*വരുന്നു വൈറ്റ് ഹൗസിൽ 400 മില്യൺ ഡോളറിന്റെ ‘ബുള്ളറ്റ് പ്രൂഫ്’ കോട്ട; ട്രംപിന്റെ പുതിയ ബാൾറൂം ഞെട്ടിക്കും!*
യുഎസ് : വൈറ്റ് ഹൗസിന്റെ കിഴക്കൻ ഭാഗത്ത് അതീവ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാനൊരുങ്ങി അമേരിക്കൻ സൈന്യം. നിലവിലുണ്ടായിരുന്ന ഈസ്റ്റ് വിംഗ് പൊളിച്ചുനീക്കിയ സ്ഥാനത്താണ് 400 മില്യൺ ഡോളർ ചെലവിൽ അത്യാധുനികമായ ബാൾറൂം ഉയരുന്നത്. ഒരു വമ്പൻ കോട്ടയ്ക്ക് മുകളിലെന്നപോലെ നിർമ്മിക്കുന്ന ഈ കെട്ടിടത്തിന് ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മേൽക്കൂരയും വെടിയുണ്ടകളെ തടയുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമാണ് പ്രധാന പ്രത്യേകതയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പുതിയ നിർമ്മാണത്തിന്റെ രേഖാചിത്രം അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
അതേസമയം, വൈറ്റ് ഹൗസിലെ സൈനിക സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ സുരക്ഷാ രഹസ്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഭരണകേന്ദ്രങ്ങളിലൊന്നായി വൈറ്റ് ഹൗസിനെ മാറ്റാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ആധുനിക യുദ്ധതന്ത്രങ്ങളെയും ഡ്രോൺ സാങ്കേതികവിദ്യകളെയും നേരിടാൻ പ്രാപ്തമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. വരും മാസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

Comments are closed.