ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിനെ ദശാബ്ദങ്ങളോളം പിടിച്ചുലച്ച ‘ദി ട്രബിൾസ്’ എന്ന ആഭ്യന്തര കലാപത്തിന്റെ ഇരകൾക്കും അതിജീവിച്ചവർക്കും ആശ്വാസമേകാൻ പുതിയ സങ്കീർത്തനങ്ങളുമായി പ്രെസ്ബിറ്റീരിയൻ ചർച്ച് ഇൻ അയർലൻഡ്. എട്ട് പുതിയ സങ്കീർത്തനങ്ങളും ആരാധനാക്രമങ്ങളും ഉൾപ്പെടുന്ന ഈ സമാഹാരം റെവ. കാരൻ കാംബെല്ലും ഭർത്താവ് ഡേവിഡും ചേർന്നാണ് രചിച്ചിരിക്കുന്നത്.
സങ്കീർത്തനങ്ങൾ – പ്രതിഷേധം, വേദന, പ്രത്യാശ എന്ന് പേരിട്ടിരിക്കുന്ന ഈ സമാഹാരം ഈ മാസം 26-ന് ബെൽഫാസ്റ്റിലെ അസംബ്ലി ബിൽഡിംഗിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആദ്യമായി അവതരിപ്പിക്കും. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വേദനകൾ ദൈവത്തിന് മുന്നിൽ പാട്ടുകളിലൂടെ സമർപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഡോ. കാരൻ കാംബെൽ പറഞ്ഞു. ആധുനിക ആരാധനകളിൽ വിലാപ ഗാനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ദൈവത്തിലേക്ക് എത്തിക്കാനാണ് ഈ ശ്രമം.

Comments are closed.