വാഷിംഗ്‌ടൺ : ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ കാരണം പത്ത് ലക്ഷത്തിലധികം അമേരിക്കൻ പൗരന്മാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ നഷ്ടപ്പെട്ടേക്കാമെന്ന് ഇവാഞ്ചലിക്കൽ സംഘടനകളുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസും വേൾഡ് റിലീഫും ചേർന്ന് പുറത്തിറക്കിയ “ജോയിൻഡ് ടുഗെതർ, ടോൺ അപ്പാർട്” എന്ന റിപ്പോർട്ട് പ്രകാരം, പ്രതിവർഷം 10 ലക്ഷം പേരെ നാടുകടത്തുമെന്ന വാഗ്ദാനം നടപ്പിലായാൽ അത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഏകദേശം 9,10,000 അമേരിക്കൻ പൗരന്മാരായ കുട്ടികൾക്ക് അവരുടെ ഒന്നോ രണ്ടോ മാതാപിതാക്കളെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതിൽ 6,65,000 കുട്ടികൾക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. ഈ കൂട്ടനാടുകടത്തൽ നടപടികൾ അമേരിക്കൻ സമൂഹത്തിൽ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. നാടുകടത്തപ്പെടുന്നവരിൽ അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്നവരും താൽക്കാലിക സംരക്ഷണമുള്ളവരും ഉൾപ്പെടാമെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 5,19,000 അമേരിക്കൻ കുട്ടികൾക്ക് തങ്ങൾക്കൊപ്പം താമസിക്കാൻ മറ്റ് കുടുംബാംഗങ്ങൾ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Comments are closed.