Ultimate magazine theme for WordPress.

യു‌പിയില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്കു നേരെ അക്രമം

വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ലക്നൌവില്‍ നിന്നും 315 കിലോമീറ്റര്‍ അകലെയുള്ള മാവു ജില്ലയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് അമ്പതോളം ക്രിസ്ത്യാനികള്‍ തീവ്രഹിന്ദുത്വവാദി സംഘടനകളായ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും അപമാനത്തിനിരയായി.

പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ചു ക്രിസ്ത്യാനികളെ അവഹേളിക്കുകയും വചനപ്രഘോഷകനും, 3 സ്ത്രീകളും ഉള്‍പ്പെടെ 7 പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കുവാന്‍ ജാർഖണ്ഡിലേക്ക് പോകുവാനായി വാരണാസിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്നി മിഞ്ചിനേയും അവരെ അനുഗമിച്ച സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്റോയും ഹിന്ദുത്വവാദികളുടെ അതിക്രമത്തിന് ഇരയായി.

ബസ് ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ ഇവരും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ അംഗങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയെന്ന്‍ ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളല്ലെന്ന് ക്രിസ്ത്യന്‍ നേതാവായ വിജേന്ദ്ര രാജ്ബാര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തി. ഉച്ചക്ക് 12.30 ഓടെ സ്റ്റേഷനില്‍ കൊണ്ടുപോയവരെ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നു രാത്രി 6 മണിയോടെയാണ് മോചിപ്പിച്ചത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താനിനിയും മോചിതയായിട്ടില്ലെന്നു മിര്‍പുര്‍ കാത്തലിക് മിഷനില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മോണ്ടെയ്റോ പറഞ്ഞു. ഉത്തര്‍പ്രദേശ്‌ നിയമസഭ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വവും, അക്രമികളെ സഹായിക്കുന്ന സമീപനവും ഹിന്ദുത്വവാദികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന്‍ പാറ്റ്സി ഡേവിഡ് പറഞ്ഞു. ആഗോള ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

Leave A Reply

Your email address will not be published.