ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ ദിവസവും നിരവധി കേസുകളാണ് ഓരോ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്യുന്നത്. യൂട്യൂബിൽ ലൈക്ക് ചെയ്താൽ, ചില പോസ്റ്റുകൾ ഷെയർ ചെയ്താൽ പണം തരും എന്നൊക്കെയാണ് വാഗ്ദാനങ്ങൾ. അതിന് പല തവണയായി രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ പണവും വാങ്ങും. ആദ്യമാദ്യം അവർ പ്രതിഫലം തരും. പിന്നെ പിന്നെ അങ്ങോട്ട് വാങ്ങുന്ന തുക കൂടുകയും ഇങ്ങോട്ട് കിട്ടുന്നത് കുറയുകയും പതിയെ ഇല്ലാതാവുകയും ചെയ്യും. അപ്പോഴേക്കും പതിനായിരങ്ങളോ ലക്ഷങ്ങളോ അവർ കൈക്കലാക്കിയിരിക്കും.
ഈ തട്ടിപ്പുകൾ എല്ലാം വിജയിക്കുന്നതിൻ്റെ പ്രധാന കാരണം കുറുക്കു വഴിയിലൂടെയോ അധ്വാനിക്കാതെയോ പണം ഉണ്ടാക്കുവാനുള്ള നമ്മുടെ പണക്കൊതിയാണ്. “ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും കാരണം ആകുന്നു” എന്ന് ബൈബിൾ പറയുന്നു. ഇങ്ങനെ ദ്രവ്യാഗ്രഹം ഉള്ളിൽ കയറി ജീവിതത്തിൽ പരാജയപ്പെട്ട ഒരു ബൈബിൾ കഥാപാത്രമാണ് പ്രവാചക ശിഷ്യനായ ഗേഹസി.
നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പണം, സമ്പത്ത് ആവശ്യമാണ്. എന്നാല് ഏത് കുറുക്കു വഴിയിലൂടെയും പണം ഉണ്ടാക്കണം എന്ന ചിന്ത അത്യാപൽക്കരമാണ്. നമ്മൾ അധ്വാനിച്ച് ജീവിക്കണം എന്ന് തന്നെയാണു ബൈബിൾ പഠിപ്പിക്കുന്നത്. ദൈവത്തേക്കാൾ ഉപരി പണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ആത്മീയ ലോകത്തും ഇന്ന് കുറവല്ല. എന്നാൽ കൂടുതൽ പണം നേടിയാൽ ജീവിതം കൂടുതൽ സന്തോഷകരമാകും എന്ന ചിന്ത തികച്ചും തെറ്റാണ്. പണത്തിനല്ല, ദൈവത്തിനും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനുമാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. പണത്തിനുമാത്രം പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോയാൽ, എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ചിന്ത നമ്മെ ഭരിച്ചു മുന്നോട്ടു കൊണ്ടുപോയാൽ, അതിൻറെ അവസാനം സർവ്വനാശമായിരിക്കും. 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദായുടെ ചരിത്രം നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ. മാന്യമായ രീതിയിൽ മാത്രം പണം സമ്പാദിക്കുകയും മാന്യമായ രീതിയിൽ മാത്രം അത് ചെലവഴിക്കുകയും ചെയ്ത് നമുക്കുള്ള പണം ദൈവരാജ്യ വിപുലീകരണത്തിനും നമ്മുടെ അയൽക്കാരുടെ സന്തോഷത്തിനും നമ്മുടെ മാന്യമായ ജീവിതത്തിനും ഒക്കെ മാറ്റിവെച്ചുകൊണ്ട് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. ദ്രവ്യാഗ്രഹത്തെ ഹൃദയത്തിൽ നിന്ന് എടുത്തു കളയാം. അല്ലെങ്കിൽ ഇനിയും നമ്മളിൽ പലരും ചതിക്കുഴികളിൽ വീണുകൊണ്ടെയിരിക്കും.