ജെറുശലേം: അറുപത് വർഷത്തിനിടെ ആദ്യമായി പെരുന്നാൾ ദിനത്തിൽ അൽ-അഖ്‌സ മസ്ജിദ് പൂർണ്ണമായും അടച്ചുപൂട്ടി ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ യുദ്ധസാഹചര്യത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഈ അപ്രതീക്ഷിത നടപടി. ഇതോടെ ആയിരക്കണക്കിന് വിശ്വാസികൾ ജറുസലേമിലെ തെരുവുകളിൽ നമസ്‌കരിക്കാൻ നിർബന്ധിതരായി.
നഗരകവാടങ്ങളിൽ സൈന്യം ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണം കടുപ്പിച്ചു. പള്ളിക്ക് മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ ആരോപിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈ മാറ്റങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിൽ (Temple Mount) സംഭവിക്കുന്ന ഇത്തരം നീക്കങ്ങൾ ബൈബിളിലെ അന്ത്യകാല പ്രവചനങ്ങളുടെ സൂചനകളാണോ എന്ന് വിശ്വാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ജറുസലേം നഗരം സംഘർഷഭരിതമായി തുടരുമ്പോൾ, അൽ-അഖ്‌സയിലെ മാറ്റങ്ങളും മൂന്നാം ദൈവാലയ നിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകളും കർത്താവിന്റെ രണ്ടാം വരവിനുള്ള അടയാളങ്ങളായി പലരും വിശ്വസിക്കുന്നു. രാഷ്ട്രീയമായ തർക്കങ്ങൾക്കപ്പുറം, വിശുദ്ധ നഗരത്തിലെ ഓരോ ചലനവും പ്രവചനങ്ങളുടെ പൂർത്തീകരണമാണോ എന്ന ആകാംക്ഷയിലാണ് ലോകം ഉറ്റുനോക്കുന്നത്.

Comments are closed.