ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)
ഞാൻ പരിചയപ്പെട്ടിട്ടുള്ള മാതൃകാവിശ്വാസികളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് പ്രിയ ഡോ. സി ടി ലൂയിസ്കുട്ടിച്ചായൻ. ഇണക്കിളികളെ പോലെയായിരുന്നു അവരുടെ ഭൂമിയിലെ ദാമ്പത്യജീവിതം. പ്രിയ കുഞ്ഞുമോൾ അമ്മാമ്മയെ അടുത്ത സമയത്ത് യേശുകർത്താവ് തിരികെ വിളിച്ചു.
ലൂയിസ്കുട്ടിച്ചായന്റെ ദുഃഖത്തിന്റെ ആഴം മനസിലാക്കാൻ എനിക്കു കഴിയുമെങ്കിലും അദ്ദേഹത്തിന്റെ ദൈവികപ്രത്യാശ അതിനൊക്കെ ഏറെ മുകളിലാണ്. ഞാൻ അവരെ കണ്ടിട്ടുള്ളതൊക്കെയും എപ്പോഴും ഒരുമിച്ചായിരുന്നു. പവർ വിഷൻ ടിവിയിൽ എന്റെ പ്രോഗ്രാമിൽ പുസ്തക ഇന്റർവ്യൂവിനു വന്നതും അവർ ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ‘പരീശപുത്രൻ’ എന്ന പുസ്തകത്തിന്റെ അവതാരിക എഴുതിച്ചതും എന്നെക്കൊണ്ടായിരുന്നു.
കുഞ്ഞുമോൾ അമ്മാമ്മ ഏറെ പ്രത്യാശയോടെ സ്വർഗത്തിലേക്കു പോയി. മരിക്കുന്നതിനു മുമ്പ് തന്റെ ശവസംസ്കാര ശുശ്രൂഷ എങ്ങനെ നടത്തണമെന്ന് ഇരുവരും സംസാരിച്ച് കടലാസിൽ എഴുതിയിരുന്നു. അതിൻപ്രകാരമാണ് ശുശ്രൂഷകൾ നടത്തിയതും. മറ്റു പല ശവസംസ്കാര ശുശ്രൂഷകളിൽനിന്നും തികച്ചും വ്യത്യസ്തത പുലർത്തിയ ആത്മീയശുശ്രൂഷയായിരുന്നു അത്.
ഞാനും സാലിയും ഇപ്പോൾ ആസ്‌ട്രേലിയയിൽ ആയതിനാൽ ഞങ്ങൾക്ക് അതിൽ സംബന്ധിക്കുവാൻ കഴിഞ്ഞില്ല. അതിന്റെ ഒരു ചെറിയ നീറ്റൽ ഇപ്പോഴും മനസിൽ എവിടെയോ വിങ്ങലുണർത്തുന്നു. ശവസംസ്കാര ശുശ്രൂഷ മുഴുവൻ ഞങ്ങൾ ലൈവിൽ കണ്ടു. ലൂയിസ്കുട്ടിച്ചായന്റെ മറുപടിസന്ദേശം വേർപെട്ട ദൈവജനത്തിനുള്ള ഒരു ദൈവികദൂതായി തോന്നി.
ഇന്നു രാവിലെ ലൂയിസ്കുട്ടിച്ചായൻ എന്നെ ഫോണിൽ വിളിച്ചു. ഏറെനേരം ഞങ്ങൾ സംസാരിച്ചു. നിരവധി ഗൃഹാതുര സ്‌മരണകൾ അയവിറക്കി. ഭൂമിയിലെ അവരുടെ ദൈവിക സന്തുഷ്ട ദാമ്പത്യജീവിതത്തിന്റെ ഓർമകൾ അയവിറക്കി. ആശ്വസിപ്പിക്കുവാൻ മാത്രമല്ലാതെ എന്താണ് എനിക്കു കഴിയുക ?
എങ്കിലും പ്രിയ ലൂയിസ്കുട്ടിച്ചായന്റെ ദൈവികപ്രത്യാശ അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി.
യേശുകർത്താവിലുള്ള അദ്ദേഹത്തിന്റെ തികഞ്ഞ വിശ്വാസത്തിന്റെ പത്തരമാറ്റ് ആ ദൈവികപ്രത്യാശയിൽ ഞാൻ നിറഞ്ഞു ദർശിച്ചു. പെന്തെക്കൊസ്ത് സമൂഹം ദർശിച്ചിട്ടുള്ള മികച്ച ദൈവശാസ്ത്രജ്ഞനും, സുവിശേഷപ്രസംഗകനും, ദാർശനികനും ബൈബിൾ പ്രഫസറും എഴുത്തുകാരനും ഗ്രന്ഥകാരനുമൊക്കെയാണ് ഡോ. സി ടി ലൂയിസ്കുട്ടിച്ചായൻ. അദ്ദേഹം ആരാണെന്ന് ഞാൻ പറഞ്ഞു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ലൂയിസ്കുട്ടിച്ചായന്റെ സഹോദരൻ പാസ്റ്റർ തോമസ് ജോർജ് ഞങ്ങളുടെ പ്രിയപ്പെട്ട സഭാപാസ്റ്ററായിരുന്നു. എന്റെ മകൻ മനുവിനെയും, എന്റെ മകൾ മിനുവിനെയും സ്നാനപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ലൂയിസ്കുട്ടിച്ചായന്റെ മറ്റ് സഹോദരങ്ങളും എനിക്കു സുപരിചിതരാണ്. ദുഃഖത്തിലായിരിക്കുന്ന പ്രിയ അച്ചായനും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്ക് മഹാദൈവമായ യേശുകർത്താവ് ആശ്വാസം നൽകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു (വാട്സ്ആപ്പ് : 98474 81080) ❤️

Comments are closed.