റായഗഡ: ഒഡീഷയിലെ റായഗഡ ജില്ലയിലുള്ള ഡെൻഗസ്‌വർഗി ഗ്രാമത്തിൽ കത്തോലിക്കാ ദേവാലയത്തിന് നേരെ അക്രമിസംഘത്തിന്റെ ആക്രമണം. പള്ളിക്കുള്ളിലെ ബലിപീഠവും കുരിശും തകർത്ത അക്രമികൾ ബൈബിളും തിരുവസ്ത്രങ്ങളും ഉൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ തെരുവിലിട്ട് കത്തിച്ചു. ഗ്രാമത്തിലെ ഒരു വിഭാഗം ആളുകൾ ചേർന്നാണ് അതിക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങളോട് വീടിന് പുറത്തിറങ്ങാൻ അക്രമിസംഘം ആവശ്യപ്പെട്ടുവെന്ന് റായഗഡ കത്തീഡ്രൽ വികാരി ഫാ. അബേദ് കുമാർ ഖുറ അറിയിച്ചു. ആക്രമണം ഭയന്ന് കുടുംബങ്ങൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞതോടെ രാത്രി ഒൻപത് മണിയോടെ ജനക്കൂട്ടം ദേവാലയത്തിന് നേരെ തിരിയുകയായിരുന്നു.
പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറിയ സംഘം ബലിപീഠം അശുദ്ധമാക്കുകയും അവിടുത്തെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ക്രൈസ്തവ കുടുംബങ്ങൾക്കെതിരെ ഗ്രാമത്തിൽ വലിയ തോതിലുള്ള വിവേചനവും ഭീഷണിയും നിലനിൽക്കുന്നതായി സഭാ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Comments are closed.