ജനീവ: യുക്രെയ്നെതിരെയുള്ള ക്രൂരമായ സായുധ അധിനിവേശം റഷ്യ ഉടനടി അവസാനിപ്പിക്കണമെന്ന് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC) ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളേ ആവശ്യപ്പെട്ടു. അടുത്തിടെ യുക്രെയ്നിലെ ജനവാസ മേഖലകൾക്ക് നേരെ റഷ്യ നടത്തിയ വിനാശകരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു.
അറുനൂറ്റി എൺപതിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ഈ വൻ ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെടുകയും മുപ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഈ ആക്രമണം മനുഷ്യത്വരഹിതമാണെന്ന് ഡബ്ല്യു.സി.സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ആക്രമണത്തിൽ നിരവധി പാർപ്പിട സമുച്ചയങ്ങൾ തകരുകയും ആയിരത്തിലധികം വർഷം പഴക്കമുള്ള യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കീവ് പെചെർസ്ക് ലാവ്റയിലെ പ്രധാന കത്തീഡ്രലിന് (ഡോർമിഷിൻ കത്തീഡ്രൽ) ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സാംസ്കാരികവും ആത്മീയവുമായ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്നിട്ടുണ്ട്.

Comments are closed.