ജോർജ് മാത്യു പുതുപ്പള്ളി
(Michigan, USA)
ഉമ്മൻ ചാണ്ടി സാറിനെ ആദ്യമായി കാണുന്നത് എന്റെ എട്ടാമത്തെ വയസിൽ പിതാവ് മരിച്ചപ്പോൾ അദ്ദേഹം വീട്ടിൽ വന്നപ്പോഴാണ്. അന്നത്തെ അദ്ദേഹത്തിന്റെ രൂപം ഇന്നും എന്റെ ഓർമയിലുണ്ട്. അലസമായി കിടന്ന തലമുടിയും മനോഹരമായ കൃതാവും ഞാൻ നല്ലവണ്ണം ഓർക്കുന്നു.
അന്ന് അദ്ദേഹം വളർന്നു വരുന്ന ഒരു യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. എന്റെ മൂത്ത സഹോദരിയുടെ ഒരു വർഷം സീനിയറായി അദ്ദേഹം പുതുപ്പള്ളി ഹൈസ്കൂളിൽ പഠിച്ചിരുന്നു. പെങ്ങൾ പറഞ്ഞ് അദ്ദേഹത്തെക്കുറിച്ചു കേട്ടിരുന്നു. ബാലജനസഖ്യത്തിലൂടെയും കെ എസ് യു വിലൂടെയും ശരവേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.
അന്നും ഇന്നും ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗമോ അനുഭാവിയോ അല്ലെങ്കിലും ഉമ്മൻ ചാണ്ടി സാർ ഞങ്ങൾക്കൊക്കെ ഏറെ ആദരണീയനായിരുന്നു. വിനയസമ്പന്നയും പരമഭക്തയുമായിരുന്നു അദ്ദേഹത്തിന്റെ അമ്മ ബേബിയമ്മച്ചി.
എന്റെ അമ്മയുടെയും ബേബിയമ്മച്ചിയുടെയും കൂടെ പത്തു വയസുകാരനായിരുന്ന ഞാൻ പുതുപ്പള്ളിപ്പള്ളിയിൽ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം മെഴുകുതിരി കത്തിക്കാൻ പോകുന്നത് ഇന്നും എന്റെ ഓർമയിലുണ്ട്.
ഞാൻ ലോകത്തിലെ ഏതു രാജ്യത്തു പോയാലും മലയാളികൾ എന്നെ കണ്ടാൽ ആദ്യം ചോദിക്കുന്നത് ‘ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ടോ ?’ എന്നായിരിക്കും. അദ്ദേഹം എന്റെ അയൽവാസിയും കുടുംബ സുഹൃത്തുമാണെന്ന് പറയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന അത്ഭുതവും മന്ദഹാസവും എന്നെ ആഹ്ലാദിപ്പിക്കാറുണ്ട്.
അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഞാൻ പഠിച്ചത് ഉമ്മൻ ചാണ്ടി സാറിന്റെ പിതാവിന്റെ സ്കൂളിലാണ്. എന്റെ വീട്ടിൽനിന്നു കൊണ്ടുപോകുന്ന പൊതിച്ചോറ് അദ്ദേഹത്തിന്റെ വീട്ടിലിരുന്നാണ് ഞാൻ കഴിച്ചിരുന്നത്. ബേബിയമ്മച്ചി സ്നേഹപൂർവം രുചികരമായ കറികൾ എന്റെ പൊതിച്ചോറിൽ ഇടുമായിരുന്നു.
ഞാൻ വൈദികപട്ടമേറ്റ ദിവസം ബേബിയമ്മച്ചിയും അതിൽ സംബന്ധിച്ചിരുന്നു. എന്റെ അമ്മയെ ഉമ്മൻ ചാണ്ടി സാറിന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എപ്പോൾ കണ്ടാലും ‘സുഖമാണോ ?’ എന്ന ഉമ്മൻ ചാണ്ടി സാറിന്റെ കുശലാന്വേഷണവും ഭംഗിയുള്ള ചിരിയും എന്റെ ഓർമയിൽനിന്നു മായുന്നില്ല.
ഏറ്റവും ഒടുവിൽ ഞാൻ ഉമ്മൻ ചാണ്ടി സാറിനെ വിളിക്കുന്നത് അദ്ദേഹം കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ്. ഡ്രൈവറാണ് ഫോൺ എടുത്തത്. അന്ന് ഉമ്മൻ ചാണ്ടി സാർ ഫോണിലൂടെ കുറെ നേരം എന്നോട് സംസാരിച്ചു. ഇനി കൊച്ചിയിൽ വരുമ്പോൾ നേരിൽ കാണാം എന്നു പറഞ്ഞു.
കൊച്ചിയിലെ എന്റെ വീട്ടുപേരും ‘പുതുപ്പള്ളി’ എന്നാക്കി ഞാൻ മാറ്റി. എന്റെയും, എന്റെ മക്കളുടെയും, സാലിയുടെയും പേരിനൊപ്പവും ‘പുതുപ്പള്ളി’ എന്ന പേരുണ്ട്. ജൂലൈ 18 ഉമ്മൻ ചാണ്ടി സാർ നമ്മെ വിട്ടുപോയിട്ട് മൂന്നു വർഷം തികയുന്നു. ആ നല്ല മനസിനു മുമ്പിൽ ഹൃദയപൂർവം സ്നേഹാദരങ്ങൾ നേരുന്നു.

Comments are closed.