Ultimate magazine theme for WordPress.

ക്രൈസ്തവ ദമ്പതികളെ ചുട്ടുകൊന്ന കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരെ ക്രൈസ്തവ സഭകൾ

പഞ്ചാബ് : ക്രൈസ്തവ ദമ്പതികളെ ജീവനോടെ തീച്ചൂളയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതികളെയും വെറുതെവിട്ട പാകിസ്താൻ സുപ്രീം കോടതി വിധിക്കെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ന്യൂനപക്ഷങ്ങൾ ക്രൂരമായി വേട്ടയാടപ്പെടുമ്പോഴും രാജ്യം അവർക്ക് തുടർച്ചയായി നീതി നിഷേധിക്കുകയാണെന്ന് സഭാ നേതൃത്വം ആരോപിച്ചു.

2014-ൽ ഖുറാൻ അപകീർത്തിപ്പെടുത്തിയെന്ന വ്യാജാരോപണമുയർത്തിയാണ് ഷഹ്‌സാദ് മസീഹിനെയും ഗർഭിണിയായ ഭാര്യ ഷാമ ബിബിയെയും ആയിരത്തിലധികം വരുന്ന ജനക്കൂട്ടം തല്ലിച്ചതച്ച് കല്ലുചൂളയിലെറിഞ്ഞ് കൊന്നത്. പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടതോടെ, ലോകമനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണമായ കൊലപാതകത്തിൽ ആർക്കും ശിക്ഷ ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ആദ്യഘട്ടത്തിൽ ആളുകളെ അറസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രതികളെല്ലാം പിന്നീട് കോടതികളിലൂടെ സുരക്ഷിതമായി പുറത്തിറങ്ങുന്നതാണ് പാകിസ്താനിലെ പതിവെന്ന് സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളും വീടുകളും തകർക്കുന്നവർ സ്വതന്ത്രരായി നടക്കുമ്പോൾ, ഇരകളാക്കപ്പെടുന്നവർ കടുത്ത വിവേചനവും നിരാശയുമാണ് നേരിടുന്നതെന്നും അവർ വ്യക്തമാക്കി.

Sharjah city AG

Comments are closed.