വാഷിംഗ്ടൺ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദൈവത്തിന് പകരമായി മാറുമോ എന്ന് ഭൂരിഭാഗം ക്രൈസ്തവരും പാസ്റ്റർമാരും ആശങ്കപ്പെടുന്നുണ്ടെങ്കിലും, ദൈനംദിന ജീവിതത്തിൽ അവർ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നതായി പ്രമുഖ ക്രിസ്ത്യൻ ഗവേഷണ സ്ഥാപനമായ ‘ബാർണ ഗ്രൂപ്പ്’ പുറത്തുവിട്ട പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘ഗ്ലൂ’ എന്ന സംഘടനയുമായി സഹകരിച്ച് അമേരിക്കയിൽ നടത്തിയ സർവേയിലാണ് കൗതുകകരമായ ഈ വിവരങ്ങളുള്ളത്.
തങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി എഐ-യെ വിശ്വസിക്കാമെന്ന് 48 ശതമാനം ക്രൈസ്തവർ അഭിപ്രായപ്പെട്ടപ്പോൾ, സാമ്പത്തിക ഭദ്രത കൈവരിക്കാൻ 61 ശതമാനം പേരും ശാരീരിക-മാനസിക ആരോഗ്യത്തിന് 56 ശതമാനം പേരും ഈ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താനും, അർത്ഥവത്തായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും എഐ സഹായിക്കുമെന്ന് പകുതിയിലധികം പേർ വിശ്വസിക്കുന്നു. സാധാരണക്കാരായ വിശ്വാസികൾക്ക് പാസ്റ്റർമാരേക്കാൾ കൂടുതൽ വിശ്വാസം എഐ-യിലുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തുന്നത്.
എങ്കിലും, വിശ്വാസപരമായ കാര്യങ്ങളിൽ എഐ സ്വാധീനം ചെലുത്തുന്നതിൽ ഇവർക്ക് കടുത്ത ആശങ്കയുമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിശുദ്ധ ഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമെന്ന് 83 ശതമാനം വിശ്വാസികളും 94 ശതമാനം പാസ്റ്റർമാരും ഭയപ്പെടുന്നു. കൂടാതെ, എഐ തങ്ങൾക്ക് പകരമാവുമെന്ന ആശങ്ക 63 ശതമാനം പാസ്റ്റർമാർ പങ്കുവെച്ചപ്പോൾ, എഐ കാരണം മനുഷ്യർക്ക് വിശ്വാസം നഷ്ടപ്പെട്ടേക്കുമെന്ന് 73 ശതമാനം സാധാരണ വിശ്വാസികളും ആശങ്കപ്പെടുന്നു.

Comments are closed.