പ്രവാചകന്മാരെ കല്ലെറിയുമ്പോൾ

സജി വർഗീസ് മണിയാർ

0 221

അർബുദ ചികിത്സ തുടരുന്നതിനിടെ 1973 സെപ്റ്റംബർ 23നാണ് വിശ്വ വിഖ്യാതനായ എഴുത്തുകാരൻ പാബ്ലോ നെരൂദ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ ഉണ്ടായിരുന്നു എന്നാണ് പുതിയ ഫൊറെൻസിക് പരിശോധനാഫലം വെളിപ്പെടുത്തുന്നത്. വിപ്ലവവും പ്രണയവും വിരഹവും വിഷാദവും ഒക്കെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ നുരഞ്ഞു പൊന്തി. ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ തൂലിക പടവാളാക്കിയപ്പോൾ ഏകാധിപതിയായ അഗസ്റ്റോ പിനൊഷെ ഉൾപ്പെടെയുള്ള വമ്പന്മാർ അദ്ദേഹത്തിന്റെ ശത്രുക്കളായിതീരുകയും; പിൽക്കാലത്ത് ഭരണകൂടത്തിന്റെ സഹായത്തോടെ കവിയെ വകവരുത്തിയതാണ് എന്ന വാദം അന്നേ രൂപപ്പെട്ടിരുന്നു. ആ വാദം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. കവികളും എഴുത്തുകാരും ദൈവത്തിന്റെ കൈയ്യൊപ്പ് ഹൃദയത്തിലുള്ള പ്രവാചകന്മാരാണ്. അവർ കാലത്തിന് മുമ്പേ നടക്കുന്നവരാണ്. തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ കാവലാളാണ് ഓരോ എഴുത്തുകാരനും. സമൂഹത്തിലെ ധർമ്മഗ്ലാനിക്കെതിരെ തൂലിക പടവാൾ ആക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ് അവർ. അനീതിക്കെതിരെ ശബ്‌ദിച്ച ഗോവിന്ദ് പൻസാരെയും, എം. എം കൽബുർഗ്ഗിയും ഒക്കെ സമകാലിക ഭാരതത്തിൽ കൊല്ലപ്പെട്ട എഴുത്തുകാരാണ്. മറ്റ് പലർക്കും വധ ഭീഷണി നിലവിൽ ഉണ്ടുതാനും. ഭരണകൂട അഴിമതിക്കെതിരെ ശബ്ദിച്ച പ്രവാചകന്മാരെ മിണ്ടാതാക്കിയതായി ബൈബിളിലും നാം വായിക്കുന്നു. യേശു ഒരിക്കൽ ചോദിച്ചു \’നിങ്ങൾ ഏത് പ്രവാചകന്മാരെയാണ് കല്ലെറിയാതിരുന്നിട്ടുള്ളത്?\’ ശരിയായ പ്രവാചക ദൗത്യം ഏറ്റെടുത്തിട്ടുള്ള എല്ലാ വ്യക്തികൾക്കും ഭരണ കൂടത്തിന്റെ ഭാഗത്തുനിന്നും, പ്രതിലോമ ശക്തികളുടെ ഭാഗത്തുനിന്നും എതിർപ്പും ഉപദ്രവവും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവർ സ്വന്ത ജീവിനെപ്പോലും തൃണവൽഗണിച്ചുകൊണ്ട് ദൈവം അവരെ ഏൽപിപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് നിവർത്തിക്കുകയായിരുന്നു. ഇത്തരക്കാർ എക്കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും.

Leave A Reply

Your email address will not be published.