യു പി : ഉത്തർപ്രദേശിലെ ജലൗൺ (Jalaun) ജില്ലയിൽ മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ച് പാസ്റ്റർ വിവേക് കുമാർ, മോഹിത് ചൗധരി, അമിത് എന്നീ മൂന്ന് ക്രിസ്ത്യൻ യുവാക്കളെ മെയ് 27-ന് പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമ ലംഘനം ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും ബൈബിളുകളും മറ്റ് ക്രൈസ്തവ സാഹിത്യങ്ങളും കണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെ പ്രാദേശിക സഭാ നേതൃത്വം ശക്തമായി നിഷേധിച്ചു.
ലഖ്നൗവിൽ നടക്കുന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാനായി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന മുപ്പതോളം ക്രിസ്ത്യൻ വിശ്വാസികളിൽപ്പെട്ടവരാണ് ഇവരെന്നും, യാത്രാമധ്യേ തീവ്ര ഹിന്ദുത്വ സംഘടനകളിൽപ്പെട്ടവർ ബസ്സ് തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നെന്നും സഭാ വൃത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാരുടെ കൈവശം ബൈബിളുകളും പ്രാർത്ഥനാ പുസ്തകങ്ങളും കണ്ടതിനെത്തുടർന്ന് ഇവർ കൂട്ട മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ഈ സംഘടനകൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എല്ലാവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും, ചോദ്യം ചെയ്യലിന് ശേഷം മറ്റുള്ളവരെ വിട്ടയക്കുകയും യാത്രയുടെ സംഘാടകരായ ഈ മൂന്ന് പേരെ മാത്രം തടങ്കലിൽ സൂക്ഷിക്കുകയുമായിരുന്നു.

Comments are closed.