക്കും തുന്നിക്കെട്ടിനും പുറംചട്ട നിർമ്മാണത്തിനും തയ്യാറായപ്പോൾ അതുല്യമായ ഒരു പുതിയ നിയമ കയ്യെഴുത്ത് പ്രതി തയ്യാറായി. 7.9 കിലോഗ്രാം തൂക്കമുള്ള ഗ്രന്ഥത്തിന് 16 സെന്റിമീറ്റർ ഉയരമുണ്ട്. സഭയുടെ വാർഷിക ദിനമായ ഒക്ടോബർ 15 ന് നടന്ന സ്തോത്ര ശുശ്രൂഷയിൽവെച്ച്, ഈ ഉദ്യമത്തിൽ പങ്കാളികളായ കുഞ്ഞുങ്ങളായ ഇവാന ബോവാസ് (11), ജെസീയേൽ ജോസ് തോമസ് (12), ഷോൺ സൈജു ഡാനിയേൽ (13) എന്നിവർ ചേർന്ന് ബൈബിൾ പ്രകാശനം ചെയ്തു. സഭയുടെ സ്ഥാപകാംഗവും മുൻ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. സി. ചാണ്ടി അതിഥിയായിരുന്നു.
“ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു”(വെളിപ്പാടു 1:3) എന്ന വചനം, വേദവചനങ്ങൾ നൽകുന്ന ഭാഗ്യാവസ്ഥ വെളിപ്പെടുത്തുമ്പോൾ, പകർത്തിയെഴുതുന്നത് എത്രയോ ധാന്യമാണ് എന്നോർത്ത് ദൈവജനം സന്തോഷിക്കുന്നു.
-ടൈറ്റസ് ജോൺസൻ

Comments are closed.